തിരുവനന്തപുരം: കേന്ദ്രാനുമതി ലഭിക്കാൻ വൈകിയതിനെ തുടർന്ന് മന്ത്രി സജി ചെറിയാന്റെ യുഎഇ സന്ദർശനം മുടങ്ങി. മലയാളം മിഷന്റെ നേതൃത്വത്തിൽ യുഎഇയിലെ രണ്ട് നഗരങ്ങളിൽ വ്യാഴാഴ്ച രാവിലെയും വൈകുന്നേരവുമായി നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് ബുധനാഴ്ച പോകാനാണ് മന്ത്രി തീരുമാനിച്ചിരുന്നത്.
നേരത്തെ തന്നെ ടിക്കറ്റ് എടുത്ത അദ്ദേഹം ബുധനാഴ്ച വിമാനത്താവളത്തിൽ എത്തിയെങ്കിലും അവസാന നിമിഷവും കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ മടങ്ങുകയായിരുന്നു. എന്നാൽ പിന്നീട് വൈകിട്ട് അഞ്ചരയോടെ കേന്ദ്രം അനുമതി നൽകിയതായി അറിയിപ്പ് മന്ത്രിക്ക് ലഭിച്ചു.
Also Read- ഗോ ഫസ്റ്റ് സർവീസ് നിർത്തിയതോടെ കണ്ണൂർ വിമാനത്താവളം പ്രതിസന്ധിയിൽ
എന്നാൽ വ്യാഴാഴ്ച നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് പോകാനുള്ള അവസാന വിമാനത്തിന്റെ സമയത്തിനുശേഷമാണ് അനുമതി ലഭിച്ചത്. ഈ സാഹചര്യത്തിൽ യാത്ര റദ്ദാക്കുകയായിരുന്നു.
അതേസമയം, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിക്കായി മന്ത്രി അപേക്ഷിക്കേണ്ടത് വൈകിയതുമൂലമാണ് അനുമതി വൈകാൻ കാരണമെന്നാണ് വിവരം.
Also Read- തിരുവനന്തപുരത്ത് വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു
അബുദാബി നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കേന്ദ്രം നേരത്തെ അനുമതി നിഷേധിച്ചിരുന്നു. യുഎസ്, ക്യൂബ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് മുഖ്യമന്ത്രിയും സംഘവും കേന്ദ്രാനുമതിക്ക് അപേക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Minister Saji Cherian, UAE Visit