കോളേജ് കൗൺസിലറായി ജയിച്ച പെൺകുട്ടിക്കുപകരം എസ്എഫ്ഐ നേതാവിനെ നാമനിർദേശം ചെയ്തു; പെൺകുട്ടി രാജിവെച്ചതിനാലെന്ന് പ്രിൻസിപ്പൽ
- Published by:Rajesh V
- news18-malayalam
Last Updated:
കോളേജ് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്എഫ്ഐ നേതാവിന്റെ പേരാണ് ജയിച്ച പെൺകുട്ടിക്ക് പകരം ലിസ്റ്റിൽ ഉൾപ്പെടുത്തിയത്
തിരുവനന്തപുരം: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച പെൺകുട്ടിക്കുപകരം സംഘടനാനേതാവായ ആൺകുട്ടിയെ നാമനിർദേശം ചെയ്തത് വിവാദമായി. സർവകലാശാല യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി നേതാവിനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആൾമാറാട്ടമെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
കേരള യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കാട്ടാക്കട ക്രിസ്ത്യൻ കോളജിലാണ് സംഭവം. ഡിസംബർ 12നാണ് ഇവിടെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടന്നത്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) സ്ഥാനത്തേക്ക് എസ്എഫ്ഐ പാനലിലെ ആരോമലും അനഘയുമാണ് ജയിച്ചത്.
എന്നാൽ, കൗൺസിലർമാരുടെ പേരുകൾ കോളജിൽനിന്ന് യൂണിവേഴ്സിറ്റിയിലേക്ക് നൽകിയപ്പോൾ അനഘയ്ക്ക് പകരം കോളജിലെ ഒന്നാം വർഷ ബിഎസ്‍സി വിദ്യാർത്ഥി എ വിശാഖിന്റെ പേരാണ് ഉണ്ടായിരുന്നത്. എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയാണ് വിശാഖ്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വൈശാഖ് മത്സരിച്ചിരുന്നില്ലെന്നും മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
advertisement
കോളജുകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട യുയുസിമാരിൽനിന്നാണ് വോട്ടെടുപ്പിലൂടെ സർവകലാശാല യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുക്കുക. വിശാഖിനെ കേരള സർവകലാശാലാ യൂണിയൻ ചെയർമാൻ പദവിയിൽ എത്തിക്കാൻ വേണ്ടിയാണ് കോളേജ് തലത്തിൽ കൃത്രിമം കാട്ടിയതെന്നാണ് ആക്ഷേപം ഉയരുന്നത്. 26നാണ് സർവകലാശാല യൂണിയൻ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.
അതേസമയം ആള്‍മാറാട്ടത്തിന് പിന്നില്‍ സിപിഎമ്മിലെയും എസ്എഫ്ഐയിലെയും ചില നേതാക്കളുടെ സമ്മർദമാണെന്നാണ് സൂചന. യുയുസി ആയി ജയിച്ച പെൺകുട്ടി രാജിസന്നദ്ധത അറിയിച്ചതുകൊണ്ടാണു മറ്റൊരാളെ നിർദേശിച്ചതെന്നു കോളജ് പ്രിൻസിപ്പൽ ഡോ. ജി ജെ ഷൈജുവിനെ ഉദ്ധരിച്ച് മനോരമ റിപ്പോർട്ട് ചെയ്യുന്നു. നിയമപരമായി ഇങ്ങനെ ചെയ്യാൻ സാധിക്കില്ല. സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്കും കേരള യൂണിവേഴ്സിറ്റിക്കും ആൾമാറാട്ടം സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 17, 2023 6:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോളേജ് കൗൺസിലറായി ജയിച്ച പെൺകുട്ടിക്കുപകരം എസ്എഫ്ഐ നേതാവിനെ നാമനിർദേശം ചെയ്തു; പെൺകുട്ടി രാജിവെച്ചതിനാലെന്ന് പ്രിൻസിപ്പൽ