തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതിയിൽ വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന് (Shahida Kamal) അനുകൂല നിലപാടുമായി ലോകായുക്ത (Lokayukta). വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന് തെളിയിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്ത പറഞ്ഞു. കേസില്‍ പരാതിക്കാർക്ക് വിജിലൻസിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത അറിയിച്ചു.
അതേസമയം, ഷാഹിദ കമാലിനെതിരെ ലോകായുക്ത വിമർശനം ഉന്നയിച്ചു. വനിത കമ്മീഷൻ അംഗമാകുന്നത് മുമ്പ് ഷാഹിദ ചെയ്തത് പൊതുപ്രവർത്തകർക്ക് ചേരാത്ത പ്രവൃത്തിയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോൾ വ്യാജ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയത് ചൂണ്ടികാട്ടിയാണ് വിമർശനം. ഷാഹിദ കമാൽ കമ്മീഷൻ അംഗമായ ശേഷമാണ് ഡിലിറ്റ് നേടിയത്. ഇത് വ്യാജമാണെന്ന് തെളിയിക്കാൻ പരാതിക്കാർക്ക് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിദ കമാലും ലോകായുക്തയിൽ സമ്മതിച്ചിരുന്നു.
ഡോക്ടറേറ്റ് വ്യാജമെന്നായിരുന്നു ലോകായുക്തയിലെ പരാതി. തെറ്റായ വിദ്യാഭ്യാസ യോഗ്യത തെരെഞ്ഞെടുപ്പിന് നൽകിയ ഷാഹിദ കമാലിന് വനിത കമ്മീഷനംഗമായി തുടരാനാകില്ലെന്നാണ് പരാതിക്കാരിയുടെ വാദം. തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വനിതാ കമ്മീഷൻ അംഗമാകാനും വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയെന്നാണ് ലോകായുക്തക്ക് മുന്നിലെത്തിയ പരാതി.
2011 തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോള്‍ ബികോം ബിരുദമുണ്ടെന്ന് തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിദ കമാൽ സത്യവാങ്മൂലത്തിൽ സമ്മതിച്ചിരുന്നു. 2016ൽ അണ്ണാമലൈ സർവകലാശാലയിൽ നിന്നും ബിരുദവും, അതിന് ശേഷം ബിരുദാനന്ദ ബിരുദവും നേടിയെന്നും കോടതിയെ അറിയിച്ചിരുന്നു. കസാഖിസ്ഥാൻ ഓപ്പൺ സർവകലാശാലയിൽ നിന്നും ഓണററി ഡോക്ടറേറ്റുണ്ടെന്നും ഷാഹിദ കമാൽ ലോകായുക്തയെ അറിയിച്ചിരുന്നു.
വനിതാ കമ്മീഷൻ അംഗത്തിന്റെ സത്യസന്ധതയും വിശ്വാസ്യതയും തെളിയിക്കാൻ സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കാൻ കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഷാഹിദ കമാൽ കേരളത്തിൽ ചെയ്യുന്ന സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങള്‍ എങ്ങനെ കസാഖിസ്ഥാൻ സർവ്വകശാല അറിഞ്ഞുവെന്നും ലോകായുക്ത ചോദിച്ചു. കേരളത്തിലുള്ള സർവകലാശാല പ്രതിനിധി വഴിയാണ് ഡോക്ടറേറ്റ് നേടിയതെന്നായിരുന്നു ഷാഹിദയുടെ അഭിഭാഷകന്റെ മറുപടി. വിയറ്റ്നാം സർവകലാശാലയിൽ നിന്നും ഷാഹിദക്ക് ഡോക്ടറേറ്റ് ലഭിച്ചുവെന്നാണ് സാമൂഹിക നീതി വകുപ്പ് നേരത്തെ വിവരാവകാശ പ്രകാരം നൽകിയ മറുപടി. എന്നാൽ കസാഖിസ്ഥാൻ സർവ്വകലാശാലയിൽ നിന്നും ഓണററി ഡോക്ടറേറ്റ് ലഭിച്ചുവെന്ന് ഷാഹിദ അറിയിച്ചിട്ടുണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.