കൊച്ചി: സിംഗപ്പൂരിലെ ഇന്ത്യൻ വംശജയായ ആർട്ടിസ്റ്റ് ശുഭിഗി റാവുവിനെ 2020ൽ നടക്കുന്ന കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം ലക്കത്തിന്റെ ക്യൂറേറ്ററായി തെരഞ്ഞെടുത്തു. ബിനാലെ തെരഞ്ഞെടുപ്പു സമിതി വെനീസിലാണു പ്രഖ്യാപനം നടത്തിയത്. തുടർച്ചയായി രണ്ടാം തവണയാണ് ബിനാലെയ്ക്കു ക്യൂറേറ്ററായി വനിതയെ തെരഞ്ഞെടുക്കുന്നത്.
ബിനാലെ നാലാം ലക്കത്തിലെ പങ്കാളിത്ത കലാകാരിയായിരുന്നു ശുഭിഗി റാവു. പത്താമത് തായ്പേയി ബിനാലെ (2016), രണ്ടാമത് സിംഗപ്പൂർ ബിനാലെ (2008) എന്നിവയിലും ഇവർ പങ്കെടുത്തിട്ടുണ്ട്. വെനീസിലെ പലാസോ ഫ്രാഞ്ചെറ്റിയിലുള്ള ഇസ്റ്റിറ്റ്യൂട്ടോ യൂറോപ്യോ ഡി ഡിസൈനിലായിരുന്നു ക്യൂറേറ്റർ പ്രഖ്യാപനം.
Also read: സർക്കാർ ഇടപെടൽ ഫലംകണ്ടു; ദീർഘദൂര സ്വകാര്യ ബസുകളുടെ അമിത നിരക്ക് അവസാനിക്കുന്നു
എഴുത്തുകാരി കൂടിയായ ശുഭിഗി റാവു മുംബൈയിലാണ് ജനിച്ചത്. വൈവിധ്യമാർന്ന ഇൻസ്റ്റലേഷനുകളും കലാചിന്തകളുമാണ് ശുഭിഗി റാവുവിന്റെ പ്രത്യേകത. പുരാവസ്തു ശാസ്ത്രം, ന്യൂറോ സയൻസ്, ലൈബ്രറീസ്, അർക്കൈവൽ സിസ്റ്റംസ്, പരിസ്ഥിതി, പ്രകൃതി തുടങ്ങിയ വിഷയങ്ങളിലാണ് ശുഭിഗിയുടെ എഴുത്തുകൾ.
അമൃത ഝാവേരി, സുനിത ചോറാറിയ, ഗായത്രി സിൻഹ, ജിതിഷ് കല്ലാട്ട്, തസ്നീം മേഹ്ത്ത, കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റികളായ ബോസ് കൃഷ്ണമാചാരി, വി. സുനിൽ, അലക്സ് കുരുവിള തുടങ്ങിയവർ ഉൾപ്പെടുന്നതായിരുന്നു തെരഞ്ഞെടുപ്പു നിർണയസമിതി. 2020 ഡിസംബർ 12നാണ് കൊച്ചി ബിനാലെ അഞ്ചാം ലക്കത്തിന് തുടക്കമാകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Art lovers in kochi biennale, Graphics, Kochi, Kochi binale, Kochi muziriz beinnale, കലാപ്രേമികൾ, കൊച്ചി ബിനാലെ