ഗൂഢാലോചന 315ാം നമ്പർ മുറിയിൽ; ഷുക്കൂറിനെ കൈകാര്യം ചെയ്യാൻ പി ജയരാജനും ടി വി രാജേഷും നിർദേശിച്ചു
Last Updated:
വിശ്വസനീയമായ സാക്ഷി മൊഴികളുണ്ടെന്ന് സിബിഐ
യൂത്ത് ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂറിനെ പരസ്യവിചാരണ നടത്തി കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും കല്യാശ്ശേരി എംഎൽഎ ടി വി രാജേഷിനുമെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിന്റെ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നും പി ജയരാജനും ടി വി രാജേഷിനും ഗൂഢാലോചനയിൽ വ്യക്തമായ പങ്കുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. ഷുക്കൂർ വധത്തിന്റെ ഗൂഢാലോചന നടന്നത് പി ജയരാജനും ടി വി രാജേഷും ചികിത്സയിലായിരുന്ന ആശുപത്രി മുറിയിലാണെന്നാണ് സിബിഐ കുറ്റപത്രത്തിലെ പ്രധാന പരാമർശം. കൊലപാതകത്തിന് ദൃക്സാക്ഷികളുണ്ടെന്നും സിബിഐ വ്യക്തമാക്കുന്നു.
2012 ഫെബ്രുവരി 20 ന് നേതാക്കളുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായാണ് കൊലപതാകമെന്ന് പൊലീസ് നിലപാട് സി ബി ഐ യും ആവർത്തിക്കുന്നു. എന്നാൽ കൊലപാതകം നടക്കുമെന്ന് അറിഞ്ഞ് ആ വിവരം നേതാക്കൾ രഹസ്യമാക്കി വെച്ചു എന്ന പൊലീസ് അന്വേഷണത്തിലെ കണ്ടെത്തലിൽ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ കുറ്റപത്രം. ഇരുവരും ഗൂഢാലോചനയിൽ നേരിട്ട് പങ്കെടുത്തു എന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഗൂഢാലോചനയെ സംബന്ധിച്ച് രണ്ടു സാക്ഷികളുടെ മൊഴി വ്യക്തതയുള്ളതാണെന്ന് സിബിഐ പറയുന്നു. പെട്ടന്ന് ഉണ്ടായ പ്രകോപനമല്ല കൊലപാതകത്തിന് കാരണം. ആസൂത്രിതമായി ഷുക്കൂറിനെ കൊലപ്പെടുത്തുകയായിരുന്നു.
advertisement
പി ജയരാജന്റെയും ടിവി രാജേഷിന്റെയും വാഹനം ഒരു സംഘം യൂത്ത്‌ലീഗ് പ്രവർത്തകർ തടയുകയും കല്ലെറിയുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് ഇരുവരും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ആ സമയത്താണ് ഷുക്കൂറിനെയും സംഘത്തെയും സിപിഎം പ്രവർത്തകർ തടഞ്ഞു വച്ച വിവരം ആശുപത്രിയിലെ പ്രാദേശിക നേതാക്കൾക്ക് ഫോണിൽ വിവരം ലഭിക്കുന്നത്. എന്തു ചെയ്യണമെന്ന് പ്രാദേശിക നേതാക്കൾ പി ജയരാജനോടും ടിവി രാജേഷിനോടും ചോദിച്ചു. 315 ാം നമ്പർ മുറിയിൽ ഏതാനും മിനിറ്റുകൾ ചർച്ച ചെയ്ത ശേഷം അവരെ കൈകാര്യം ചെയ്യാൻ ഇരുവരും നിർദേശം നൽകി. ഈ വിവരം പ്രാദേശിക നേതാക്കൾ ഫോണിൽ കൈമാറുകയും കൃത്യം നടപ്പാക്കാനായി നേരിട്ട് സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കൊലപാതകമെന്ന് സിബിഐ പറയുന്നു.
advertisement
നേതാക്കൾക്ക് എതിരെ 120 B പ്രകാരമുള്ള ക്രിമിനൽ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 28 മുതൽ 33 വരെയുടെ പ്രതികളാണ് ആശുപത്രിയിലെ ഗൂഢാലോചനയിൽ പങ്കെടുത്തതായി കണ്ടെത്തിയിട്ടുള്ളത്. കേസിൽ 32ാം പ്രതിയാണ് പി ജയരാജൻ. ടി വി രാജേഷ് 33ാം പ്രതിയും. കൊലപാതകത്തിന് ദൃക്സാക്ഷികള്‍ ഉണ്ടെന്നും ഈ കുറ്റപത്രത്തില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 13, 2019 8:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗൂഢാലോചന 315ാം നമ്പർ മുറിയിൽ; ഷുക്കൂറിനെ കൈകാര്യം ചെയ്യാൻ പി ജയരാജനും ടി വി രാജേഷും നിർദേശിച്ചു







