കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതികള്‍ക്ക് ജാമ്യം നല്കിയ പ്രത്യേക എന്‍.ഐ.എ കോടതിയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് കേസിലെ രണ്ടാം പ്രതി ത്വാഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്. കേസിലെ ഒന്നാം പ്രതി അലന് ഷുഹൈബിന്റെ പ്രായവും വിദ്യാഭ്യാസവും അനാരോഗ്യവും പരിഗണിച്ച് ജാമ്യം റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അലന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത സാമഗ്രികളും താരതമ്യേന ഗൗരവ സ്വഭാവമില്ലാത്തവയാണ്. എന്നാല്‍ ത്വാഹയുടേത് ഇത്തരത്തില്‍ കരുതാനാവില്ല. നിരോധിത മാവോയിസ്റ്റ് സംഘടനയുമായി ഇരുവര്‍ക്കുമുള്ള അടുത്ത ബന്ധം രേഖകളില്‍ നിന്നും വ്യക്തമാണ്.
ത്വാഹ ഫസല്‍ നിരോധിത സംഘടനയായി സി.പി.എം മാവോയിസ്റ്റിന്റെ സജീവ പ്രവര്‍ത്തകനാണെന്ന് വയ്ക്തമാക്കുന്ന നിരവധി രേഖകള്‍ അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. മാവോയിസ്റ്റ് ലഘുലേഖകളുടെ 15 പകര്‍പ്പുകളാണ് ഇതില്‍ പ്രധാന. വിവിധയിടങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള രഹസ്യ ലഘുലേഖകളാണ് ഇവയെന്ന് വ്യക്തമാണ്.
Also Read
പന്തീരാങ്കാവ് യുഎപിഎ കേസ്: ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കി; ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി
കസ്ററഡിയിലെടുത്തപ്പോള്‍മാവോയസ്റ്റ് മുദ്രാവാക്യം വിളിച്ചതും വീട്ടില്‍ നിന്ന് സംഘാംങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാനുള്ള ലഘുലേഖകള്‍ പിടിച്ചെടുത്തതും ശക്തമായ തെളിവുകളാണ്. ത്വാഹയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത കാശ്മീരുമായി ബന്ധപ്പെട്ട ബാനര്‍ അതീവ ഗൗരവ സ്വഭാവമുള്ളതാണ്. ഇതിനെ കേന്ദ്രത്തിന്റെ നിയമഭേദഗതിയ്ക്കെതിരായി കേവലം പ്രതിഷേധമായി കണക്കാക്കാനാവില്ല. വിഘടനവാദത്തിനുള്ള വിത്തുപാകലാണ് ബാനറെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ അലന് ഷുഹൈബിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ തെളിവുകള്‍ക്ക് ഇത്ര ഗൗരവ സ്വഭാവമില്ലെന്ന് കോടതി വിലയിരുത്തി.
പ്രതികള്‍ രണ്ടു പേരും വീടിനു പുറത്തേക്ക് സംഘടനയുടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകുമ്പോഴും മൊബൈല്‍ ഫോണുകളും ഉപയോഗിയ്ക്കാത്തതും സംഘടനാ രീതിയാണെന്ന് ലഘുലേഖകളില്‍ നിന്ന് വ്യക്തമാണ്. ഡിജിറ്റല്‍ തെളിവുകള്‍ ലഭിയ്ക്കാതിരിയ്ക്കുകയാണ് ലക്ഷ്യം. നേരിട്ടുള്ള ഇടപെടലുകളാണ് ഇരുവരും നടത്തിയിരിയ്ക്കുന്നതെന്ന് പ്രകടമാണെന്നും കോടതി വ്യക്തമാക്കി.
പ്രതികള്‍ക്കെതിരായി കുറ്റങ്ങളില്‍ എന്‍.ഐ.എ കോടതി അമിത ലളിതവത്ക്കരണം നടത്തിയതായി കോടതി കുറ്റപ്പെടുത്തി. പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ സാക്ഷിമൊഴികള്‍ എന്നിവയില്‍ കോടതി വെള്ളം ചേര്‍ത്തതായി കരുതേണ്ടി വരും. കേസ് പരിഗണിയ്ക്കുന്നതിനിടെ എന്‍.ഐ.എ യ്ക്കെതിരായ പരാമര്‍ശങ്ങള്‍ വിമര്‍ശനങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കേസില്‍ യു.എ.പി.എ കുറ്റം നിലനില്‍ക്കില്ലെന്ന എന്‍.ഐ.എകോടതിയുടെ വിലയിരുത്തല്‍ ഹൈക്കോടതി പൂര്‍ണ്ണമായി തള്ളി. ഒരു വര്‍ഷത്തിനുള്ളില്‍ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. 2019 നവംബര്‍ ഒന്നിനാണ് നിരോധിയ്ക്കപ്പെട്ട മാവേയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. പത്തുമാസത്തെ ജയില്‍വാസത്തിനു ശേഷം സെപ്തംബറലായിരുന്നു കടുത്ത ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം നല്‍കിയത്. കേസിന്റെ വസ്തുതകള്‍ പരിശോധിയ്ക്കാതെയാണ് ജാമ്യം നല്‍കിയതെന്നാരോപിച്ചായിരുന്നു എന്‍.ഐ.എ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.