• HOME
 • »
 • NEWS
 • »
 • kerala
 • »
 • Swapna Suresh| '30 കോടി വാഗ്ദാനം ചെയ്തു, ഹരിയാനയിലോ ജയ്പൂരിലോ ഫ്ലാറ്റെടുത്ത് തരാം, ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി': സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ

Swapna Suresh| '30 കോടി വാഗ്ദാനം ചെയ്തു, ഹരിയാനയിലോ ജയ്പൂരിലോ ഫ്ലാറ്റെടുത്ത് തരാം, ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി': സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ

തെളിവുകൾ കൈമാറിയശേഷം നാടുവിടണമെന്ന് ഭീഷണിപ്പെടുത്തി

 • Share this:

  തിരുവനന്തപുരം: ഒത്തുതീർപ്പിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ട് ഒരാൾ ഭീഷണിപ്പെടുത്തിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മൂന്നു ദിവസം മുൻപുണ്ടായ അനുഭവമാണ് വെളിപ്പെടുത്തുന്നതെന്ന് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. കണ്ണൂർ സ്വദേശിയായ വിജയ് പിള്ളയാണ് സംസാരിച്ചതെന്നും ഒരാഴ്ചത്തെ സമയം തരാമെന്നും മക്കളെയും കൊണ്ട് സ്ഥലം വിടണമെന്നും ആവശ്യപ്പെട്ടു.

  മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ സംസാരിക്കുന്നത് നിര്‍ത്തണമെന്നും യുകെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നല്‍കാമെന്നും വാഗ്ദാനം ചെയ്‌തു.

  വിജയ് പിള്ള കണ്ണൂരിൽ നിന്നും നിരന്തരം വിളിച്ചു ഇന്റർവ്യൂ എടുക്കാനെന്ന് പറഞ്ഞു. അതനുസരിച്ച് ബെംഗളൂരുവിലെ ഹോട്ടലിലെത്തി. എന്നാൽ അവിടെ എത്തിയപ്പോൾ അത് സെറ്റിൽമെന്റ് സംസാരമായിരുന്നു. ഹരിയാനയിലോ ജയ്പൂരിലോ ഫ്ലാറ്റെടുത്ത് തരാമെന്നും പറഞ്ഞു. അവിടെ എല്ലാ സൗകര്യങ്ങളും ചെയ്തുതരാമെന്നും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരായ തെളിവുകള്‍ താന്‍ പറയുന്നവര്‍ക്ക് കൈമാറാനും ആവശ്യപ്പെട്ടു. 30 കോടി രൂപ തരാമെന്നും വാഗ്ദാനമുണ്ടായി- സ്വപ്ന പറഞ്ഞു. ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും സത്യം പുറത്തുവരുന്നതുവരെ പോരാടുമെന്നും സ്വപ്ന പറഞ്ഞു.

  ഈ ആവശ്യങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ തന്നെ കൊന്നുകളയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞതായി വിജയ് പിള്ള തന്നോട് പറഞ്ഞതായും സ്വപ്ന പറയുന്നു. ഒരു മാസത്തിനകം രാജ്യം വിട്ടുപോകാനുള്ള സൗകര്യങ്ങളൊരുക്കിത്തരാമെന്ന് ഇയാള്‍ വ്യക്തമാക്കിയതായും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു. വിജയ് പിള്ളയുടെ ചിത്രം അടക്കമുള്ള തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഉടനെ കൈമാറും. ഇ ഡിയുടെ അന്വേഷണത്തില്‍ സത്യം പുറത്ത് വരുമെന്ന് താന്‍ വിശ്വസിക്കുന്നതായും സ്വപ്‌ന പറഞ്ഞു.

  സ്വർണക്കള്ളക്കടത്തുകാരി എന്നാണ് താൻ അറിയപ്പെടുന്നതെന്നും ഇതിലൊന്നും പങ്കാളിയല്ലാതിരുന്നിട്ടും അതിൽ പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യയും മകളും പല കാര്യങ്ങൾക്കും വേണ്ടി എന്നെ ഉപയോഗിക്കുകയായിരുന്നു. തുടർന്ന് എന്നെ ജയിലിൽ അടച്ചു. ജയിലിൽ വച്ചുതന്നെ തുറന്നു പറയാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല. ശിവശങ്കർ ഉൾപ്പെടെയുള്ളവരുടെ കള്ളത്തരം ഉൾപ്പെടെ തിരിച്ചറിഞ്ഞതോടെയാണ് പ്രതികരിക്കാൻ തുടങ്ങിയതെന്നും സ്വപ്ന പറഞ്ഞു.

  കൂടുതൽ വിശദീകരണവുമായി വൈകുന്നേരം  ലൈവ് വരുമെന്ന് സ്വപ്ന നേരത്തെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. സാധാരണ ഫേസ്‌ബുക്കിൽ ഇംഗ്ലീഷിൽ മാത്രം പോസ്റ്റ്‌ ചെയ്യുന്ന സ്വപ്ന ഇന്ന് മലയാളത്തിൽ മാത്രമാണ് ഈ പോസ്റ്റ്‌ ചെയ്തത്. ഉച്ചയ്ക്ക് 12.10നാണ് പോസ്റ്റ് ഇട്ടത്.

  “സ്വർണ്ണ കടത്ത് കേസിൽ ഒത്ത് തീർപ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും” സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു. സ്വർണക്കടത്ത് കേസിൽ വിവിധ ഏജൻസികളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൂടുതൽ വിവരങ്ങളൊന്നും തന്നെ സ്വപ്നാ സുരേഷ് പങ്കുവെച്ചിരിക്കുന്നത്.

  സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതിയാണ് സ്വപ്നാ സുരേഷ്.  സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തുവരികയാണ്.

  ലൈഫ് മിഷന്‍ അഴിമതി കേസില്‍‌ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തതിരുന്നു.  കേസില്‍ ശിവങ്കറിന് കോഴപണം ലഭിച്ചിരുന്നുവെന്ന് സ്വപ്ന മുന്‍പ് മൊഴി നല്‍കിയിരുന്നു. സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്ന് ഒരുകോടി രൂപയോളം വിവിധ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇത് ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നാണ് ഇ.ഡിയുടെ നിഗമനം.

  Published by:Rajesh V
  First published: