ടോറസ് വീണ്ടും വില്ലനായി; ഇരു ചക്രവാഹനത്തിലിടിച്ച് ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു; മൂന്ന് ദിവസത്തിനിടെ മരണം നാല്
- Published by:Anuraj GR
- news18-malayalam
Last Updated:
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ നീരേറ്റുപുറം ക്ഷേത്രത്തിനു സമീപമുള്ള പെട്രോൾ പമ്പിനടുത്തുണ്ടായ അപകടത്തിലാണ് ബാങ്ക് ഉദ്യോഗസ്ഥ മരിച്ചത്
ആലപ്പുഴ: നിരത്തിൽ മരണം വിതച്ച് വീണ്ടും ടോറസ് അപകടം. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ നീരേറ്റുപുറം ക്ഷേത്രത്തിനു സമീപമുള്ള പെട്രോൾ പമ്പിന് സമീപത്തുണ്ടായ അപകടത്തിൽ ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു. അമിതവേഗത്തിലെത്തിയ ടോറസ് സ്കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്. എടത്വാ ചങ്ങങ്കരി മുരളീസദനത്തിൽ മുരളിധരൻ നായരുടെ മകൾ മഞ്ജുമോൾ എം (42) ആണ് മരണപെട്ടത്.
പൊടിയാടി സ്വകാര്യ ബാങ്കിൽ അകൗണ്ടന്‍റായി ജോലി നോക്കുന്ന മഞ്ജുമോൾ രാവിലെ ഓഫീസിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. ടോറസ് സ്കൂട്ടറിൽ ഇടിച്ചതോടെ മഞ്ജുമോൾ ടോറസിന്‍റെ പിൻ വീലിനടിയിൽ പെടുകയായിരുന്നു. തലയിലൂടെ വീൽ കയറിയിറങ്ങിയ യുവതി തൽക്ഷണം മരിച്ചു.
എടത്വാ പോലീസ് മേൽ നടപടി സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. മാതാവ്: ഓമന. ചമ്പക്കുളം പോരുക്കര സ്കൂളിൽ പഠിക്കുന്ന ഒൻപതാം ക്ലാസ്റ്റ് വിദ്യാർഥി ദേവിക ഏക മകളാണ്.
അതിനിടെ അപകടമുണ്ടാക്കിയ ടോറസിന് ഒപ്പമെത്തിയ നാലു ടിപ്പര്‍ ലോറികള്‍ക്ക് കടന്നുപോകാൻ പൊലീസ് സൗകര്യമൊരുക്കിയതിൽ നാട്ടുകാർ പ്രതിഷേധിച്ചു. പ്രതിഷേധിച്ച ഇരുചക്രവാഹനക്കാരുടെ താക്കോല്‍ പൊലീസ് ഊരിയെടുക്കുകയായിരുന്നു. എസ്‌ഐയെ യാത്രക്കാരും നാട്ടുകാരും തടഞ്ഞുവെച്ചു.
advertisement
തുടർക്കഥയാകുന്ന ടോറസ് അപകടങ്ങൾ
സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മൂന്ന് ടോറസ് അപകടങ്ങളിലായി നാലുപേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടിയില്‍ ബൈക്കിൽ ടോറസ് ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. നടം ചകിരിപ്പാടം ഷൈനി സാം (48) ആണ് മരിച്ചത്. കെ.കെ. റോഡില്‍ പാമ്പാടി എട്ടാംമൈല്‍ ജങ്ഷനില്‍ ഉച്ചയ്ക്ക് 12.30-ഓടെ ആയിരുന്നു അപകടം. പിന്നിൽ നിന്നെത്തിയ ടോറസ് ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.
കൊച്ചി ചേരാനല്ലൂരിൽ ദേശീയപാതയിൽ 3 ഇരുചക്ര വാഹനങ്ങൾക്കു മുകളിലൂടെ ടോറസ് ലോറി പാഞ്ഞുകയറി രണ്ടു പേർ മരിച്ചത് ജനുവരി ഒമ്പതിന് രാവിലെയായിരുന്നു. ഫ്ലക്സ് പ്രിന്റിങ് സ്ഥാപനത്തിലെ ജോലിക്കാരൻ പറവൂർ മന്നം കുര്യാപറമ്പിൽ ഷംസുവിന്റെ മകൻ നസീബ് (38), എറണാകുളം അമൃത ആശുപത്രിയിലെ നഴ്സ് പാനായിക്കുളം ചിറയം അറയ്ക്കൽ വീട്ടിൽ ആന്റണിയുടെ ഭാര്യ ലിസ ആന്റണി (38) എന്നിവരാണ് മരിച്ചത്. ഇരുവരും ജോലി സ്ഥലത്തേക്ക് പോകുമ്പോൾ രാവിലെ 10.15നായിരുന്നു അപകടം.
advertisement
സ്കൂൾ സമയം കണക്കിലെടുത്ത് രാവിലെ എട്ടു മുതൽ 11 വരെയും വൈകീട്ട് നാലു മുതൽ ആറു വരെയുമാണ് ടോറസ്-ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പല സ്ഥലങ്ങളിലും ഇത് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പിക്കാൻ പൊലീസ്, മോട്ടോർ വാഹനവകുപ്പ് അധികൃതർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. കൂടുതൽ ട്രിപ്പുകൾ ഓടി കൂടുതൽ കാശ് വാങ്ങുന്നതിന് വേണ്ടിയാണ് ടിപ്പർ ലോറി ഡ്രൈവർമാർ അമിത വേഗത്തിൽ ഓടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
January 12, 2023 3:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ടോറസ് വീണ്ടും വില്ലനായി; ഇരു ചക്രവാഹനത്തിലിടിച്ച് ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു; മൂന്ന് ദിവസത്തിനിടെ മരണം നാല്