തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ജില്ലകളില്‍ ചൂടു കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില മൂന്നു ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇന്നും നാളെയും ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്.
സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചതോടെ സര്‍ക്കാരും ആരോഗ്യവകുപ്പും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പകല്‍ 12 മണി മുതല്‍ മൂന്ന് മണി വരെ പുറം സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്നും, ചൂട് നേരിട്ട് ഏല്ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ചൂട് വര്‍ദ്ധിച്ചതോടെ സൂര്യാഘാതം പോലെയുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ട്.
മാര്‍ച്ച് രണ്ടിന് കോട്ടയത്ത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു. പകല്‍ സമയത്ത് 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് കോട്ടയത്തെ താപനില. മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയിരുന്ന ജില്ല പാലക്കാട് ആയിരുന്നു. എന്നാല്‍ ഇത്തവണ പാലക്കാട് ജില്ലയിലേക്കാള്‍ കൂടുതല്‍ ചൂടാണ് കോട്ടയത്ത് രേഖപ്പെടുത്തുന്നത്.
Also Read-സൂക്ഷിക്കുക; കേരളത്തിൽ താപനില ഉയരുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആറ് വര്‍ഷം മുന്‍പ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 38.5 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 36 ഡിഗ്രിക്ക് മുകളില്‍ ചൂട് രേഖപ്പെടുത്തിയിരുന്നു. മാര്‍ച്ച് ആദ്യം തന്നെ ഇത്രയധികം ചൂട് രേഖപ്പെടുത്തിതിനാല്‍ ഏപ്രില്‍ മാസത്തില്‍ ഇതിലും ഉയര്‍ന്ന ചൂട് കോട്ടയത്ത് രേഖപ്പെടുത്തിയേക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
മാര്‍ഗനിര്‍ദേശങ്ങള്‍
പൊതുജനങ്ങള്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം എല്ക്കുന്നത് ഒഴിവാക്കുക.
നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
ORS, ലെസ്സി, ബട്ടര്‍ മില്‍ക്ക്, നാരങ്ങാ വെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.
അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തേക്ക് ഇറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
നിര്‍മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങി പുറം വാതില്‍ ജോലിയില്‍ ഏര്‍പ്പെടുന്നവരും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവരും ജോലി സമയം ക്രമീകരിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം.
മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക.
അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
സൂര്യാഘാതമേറ്റ ആളുകളെ ശ്രദ്ധയില്‍ പെട്ടാല്‍ അവരെ കട്ടിലിലോ തറയിലോ കിടത്തി ഫാന്‍ ഉപയോഗിച്ചോ വിശറി കൊണ്ട് വീശിയോ കാറ്റ് ലഭ്യമാക്കുക, നനഞ്ഞ തുണി കൊണ്ട് ശരീരം തുടക്കുക, വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും കൊടുക്കുക തുടങ്ങി ശരീരം തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. ഉടനെ വൈദ്യസഹായവും എത്തിക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.