കോടികളുടെ കുടിശിക വരുത്തിയതിന് തിരുവല്ല ബിലിവേഴ്സ് ചർച്ച് ആശുപത്രിക്ക് കെഎസ്ഇബിയുടെ ഷോർട്ട് അസസ്മെന്റ് ബില്ല്.
വൈദ്യുതി ബോർഡ് നേരത്തെ നൽകിയിട്ടുള്ള ബില്ലുകളിൽ താരിഫ് തെറ്റായി കണക്കാക്കിയതിനെ തുടർന്നാണ് 9 കോടി 90 ലക്ഷത്തിൽ അധികം തുകയുടെ കുടിശിക വന്നത്. കോടികളുടെ വരുമാന നഷ്ടത്തിന് വഴിവച്ചത് ബോർഡിലെ ഉന്നതരുടെ ഒത്തുകളിയാണെന്ന ആക്ഷേപവും ശക്തമാണ്. വീഴ്ച വരുത്തിയവർക്കെതിരെ വിശദമായ അന്വേഷണത്തിനുശേഷം നടപടി ഉറപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ന്യൂസ് 18നോട് പ്രതികരിച്ചു.
EHT അഥവാ എക്സ്ട്രാ ഹൈടെൻഷൻ കണക്ഷൻ ആണ് ബിലിവേഴ്സ് ആശുപത്രിയിലേക്ക് വൈദ്യുതി ബോർഡ് നൽകിയിരിക്കുന്നത്. വൈദ്യുതി ഭവൻ ആസ്ഥാനത്ത് ട്രാൻസ്മിഷൻ ചുമതലയുള്ള ചിഫ് എൻജിനീയറാണ് ഉയർന്ന ശ്രേണിയിലുള്ള EHT കണക്ഷൻ ബിലിവേഴ്സ് ആശുപത്രിക്ക് അനുവദിച്ചത്. എന്നാൽ ഹൈടെൻഷൻ വിഭാഗത്തിൽപ്പെട്ട താരിഫ് ആണ് ആശുപത്രിയുടെ ബില്ലിൽ ഉൾപ്പെടുത്തിയിരുന്നത്.
ഇങ്ങനെ താരിഫ് രേഖപ്പെടുത്തിയതിലെ പിഴവുമൂലം ഒമ്പത് കോടി തൊണ്ണൂറു ലക്ഷത്തി എഴുപത്തിനാലായിരത്തി നാനൂറ്റി നാൽപത്തിയഞ്ച് രൂപയുടെ കുറവ് കണ്ടെത്തിയതിനാൽ ആണ് അധിക ബിൽ കൈമാറിയത്. പട്ടം വൈദ്യുതി ഭവനിലെ സ്പെഷ്യൽ ഓഫീസർ- റവന്യൂ തയ്യാറാക്കിയ ഷോർട്ട് അസ്സസ് മെൻറ് ബില്ലാണ് ബിലിവേഴ്സ് ആശുപത്രിക്ക് നൽകിയിരിക്കുന്നത് . ഏകദേശം 10കോടി രൂപയുടെ പിഴവ് എങ്ങനെ വന്നു എന്നതാണ് വിവാദമാകുന്നത്. കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചു.
നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ബിലീവേഴ്സ് മെഡിക്കൽ കോളേജ് മാനേജ്മെൻറ് Consumer Grievance Redressal Forum (CGRF) -ൽ പരാതി നൽകിയിരിക്കുകയാണ്. ഇതിന്മേൽ തീർപ്പുണ്ടാകുന്നതു വരെ ബില്ല് അടയ്ക്കുകയോ, കുടിശിക ഇനത്തിൽ ബോർഡിന് പണം നൽകുകയോ വേണ്ട എന്ന സ്ഥിതിയാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Believers church, Kseb, KSEB Bill