ഗദ്ദിക 2025: ഗോത്രകലകളും പരമ്പരാഗത ഉൽപന്നങ്ങളും ജനപങ്കാളിത്തത്തോടെ അരങ്ങേറി
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
'ഗദ്ദിക പോലുള്ള പരിപാടികൾ ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനും അവരുടെ കലാ-സാംസ്കാരിക തനിമ സംരക്ഷിക്കുന്നതിനും നിർണായകമാണ്'.
ഗോത്ര ജനവിഭാഗത്തിൻ്റെ തനത് കലകളും പരമ്പരാഗത ഉൽപന്നങ്ങളും സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഗദ്ദിക 2025 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഗദ്ദിക കാണാനും അതിൻ്റെ ഭാഗമാകാനും നിരവധി ആളുകളാണ് ഓരോ ദിനവും ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിലേക്ക് എത്തുന്നത്. രാവിലെ മുതൽ വൈകിട്ട് വരെ നീണ്ടുനിന്ന പരിപാടികളുടെ ഭാഗമാകാൻ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു എത്തിച്ചേർന്നത് വലിയ ആവേശമായി. ഉച്ചയോടെ ഗദ്ദിക വേദിയിലെത്തിയ മന്ത്രി വിവിധ സ്റ്റാളുകൾ സന്ദർശിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തു.
ഗദ്ദിക പോലുള്ള പരിപാടികൾ ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനും അവരുടെ കലാ-സാംസ്കാരിക തനിമ സംരക്ഷിക്കുന്നതിനും നിർണായകമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം മുൻ ധനകാര്യ മന്ത്രിയും വിജ്ഞാന കേരളം പദ്ധതി മുഖ്യ ഉപദേഷ്ടാവുമായ ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും അധ്യാപികയുമായ ഡോ. സുജ സൂസൻ ജോർജ് ചടങ്ങിൽ വിശിഷ്ടാതിഥിയായി. പട്ടികവർഗ്ഗ വികസന വകുപ്പ് പ്രോജക്ട് ഓഫീസർ ജി. അനിൽകുമാർ, ജനപ്രതിനിധികൾ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. വിജ്ഞാനകേരളവും തൊഴിൽ മുന്നേറ്റവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സ്റ്റാർട്ടപ്പ് മിഷനിൽ നിന്ന് ഫാസിൽ, ഡി.ഐ.സി.സി.ഐ. കേരളയിൽ നിന്ന് പി കെ സുധീർ എന്നിവർ വിഷയാവതരണം നടത്തി.
advertisement
തുടർന്ന് ഗദ്ദികയുടെ രാത്രിക്ക് ഊർജ്ജം പകർന്ന് പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിയുടെ സംഗീത വിരുന്ന് അരങ്ങേറി. വിവിധ പാരമ്പര്യ കലാപരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു അഞ്ചാം ദിനം. നിണബലി, മുതുവാൻ നൃത്തം, നായാടിക്കളി പൊറാട്ട്, മംഗല പന്തൽ കളി, വട്ടമുടി, കരിങ്കാളി, പന്തക്കാളി, നാടൻ പാട്ട് എന്നിവയാണ് വേദിയിൽ അവതരിപ്പിച്ചത്. ഓരോ കലാരൂപവും ഗോത്ര ജീവിതത്തിൻ്റെ തനത് കാഴ്ചപ്പാടുകളും ആചാരങ്ങളും വെളിപ്പെടുത്തി. ഈ പരിപാടികളെല്ലാം ഗദ്ദികയിലെത്തിയ കാണികൾക്ക് അവിസ്മരണീയമായ അനുഭവമാണ് നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 06, 2025 12:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
ഗദ്ദിക 2025: ഗോത്രകലകളും പരമ്പരാഗത ഉൽപന്നങ്ങളും ജനപങ്കാളിത്തത്തോടെ അരങ്ങേറി