നൂറ്റിമൂന്നുകാരനായ അച്ഛനെ 'ഡിജിറ്റലാക്കി' 73 കാരൻ മകൻ, ഒരു 'സ്മാർട്ട് ഫാമിലി'യുടെ വിശേഷങ്ങൾ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
2022 സെപ്തംബർ 21 ന് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്തായി മാറിയ പുല്ലമ്പാറയിലെ ഡിജിറ്റൽ വിപ്ലവം ഇവരിലൂടെ തുടരുകയാണ്.
നൂറ്റി മൂന്ന് വയസ്സായ കരുണാകരപണിക്കർ ഇന്ന് ഡിജിറ്റലി സ്മാർട്ടാണ്. പെൻഷൻ വന്നോ എന്നറിയാനും പ്രിയപ്പെട്ടവരോട് വീഡിയോകാളിൽ സംസാരിക്കാനും ഇഷ്ടമുള്ള പഴയപാട്ടുകൾ കേൾക്കാനും കഴിയും വിധം അദ്ദേഹം 'സ്മാർട്ട്' ആയിരിക്കുന്നു. അദ്ദേഹത്തെ സ്മാർട്ടാക്കുന്നതാകട്ടെ 73 വയസ്സുള്ള മകൻ രാജനും. ഇങ്ങോട്ടും അങ്ങോട്ടുമുള്ള ഫോൺ വിളികൾക്കപ്പുറത്തേക്കുള്ള മൊബൈൽ ഫോൺ സാധ്യതകൾ ആദ്യമായി അറിഞ്ഞത് രാജനാണ്. മറ്റു പലരും വിശ്രമജിവീതത്തിലേക്ക് പോകുന്ന ഈ പ്രായത്തിലും മികച്ച കർഷകനാണ് രാജൻ. 'ഒന്നു തൊട്ടാൽ മതി, ബാക്കി എല്ലാം സുഖമല്ലേ,' എന്നാണ് മൊബാൽ ഫോണിനെ കുറിച്ച് രാജൻ പറയുന്നത്. കൃഷി സംബന്ധമായ എല്ലാ കാര്യത്തിനും ഇന്ന് രാജൻ ആശ്രയിക്കുന്നത് സ്മാർട്ട് ഫോണിനെ തന്നെയാണ്.
യൂട്യൂബിൽ കൃഷി സംബന്ധമായ വീഡിയോകൾ സ്ഥിരമായി കാണുന്നു. വളം എങ്ങനെ ഉപയോഗിക്കണം, പുതിയ കൃഷിമുറകൾ എന്തൊക്കെയാണ്, കാലാവസ്ഥയെ എങ്ങനെ നേരിടണം എന്നൊക്കെ സംബന്ധിച്ച് ലോകത്തിൻ്റെ വിവിധ ഇടങ്ങളിലെ വ്യത്യസ്ത അറിവുകൾ രാജന് ലഭിക്കുന്നത് സ്മാർട്ട് ഫോണിലെ വിവിധ ആപ്പുകളിൽ നിന്നും റീലുകളിൽ നിന്നുമാണ്. പല പരീക്ഷണങ്ങൾക്കും അത് അദ്ദേഹത്തിന് അവസരം നൽകുന്നു. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായ പുല്ലമ്പാറ സ്വദേശികളാണ് ഈ അച്ഛനും മകനും. അനുദിനം വികസിക്കുന്ന സാങ്കേതിക ചുവടുവെയ്പ്പുകൾക്കൊപ്പം സഞ്ചരിക്കാൻ ഗ്രാമവാസികളെ സജ്ജമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ഡിജി പുല്ലമ്പാറ പദ്ധതിയുടെ ഗുണഭോക്താവാണ് രാജൻ. ഡിജി പുല്ലമ്പാറ പദ്ധതിയുടെ ഭാഗമായി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ 'ഗൂഗിൾ പേ'യും 'യുപിഐ ഇടപാടുകളും' രാജൻ തൻ്റെ നിത്യജീവിതത്തിൽ ഉപയോഗപ്പെടുത്തി.
advertisement
കുറച്ച് നാൾ മുൻപ് വരെ കറൻ്റിൻ്റെയും വെള്ളത്തിൻ്റെയും ബില്ല് അടയ്ക്കാൻ നീണ്ട ക്യു നിന്നിരുന്ന തനിക്ക് ഇത് നൽകുന്ന ആശ്വാസം ചില്ലറയല്ലെന്ന് രാജൻ പറയുന്നു. മാത്രമല്ല യാത്രാ ചെലവും ലാഭിക്കാനായി. ഇന്നിപ്പോൾ വീട്ടിൽ ഇരുന്നാണ് രാജൻ്റെ ഒട്ടുമിക്ക പണമിടപാടുകളും. ഫേസ്ബുക്ക്, വാട്സാപ്പ് എന്നീ സാമൂഹിക മാധ്യമങ്ങളും അദ്ദേഹം ഉപയോഗിച്ചു തുടങ്ങി. രാജന് ഏറ്റവും സന്തോഷം നല്കിയ കാര്യം അച്ഛൻ കരുണാകര പണിക്കർ ഫോൺ ഉപയോഗത്തെ കുറിച്ച് അറിയാൻ താൽപര്യം പ്രകടിപ്പിച്ചതാണ്. 'ഇതിൽ എങ്ങനെയാണ് പൈസ പോകുന്നത്? എങ്ങനെയാണ് വരുന്നത്? പഴയ പാട്ടുകൾ കേൾക്കാൻ കഴിയുമോ?' അച്ഛൻ്റെ ചോദ്യങ്ങൾക്ക് രാജൻ തന്നെ അധ്യാപകനാവുകയാണ്.
advertisement
പ്രായത്തിൻ്റെ അവശതകൾ വകവയ്ക്കാതെ പുതിയ അറിവിലേക്ക് കരുണാകര പണിക്കർ മുന്നേറുമ്പോൾ, മകൻ്റെ കണ്ണുകളിൽ അഭിമാനമാണ്. 'എൻ്റെ അച്ഛൻ ഇന്നും പഠിക്കുന്നു. ഞാനാണ് അദേഹത്തെ പഠിപ്പിക്കുന്നത്. അതാണ് എൻ്റെ വലിയ സന്തോഷം,' രാജൻ അഭിമാനത്തോടെ പറയുന്നു. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഗ്രാമം എന്ന നിലയിൽ ശ്രദ്ധേയമായ പുല്ലമ്പാറ ഗ്രാമത്തിലെ ഡിജിറ്റൽ പരിഷ്‌കരണ പദ്ധതിയാണ് ഡിജി പുല്ലമ്പാറ. പദ്ധതിയിൽ 14 മുതൽ 65 വയസ്സുവരെയുള്ളവരെയാണ് ഉൾപ്പെടുത്തിയത്. രാജനുൾപ്പെടെ 3300 പേർക്കാണ് ഈ പദ്ധതിയിലൂടെ പരിശീലനം ലഭിച്ചത്.
advertisement
സ്മാർട്ട് ഫോൺ ഉപയോഗം, വാട്‌സ്ആപ് വിഡിയോ കാൾ, ഓഡിയോ കാൾ, ഫോട്ടോയും വിഡിയോയും ഡൗൺലോഡ് ചെയ്യൽ, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവ പരിചയപ്പെടുത്തൽ, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് മനസ്സിലാക്കൽ തുടങ്ങിയവയാണ് പാഠ്യവിഷയമായി ഉൾപ്പെടുത്തിയിരുന്നത്... 2022 സെപ്തംബർ 21 ന് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്തായി മാറിയ പുല്ലമ്പാറയിലെ ഡിജിറ്റൽ വിപ്ലവം ഇവരിലൂടെ തുടരുകയാണ്, കോളേജ് വിദ്യാർത്ഥികൾ കുടുംബശ്രീ പ്രവർത്തകർ തുടങ്ങി ഒട്ടേറെ പേർ ഈ യജ്ഞത്തിൽ സന്നദ്ധപ്രവർത്തകരായി പങ്കാളികളുമാവുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 27, 2025 4:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
നൂറ്റിമൂന്നുകാരനായ അച്ഛനെ 'ഡിജിറ്റലാക്കി' 73 കാരൻ മകൻ, ഒരു 'സ്മാർട്ട് ഫാമിലി'യുടെ വിശേഷങ്ങൾ