തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന്; തിരുവനന്തപുരം ആർസിസിയിൽ 2125 കുപ്പി മരുന്ന് മാറി നൽകി
- Published by:Rajesh V
- news18-malayalam
Last Updated:
മരുന്നിന്റെ പാക്കിങ്ങിൽ കമ്പനിക്കു വന്ന പിഴവാണ് മാറിനൽകാൻ ഇടയാക്കിയത്
തിരുവനന്തപുരം: പാക്കിങ്ങിലെ ഗുരുതരമായ പിഴവിനെ തുടർന്ന് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ (ആർസിസി) രോഗികൾക്ക് മരുന്ന് മാറി നൽകി. ശ്വാസകോശ കാൻസറിനുള്ള കീമോ തെറാപ്പി ഗുളികകളാണ് തലച്ചോറിന് കാൻസര്‍ ബാധിച്ച രോഗികൾക്ക് മാറി നൽകിയത്. മരുന്ന് കമ്പനിക്ക് പാക്കിങ്ങിൽ വന്ന പിഴവാണ് ഈ അപകടകരമായ സംഭവത്തിലേക്ക് നയിച്ചത്. ആകെ വിതരണത്തിനെത്തിയ 2130 കുപ്പികളിൽ 2125 കുപ്പികളും രോഗികൾക്ക് നൽകിയ ശേഷമാണ് അധികൃതർ ഈ പിഴവ് കണ്ടെത്തുന്നത്. എത്ര രോഗികൾക്ക് ഈ മരുന്ന് ലഭിച്ചു എന്ന് കണ്ടെത്താനുള്ള നടപടികൾ ആർസിസി ആരംഭിച്ചിട്ടുണ്ട്.
പിഴവ്
ഗുജറാത്തിലെ ഗ്ലോബെല ഫാർമ നിർമിച്ച ടെമൊസോളോമൈഡ്-100 (Temozolomide-100) എന്ന ഗുളികയുടെ പാക്കിങ്ങിലാണ് പിഴവ് സംഭവിച്ചത്. ടെമൊസോളോമൈഡ്-100 എന്ന പേര് രേഖപ്പെടുത്തിയ പുറം ബോക്സിൽ, എറ്റോപോസൈഡ്-50 (Etoposide-50) എന്ന ഗുളികയുടെ കുപ്പിയാണ് വിതരണം ചെയ്തത്. കുപ്പിയുടെ പുറത്തും എറ്റോപോസൈഡ്- 50 എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്.
ഓരോ കുപ്പിയിലും എട്ട് ഗുളികകളാണ് ഉണ്ടായിരുന്നത്. ശ്വാസകോശ കാൻസറിനും വൃഷണത്തെ ബാധിക്കുന്ന ചില കാൻസറുകൾക്കുമുള്ള കീമോതെറപ്പി ഗുളികയാണ് എറ്റോപോസൈഡ്. ഈ എട്ട് ഗുളികകൾക്ക് 7500 രൂപയാണ് ആർസിസി ഗ്ലോബെല ഫാർമക്ക് നൽകിയിരുന്നത്.
advertisement
നടപടി
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ജീവനക്കാർ റിപ്പോർട്ട് ചെയ്യുകയും ആർസിസിയിൽ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് ഡ്രഗ്സ് കൺട്രോളറെ വിവരം അറിയിച്ചു. ഡ്രഗ്സ് കൺട്രോളറുടെ പരിശോധനയിലും ബോക്സിനുള്ളിൽ മാറിപ്പോയ ഗുളികയാണെന്ന് സ്ഥിരീകരിച്ചു.
വ്യാജ മരുന്ന് വിതരണം ചെയ്ത വകുപ്പ് അനുസരിച്ച് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ ഗ്ലോബെല ഫാർമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ബാക്കി വന്ന ഗുളികകളും ആർസിസിയുടെ വിശദീകരണവും ഉൾപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
2024 സെപ്റ്റംബർ 2ന് ആർസിസിയിൽ എത്തിച്ച ഗുളികകൾ തൊട്ടടുത്ത ദിവസം മുതൽ വിതരണം ചെയ്തെന്നാണ് വിവരം. ആശുപത്രിയിൽ കിടത്തി ചികിത്സയിൽ ഉണ്ടായിരുന്നവർക്ക് പുറമെ പുറത്ത് നിന്ന് ചികിത്സ തേടിയവർക്കും മരുന്ന് മാറി നൽകിയിട്ടുണ്ട്.
advertisement
ഗുളികകൾ മാറി കഴിച്ചവർക്ക് രക്തത്തിലെ കൗണ്ട് കുറയുന്നത് ഉൾപ്പെടെ, ഓരോരുത്തരുടെയും ആരോഗ്യനില അനുസരിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവാമെന്നാണ് കാൻസർ ചികിത്സാ വിദഗ്ധരുടെ വിലയിരുത്തൽ.
Summary: Due to a serious packaging error, patients at the Thiruvananthapuram Regional Cancer Centre (RCC) were administered the wrong medication.
Chemotherapy tablets meant for lung cancer were incorrectly distributed to those suffering from brain cancer.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 09, 2025 12:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന്; തിരുവനന്തപുരം ആർസിസിയിൽ 2125 കുപ്പി മരുന്ന് മാറി നൽകി