ആറ്റുകാലമ്മയുടെ ജ്യേഷ്ഠസഹോദരി; കൊഞ്ചിറവിള ഭഗവതി ക്ഷേത്രത്തിലെ അപൂർവ്വ കാഴ്ചകളും വിശ്വാസങ്ങളും
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ഒൻപതാം ദിവസമായ അശ്വതിക്കാണ് പൊങ്കാല. അന്ന് വൈകിട്ട് മൂന്ന് മണിക്ക് പൊങ്കാല നൈവേദ്യം നടക്കും എന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.
തിരുവനന്തപുരം നഗരമധ്യത്തിൽ നിന്ന് അധികം ദൂരമില്ലാത്ത മണക്കാടിൽ സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണ് കൊഞ്ചിറവിള ഭഗവതി ക്ഷേത്രം. മണക്കാട് നിന്ന് ഏകദേശം 1.5 കിലോമീറ്ററും, ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്ററോളം തെക്ക് ഭാഗത്തുമായിട്ടാണ് ക്ഷേത്രം നിലകൊള്ളുന്നത്. ശ്രീ ഭദ്രയേയും ശ്രീ ദുർഗ്ഗയേയും വടക്ക് ദർശനമായി പ്രതിഷ്ഠിച്ച് ആരാധിക്കുന്ന അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണ് കൊഞ്ചിറവിള ഭഗവതി ക്ഷേത്രം.
ശ്രീകോവിലിൽ കുടികൊള്ളുന്ന ചതുർബാഹുവായ ഭഗവതി ശാന്തസ്വരൂപിണിയാണ്. ആറ്റുകാൽ ഭഗവതിയുടെ ജ്യേഷ്ഠസഹോദരിയാണെന്നാണ് ഇവിടുത്തെ പ്രധാന വിശ്വാസം. ഗണപതി, നാഗർ, മന്ത്രമൂർത്തി, ബ്രഹ്മരക്ഷസ്സ്, മാടൻ തമ്പുരാൻ എന്നിവരാണ് ഇവിടുത്തെ ഉപദേവന്മാർ.
എല്ലാ മാസവും പൗർണമി നാളിൽ നടക്കുന്ന ഐശ്വര്യപൂജയും, ആയില്യം നാളിലുള്ള ആയില്യം പൂജയുമാണ് ഇവിടുത്തെ പ്രധാന വിശേഷ ദിവസങ്ങൾ. ഐതിഹ്യം പണ്ട് കൊഞ്ചിറവിളയിൽ 'ആമ്പല്ലൂർ' എന്നൊരു തറവാടുണ്ടായിരുന്നു. അവിടുത്തെ ദേവീഭക്തനായ കാരണവർ സന്ധ്യാനേരത്ത് വീടിൻ്റെ വടക്ക് ഭാഗത്തായി ഒരു ദിവ്യജോതിസ്സ് കാണുകയും, അതിൽ തേജോമയിയായ ഒരു ബാലികയെ ദർശിക്കുകയും ചെയ്തു. ബാലിക ആവശ്യപ്പെട്ടതനുസരിച്ച് കാരണവർ കിണ്ടി വെള്ളവും പഴവും മലരും കൊണ്ടുവന്നപ്പോഴേക്കും ബാലിക അപ്രത്യക്ഷയായിരുന്നു.
advertisement
അന്ന് രാത്രിയിൽ കാരണവർക്ക് സ്വപ്നദർശനമുണ്ടായി. ആ ബാലിക കൊടുങ്ങല്ലൂർ ഭഗവതിയാണെന്നും, ദേവി പ്രത്യക്ഷപ്പെട്ട സ്ഥലത്തുള്ള വരിക്കപ്ലാവിന് വടക്കുമാറി ഒരു തെറ്റിച്ചെടി ഉണ്ടെന്നും, അവിടെ ദേവീസാന്നിധ്യം ഉള്ളതായും ദേവി അരുളിചെയ്തു. നേരം പുലർന്നപ്പോൾ സ്വപ്നം സത്യമാണെന്ന് ബോധ്യപ്പെട്ട കാരണവർ വരിക്കപ്ലാവിൻ്റെ തടികൊണ്ട് പീഠം നിർമ്മിച്ച് ദേവിയെ അവിടെ കുടിയിരുത്തി പൂജാദികർമ്മങ്ങൾ ചെയ്തു.
പിന്നീട് ക്ഷേത്രം പുതുക്കി പണിയുകയും ചതുർബാഹുവായ ഭഗവതിയുടെ പഞ്ചലോഹവിഗ്രഹം കൊണ്ട് പുനഃപ്രതിഷ്ഠാകർമ്മം നടത്തുകയും ചെയ്തു. പ്രധാന ഉത്സവം കുംഭമാസത്തിൽ പൂരാടം നക്ഷത്രത്തിൽ തുടങ്ങി പത്തുദിവസത്തെ ഉത്സവമാണ്. മൂന്നാം ഉത്സവത്തിന് കുത്തിയോട്ട നേർച്ചക്കാർ വ്രതാനുഷ്ഠാനം തുടങ്ങും. ഒൻപതാം ദിവസമായ അശ്വതിക്കാണ് പൊങ്കാല. അന്ന് വൈകിട്ട് മൂന്ന് മണിക്ക് പൊങ്കാല നൈവേദ്യം നടക്കും എന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.
advertisement
പൊങ്കാലയ്ക്ക് ശേഷം കുത്തിയോട്ടവും ചൂരൽകുത്തുമാണ് പ്രധാന ചടങ്ങുകൾ. തുടർന്ന് ദേവിയുടെ പുറത്തെഴുന്നെള്ളിപ്പ് നടക്കും. കുത്തിയോട്ടത്തിൻ്റെ അകമ്പടിയോടെ മണക്കാട് ശ്രീ ധർമ്മശാസ്താക്ഷേത്രത്തിലെത്തി ഇടയ്ക്ക് പൂജ കഴിഞ്ഞ് തിരിച്ചെഴുന്നെള്ളുന്നു. പുരാതനക്ഷേത്രമായ മണക്കാട് ക്ഷേത്രത്തിലെ ശാസ്താവ്, ദേവിയുടെ സഹോദരനാണെന്നാണ് സങ്കൽപം. പരിപാടികളിൽ തോറ്റംപാട്ട് ശ്രദ്ധേയമാണ്. പത്താം ഉത്സവത്തിന് രാത്രിയിൽ കാപ്പഴിക്കലും കുരുതർപ്പണവും നടക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട മറ്റൊരു ഉത്സവമാണ് നവരാത്രി മഹോത്സവം. ഒൻപത് രാത്രികളിലും പത്ത് പകലുകളിലുമായി ആദിപരാശക്തിയുടെ നവദുർഗ്ഗ ഭാവങ്ങളെ ആരാധിക്കുന്ന ഈ ഉത്സവം വിപുലമായ പരിപാടികളോടെയാണ് കൊണ്ടാടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
December 17, 2025 2:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ആറ്റുകാലമ്മയുടെ ജ്യേഷ്ഠസഹോദരി; കൊഞ്ചിറവിള ഭഗവതി ക്ഷേത്രത്തിലെ അപൂർവ്വ കാഴ്ചകളും വിശ്വാസങ്ങളും










