'കേരളത്തിന്റെ പുതിയ ഭാഷാ നിയമം ഭരണഘടനാ വിരുദ്ധം' കർണാടക
- Published by:Sneha Reghu
- news18-malayalam
Last Updated:
2017ൽ പാസാക്കിയ സമാനമായ ഒരു ബിൽ രാഷ്ട്രപതി തള്ളിയിരുന്നു
കേരളത്തിന്റെ പുതിയ ഭാഷാ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കർണാടക. കേരളാ ഭാഷാ ബിൽ 2025നെതിരേ എതിർപ്പ് രേഖപ്പെടുത്തിയ കർണാടക ബില്ല് തള്ളിക്കളയാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനോട് ആവശ്യപ്പെടുകയും ചെയ്തു. ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ അവർ കേരളത്തിലെ കന്നഡ സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷത്തിന്റെ, പ്രത്യേകിച്ച് കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർകോട്ടിൽ താമസിക്കുന്നവരുടെ താത്പര്യത്തിന് വിരുദ്ധമാണെന്നും വ്യക്തമാക്കി.
കർണാടക സർക്കാരിന് വേണ്ടി കർണാടക അതിർത്തി വികസന അതോറിറ്റിയുടെ ഒരു പ്രതിനിധി സംഘം ബുധനാഴ്ച കാസർകോട്ട് വെച്ച് ഗവർണറെ കണ്ടു. ബിൽ നിരസിക്കണമെന്ന് ആവശ്യപ്പെട്ട് അവർ അദ്ദേഹത്തിന് നിവേദനം നൽകി.
കേരളത്തിലെ എല്ലാ സ്‌കൂളുകളിലും മലയാളം നിർബന്ധമായും ഒന്നാം ഭാഷയായി നിർദേശിക്കുന്ന ബില്ലാണിത്. 2017ൽ പാസാക്കിയ സമാനമായ ഒരു ബിൽ രാഷ്ട്രപതി തള്ളിയിരുന്നു.
''മലയാളം ഭാഷാ ബിൽ 2025' എന്ന പേരിലുള്ള പുതിയ ബിൽ കേരള നിയമസഭ പാസാക്കിയിട്ടുണ്ട്. ഇത് താങ്കളുടെ അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇതിൽ താങ്കളുടെ ഓഫീസ് തീരുമാനമെടുത്തിട്ടില്ല. ഇത് 2017ലെ ബില്ലിന് സമാനമാണ്,'' നിവേദനത്തിൽ പറയുന്നു.
advertisement
''ജനസംഖ്യയുടെ 70 ശതമാനത്തിലധികം കന്നഡ ഭാഷ സംസാരിക്കുന്ന കാസർകോട് ജില്ലയെ ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ആർട്ടിക്കിൾ 350ഉം ആർട്ടിക്കിൾ 350Aയും അനുസരിച്ച് ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്. ഈ ബിൽ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നതാണ്,'' പ്രതിനിധി സംഘത്തെ നയിച്ച അതോറിറ്റി സെക്രട്ടറി പ്രകാശ് മട്ടിഹള്ളി പറഞ്ഞു. ''ഞങ്ങളുടെ അപേക്ഷ പരിഗണിക്കാമെന്ന് ഗവർണർ ഞങ്ങൾക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്,'' അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിന് സമീപമുള്ള കൊഗിലു ലേഔട്ട് പൊളിച്ചുമാറ്റിയതിന് പിന്നാലെ കർണാടകയും കേരളത്തിലെ ചില നേതാക്കളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിപ്പിക്കൽ നടപടിയെ 'ബുൾഡോസർ രാജെ'ന്ന് വിശേഷിപ്പിച്ചത് കൂടുതൽ തർക്കത്തിന് കാരണമായിരുന്നു.
advertisement
''സെക്ഷൻ 2(6)ൽ കേരളത്തിലെ സ്‌കൂളുകളിൽ പത്താം ക്ലാസ് വരെ ഒന്നാം ഭാഷയായി മലയാളം നിർബന്ധ വിഷയമായി പഠിപ്പിക്കണമെന്ന് നിർവചിച്ചിരിക്കുന്നു. കാസർകോട്ടും കേരളത്തിൽ കന്നഡ സംസാരിക്കുന്ന മറ്റ് പ്രദേശങ്ങളിലും ഭാഷാ ന്യൂനപക്ഷ വിദ്യാർഥികൾ കന്നഡ അവരുടെ ഒന്നാം ഭാഷയായും മറ്റൊരു ഭാഷ രണ്ടാം ഭാഷയായുമാണ് പഠിക്കുന്നത്,'' ബില്ലിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി കർണാടക സർക്കാർ പറഞ്ഞു.
'അവകാശ ലംഘനം'
ഈ വ്യവസ്ഥകളെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനം എന്ന് വിശേഷിപ്പിച്ച കർണാടക ബിൽ അംഗീകരിച്ചാൽ മലയാളം അറിയാത്ത കന്നഡ വിദ്യാർഥികൾക്ക് മലയാളം നിർബന്ധപൂർവം പഠിക്കേണ്ടി വന്നേക്കാമെന്നും കൂട്ടിച്ചേർത്തു.
advertisement
കാസർകോട്ട് ബിൽ നടപ്പാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കന്നഡ ഭാഷയെയും പ്രത്യേകിച്ച് അതിർത്തി ജില്ലയിലെ കന്നഡ മീഡിയം സ്‌കൂളുകളിൽ പഠിക്കുന്ന കന്നഡ മാതൃഭാഷയായ വിദ്യാർഥികളെയും ബാധിക്കുമെന്നും കർണാടക സർക്കാർ ഭയപ്പെടുന്നു.
ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിലെ ഭാഷാ ന്യൂനപക്ഷ അസിസ്റ്റന്റ് കമ്മീഷണർ കേരള സർക്കാരിന് നൽകിയ നിർദേശങ്ങൾ ഗവർണർക്ക് നൽകിയ നിവേദനത്തിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
കാസർഗോഡ് ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ദേശീയ പാതകളിലും കന്നഡ ഭാഷയിലുള്ള സൂചനാ ബോർഡുകൾ സ്ഥാപിക്കൽ, കാസർഗോഡ് ജില്ലയിലെ സർക്കാർ കത്തിടപാടുകൾ കന്നഡയിലാക്കൽ, റിക്രൂട്ടിംഗ് ഏജൻസിക്ക് ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ഭാഷാ ന്യൂനപക്ഷ ജനസംഖ്യയെ അടിസ്ഥാനമാക്കി കാസർഗോഡ് ജില്ലയിലെ ഒഴിവുകൾ നികത്തൽ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ നിർദ്ദേശം.
advertisement
''ഈ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും, ഭാഷാ ന്യൂനപക്ഷങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ച ആർട്ടിക്കിൾ 30, 347, 350, 350A, 350B എന്നിവയുടെ ഭരണഘടനാ വ്യവസ്ഥകളും മറ്റ് നിർദ്ദേശങ്ങളും ബില്ലിൽ ലംഘിക്കപ്പെട്ടിരിക്കുന്നു,'' എന്ന് നിവേദനത്തിൽ പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Karnataka
First Published :
Jan 08, 2026 10:47 AM IST










