• HOME
 • »
 • NEWS
 • »
 • kerala
 • »
 • Uma Thoams | ഉറച്ച നിലപാടുകളും സൗമ്യതയും; പി ടി നടന്ന വഴിയെ ഇനി ഉമ തോമസ്

Uma Thoams | ഉറച്ച നിലപാടുകളും സൗമ്യതയും; പി ടി നടന്ന വഴിയെ ഇനി ഉമ തോമസ്

മുഖ്യമന്ത്രി ഉൾപ്പടെ മന്ത്രിമാർ നേതൃത്വം നൽകി നാടിളക്കിയുള്ള പ്രചരണം. എന്നാൽ അപ്പോഴും ഏറെ സൗമ്യതയോടെയും പക്വതയോടെയുമാണ് ഉമ തോമസ് വോട്ടർമാരെ സമീപിച്ചത്

 • Share this:
  കൊച്ചി: കോൺഗ്രസിന്‍റെ സമുന്നത നേതാവായിരിക്കുമ്പോഴും പരിസ്ഥിതി വിഷയങ്ങളിൽ ഉൾപ്പടെ ഉറച്ച നിലപാടുകൾ സ്വീകരിച്ചയാളാണ് പി ടി തോമസ്. രണ്ടു തവണ തൃക്കാക്കരയെ പ്രതിനിധീകരിച്ച പി ടി തോമസ് നിയമസഭയിൽ നടത്തിയ ഇടപെടലുകൾ പലപ്പോഴും സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എന്നാൽ രോഗത്തിന് കീഴടങ്ങി പി.ടി മടങ്ങിയപ്പോൾ, ആ വഴികൾ നടന്നുതീർക്കാൻ ഉമ തോമസ് എത്തുന്നുവെന്നത് ഒട്ടും അതിശയോക്തിയുള്ള കാര്യമല്ല. മഹാരാജാസ് കോളേജിലെ വിദ്യാർഥി രാഷ്ട്രീയകാലം മുതൽ ഉറച്ച നിലപാടുകളും ഒപ്പം സൗമ്യതയും കൈമുതലാക്കിയായിരുന്നു ഉമ തോമസിന്‍റെ പൊതുപ്രവർത്തനം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെ 25016 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭയിലേക്ക് പോകുകയാണ് ഉമ തോമസ്.

  ഭൂരിപക്ഷത്തിലെ കണക്കുകൾ പോലെയായിരുന്നില്ല തൃക്കാക്കരയിലെ പോർമുഖം. മറുവശത്ത് മുഖ്യമന്ത്രി ഉൾപ്പടെ മന്ത്രിമാർ നേതൃത്വം നൽകി നാടിളക്കിയുള്ള പ്രചരണം. എന്നാൽ അപ്പോഴും ഏറെ സൗമ്യതയോടെയും പക്വതയോടെയുമാണ് ഉമ തോമസ് വോട്ടർമാരെ സമീപിച്ചത്. അപ്പോഴും എൽഡിഎഫിനെ 99ൽ നിർത്തുമെന്നും അവർ ഉറച്ച ശബ്ദത്തോടെ പറഞ്ഞുകൊണ്ടിരുന്നു. പി.ടി ചെയ്തത് പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് അവർ ആവർത്തിച്ചു. അതിനിടെ രാഷ്ട്രീയത്തിലും കുടുംബപരമായും ഉറ്റസൌഹൃദം പുലർത്തിയിരുന്ന പ്രൊഫ. കെ വി തോമസ് മറുപാളയത്തിൽ എത്തിയപ്പോഴും ഏറെ സമചിത്തതയോടെയായിരുന്നു ഉമ തോമസിന്‍റെ പ്രതികരണം.

  ഇടത് സ്ഥാനാർഥിയുടേതെന്ന പേരിൽ അശ്ലീല വീഡിയ പ്രചരിച്ചപ്പോഴും ഉറച്ച നിലപാടാണ് ഉമ തോമസ് അക്കാര്യത്തിൽ സ്വീകരിച്ചത്. ഈ വിഷയത്തിൽ ഇരു കക്ഷികളിലെയും പ്രവർത്തകർ സോഷ്യൽ മീഡിയയിലും മറ്റും കോമ്പുകോർത്തപ്പോൾ ഉമ തോമസിന്‍റെ പ്രതികരണം നിഷ്പക്ഷ വോട്ടർമാരെ സ്വാധീനിക്കുന്നതായിരുന്നു. പ്രചരണത്തിൽ വ്യക്തിപരമായ അധിക്ഷേപങ്ങളെ ഉൾപ്പടെ കരുത്തോടെ നേരിട്ടപ്പോഴും പി.ടിയുടെ ഓർമ്മകളിൽ വിതുമ്പിപ്പോയ ഉമ തോമസിനെ വോട്ടർമാർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായിരുന്നു ഉപതെരഞ്ഞെടുപ്പ് ഫലം.

  Also Read- Thrikkakkara Result | സെഞ്ച്വറിയടിക്കാൻ ഇറങ്ങി ഇഞ്ചുറിയുമായി മടങ്ങി എൽഡിഎഫ്

  മഹാരാജാസ് കോളേജിലൂടെയാണ് ഉമ തോമസിന്‍റെ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. രണ്ടുതവണ കോളേജ് യൂണിയൻ ഭാരവാഹിയായി. കാംപസിൽവെച്ച് ഒരു പാട്ട് പാടിയാണ് ഉമ, പി.ടി തോമസ് എന്ന വിദ്യാർഥിനേതാവിന്‍റെ ഹൃദയം കീഴടക്കിയത്. അന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റായിരുന്നു പി.ടി തോമസ്. അവിടെനിന്ന് ആരംഭിച്ചതാണ് പി.ടിയുടെ നിഴലായുള്ള ആ യാത്ര. 1987 ജൂലൈ 9-ന് ഏറെ കോളിളക്കത്തിനൊടുവിൽ പി.ടിയും ഉമയും ഒന്നായി. മഹാരാജാസിൽനിന്ന് ഉമ സുവോളജിയിൽ ബി.എസ്.സി ബിരുദം നേടിയിരുന്നു. പിന്നീട് പി.ടിയുടെ രാഷ്ട്രീയ ജീവിതത്തിന് കരുത്തേകി പിന്നണിയിലായിരുന്നു ഉമയുടെ സ്ഥാനം.

  പി.ടി.ക്കും ഉമയ്ക്കും രണ്ടു മക്കളാണ് ഡോ.വിഷ്ണു തോമസ് (അസി. പ്രൊഫസർ , അൽ അസർ ഡെന്‍റൽ കോളേജ്, തൊടുപുഴ), വിവേക് തോമസ് (നിയമ വിദ്യാർത്ഥി, ഗവ. ലോ കോളേജ്, തൃശൂർ). മരുമകൾ : ഡോ.ബിന്ദു അബി തമ്പാൻ (മഴുവഞ്ചേരി സ്പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക്, ആലുവ). ഇപ്പോൾ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ഫിനാൻസ് വിഭാഗത്തിലെ അസിസ്റ്റന്‍റ് മാനേജരായി പ്രവർത്തിക്കുന്ന ഉമ തോമസ് എന്ന 56കാരിക്ക് നിയമസഭയിൽ ചെയ്തുതീർക്കാനുള്ളത് പി.ടി തുടങ്ങിവെച്ച കാര്യങ്ങൾ തന്നെയാണ്.
  Published by:Anuraj GR
  First published: