ട്രെയിനില്‍നിന്ന് തള്ളിയിട്ട യുവതിയുടെ ദേഹത്ത് 20 മുറിവുകളെന്ന് അമ്മ; ചികിത്സയില്‍ തൃപ്തരല്ലെന്ന് കുടുംബം
- Published by:Rajesh V
- news18-malayalam
Last Updated:
യുവതിക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും യുവതിയുടെ അമ്മയും ബന്ധുക്കളും ആവശ്യപ്പെട്ടു
തിരുവനന്തപുരം: കേരള എക്സ്പ്രസ് ട്രെയിനിൽ നിന്ന് മദ്യപന്‍ ചവിട്ടിത്തള്ളിയിട്ടതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയുടെ ചികിത്സയില്‍ തൃപ്തരല്ലെന്ന് കുടുംബം. യുവതിക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും യുവതിയുടെ അമ്മയും ബന്ധുക്കളും പ്രാദേശിക ജനപ്രതിനിധികളും മാധ്യമങ്ങളോട് പറഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ കണ്ടാണ് താന്‍ ഈ സംഭവമറിഞ്ഞതെന്നാണ് പരിക്കേറ്റ ശ്രീക്കുട്ടി(സോന-20)യുടെ അമ്മ പ്രിയദര്‍ശിനി പറഞ്ഞത്. മകളുടെ ശരീരത്തില്‍ ഇരുപതോളം മുറിവുകളുണ്ടെന്നും അമ്മ വ്യക്തമാക്കി.
''എന്റെ കുട്ടിയെയാണ് ചവിട്ടിയിട്ടതെന്ന് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ കണ്ടപ്പോഴാണ് അറിയുന്നത്. ആദ്യം വീഡിയോ കണ്ട് ഞാന്‍ സ്‌കിപ്പ് ചെയ്തു. അപ്പോഴാണ് സോനയെയാണ് തള്ളിയിട്ടതെന്ന് മകന്‍ വിളിച്ച് പറഞ്ഞത്. രണ്ടുദിവസം മുന്‍പാണ് സോന ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് പോയത്. സ്ഥിരമായി ട്രെയിനിലും ബസിലും പോയിവരുന്നയാളാണ്. എറണാകുളത്ത് ഭര്‍തൃവീട്ടിലായിരുന്നു. അവിടെനിന്നാണ് മകള്‍ തിരുവനന്തപുരത്തേക്ക് പോയത്. കുട്ടിക്ക് മികച്ച ചികിത്സ കിട്ടണം. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. അവള്‍ പാതി കണ്ണടച്ച് തണുത്ത് ഐസ് പോലെ കിടക്കുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസമെടുക്കുന്നുണ്ട്. ഞാന്‍ അത്രയും കഷ്ടപ്പെട്ട് വളര്‍ത്തിയതാണ്'', ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തെത്തിയ അമ്മ പ്രിയദര്‍ശിനി മാധ്യമങ്ങളോട് പറഞ്ഞു.
advertisement
പ്രിയയുടേത് പാവപ്പെട്ട കുടുംബമാണെന്നും ഇവരുടെ ആവശ്യം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും അടിയന്തര ചികിത്സ ലഭ്യമാക്കണമെന്നും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. നാളെ രാവിലെ മാത്രമേ വിദഗ്ധ അഭിപ്രായം പറയാനാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതുവരെ ചികിത്സാരേഖകളൊന്നും കാണിച്ചിട്ടില്ല. സര്‍ക്കാര്‍ ഇടപെടണം. പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി കിട്ടണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ഞായറാഴ്ച രാത്രി 8.45-ഓടെ വര്‍ക്കല അയന്തിക്ക് സമീപത്തായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്‌സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് അക്രമിയായ സുരേഷ് കുമാര്‍(50) ശ്രീക്കുട്ടിയെ ചവിട്ടിത്തള്ളിയിട്ടത്. ശൗചാലയത്തില്‍നിന്ന് വരുമ്പോളാണ് ഇരുവരെയും ഇയാള്‍ ആക്രമിച്ചത്. ശ്രീക്കുട്ടിയുടെ കൂടെയുണ്ടായിരുന്ന കൂട്ടുകാരി അര്‍ച്ചനയെയും ഇയാള്‍ തള്ളിയിട്ടിരുന്നു. എന്നാല്‍, അര്‍ച്ചന വാതിലിന്റെ കമ്പനിയില്‍ പിടിച്ചുതൂങ്ങി. ഉടന്‍തന്നെ മറ്റുയാത്രക്കാര്‍ ഓടിയെത്തി അര്‍ച്ചനയെ ട്രെയിനിനുള്ളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.
advertisement
ട്രാക്കില്‍ തലയിടിച്ച് വീണ പരിക്കേറ്റ ശ്രീക്കുട്ടിയെ കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മെമു ട്രെയിനില്‍ കയറ്റിയാണ് വര്‍ക്കല സ്റ്റേഷനിലെത്തിച്ചത്. ഇവിടെനിന്ന് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയായ സുരേഷ്‌കുമാറിനെ കൊച്ചുവേളി സ്റ്റേഷനില്‍വെച്ച് റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമം അ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് സുരേഷ് കുമാറിനെതിരേ തിരുവനന്തപുരം റെയില്‍വേ പോലീസ് കേസെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 03, 2025 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ട്രെയിനില്‍നിന്ന് തള്ളിയിട്ട യുവതിയുടെ ദേഹത്ത് 20 മുറിവുകളെന്ന് അമ്മ; ചികിത്സയില്‍ തൃപ്തരല്ലെന്ന് കുടുംബം


