• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ദേവസഹായം പിള്ളയെ ശിക്ഷിച്ചത് മതം മാറിയതിനല്ല; രാജ്യദ്രോഹത്തിന്'; കവടിയാര്‍ കൊട്ടാരം മാര്‍പാപ്പയ്ക്ക് കത്തയച്ചു

'ദേവസഹായം പിള്ളയെ ശിക്ഷിച്ചത് മതം മാറിയതിനല്ല; രാജ്യദ്രോഹത്തിന്'; കവടിയാര്‍ കൊട്ടാരം മാര്‍പാപ്പയ്ക്ക് കത്തയച്ചു

അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി, പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി, എന്നിവരാണ് ഫ്രാന്‍സിസ് മാർപ്പാപ്പയ്ക്ക് കത്തെഴുതിയത്

 • Last Updated :
 • Share this:
  അടുത്തിടെ കത്തോലിക്ക സഭ വിശുദ്ധനായി പ്രഖ്യാപിച്ച ദേവസഹായംപിള്ളയെ വധിച്ചത് മതംമാറിയതുകൊണ്ടാണെന്ന വാദത്തിനെതിരെ കവടിയാര്‍ കൊട്ടാരം രംഗത്ത്. മതംമാറിയതുകൊണ്ടല്ല രാജ്യദ്രോഹക്കുറ്റത്തിനാണ് ദേവസഹായംപിള്ളയെ അന്നത്തെ ഭരണകൂടം ശിക്ഷിച്ചതെന്ന് ചൂണ്ടിക്കാട്ടി  അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി, പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി, എന്നിവരാണ് ഫ്രാന്‍സിസ് മാർപ്പാപ്പയ്ക്ക് (Pope Francis) കത്തെഴുതിയത്.

  ദേവസഹായം പിള്ളയെ വിശുദ്ധനാക്കുന്നതിനൊപ്പം അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന തങ്ങളുടെ പൂര്‍വികൻ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ മഹാരാജാവിനെ മതവിദ്വേഷിയായി ചിത്രീകരിക്കുന്നതില്‍ വേദനയുള്ളതായും ഇരുവരും മാര്‍പാപ്പയെ അറിയിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

  'മതംമാറിയതിനാല്‍ വധിക്കപ്പെട്ടു' എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കത്തിൽ പറയുന്നു . കുളച്ചല്‍ യുദ്ധത്തില്‍ (1741) കീഴടങ്ങിയ ശേഷം തിരുവിതാംകൂര്‍ രാജാവിന്‍റെ വിശ്വസ്തനും സൈന്യാധിപനുമായി മാറിയ ക്രിസ്തുമതവിശ്വാസിയായ ഡച്ച് ക്യാപ്റ്റന്‍ ഡിലനോയിയുടെ (Admiral Eustachius De Lannoy) പ്രേരണയിലാണ് ദേവസഹായം പിള്ള മതം മാറിയത്.  മഹാരാജാവിനുമേല്‍ വലിയ സ്വാധീനം ഉണ്ടായിരുന്ന ഡിലനോയി ഇക്കാരണത്താല്‍തന്നെ ദേവസഹായം പിള്ളയെ കൈവിടില്ലായിരുന്നുവെന്ന് പറയുന്ന ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവലിലെ നാഗം അയ്യ (V. Nagam Aiya in Travancore State Manual)യുടെ രേഖ കത്തിൽ ഉദ്ധരിക്കുന്നു.

  'രാജാവുമായി യുദ്ധം തുടര്‍ന്ന ഡച്ചുകാര്‍  ഉള്‍പ്പെടെയുള്ള തിരുവിതാംകൂറിന്‍റെ ശത്രുക്കളുമായി സഹകരിച്ചതുകൊണ്ടാണ് ദേവസഹായം പിള്ള ശിക്ഷിക്കപ്പെട്ടത്. വെറെയും അക്ഷന്തവ്യമായ  കുറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും സൂചിപ്പിക്കുന്നില്ലെന്നുമാത്രം,' കത്തില്‍ പറയുന്നു.

  സഭയുടെ ആഗ്രഹങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും തങ്ങള്‍ തടസം സൃഷ്ടിക്കുകയല്ലെന്നും മഹാരാജാക്കന്‍മാരെ തെറ്റായി ചിത്രീകരിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്നും കവടിയാര്‍ കൊട്ടാരം മാര്‍പാപ്പയോട് ആവശ്യപ്പെട്ടു. ജൂണില്‍ അയച്ച കത്തിന്‍റെ പകര്‍പ്പ് വിദേശകാര്യമന്ത്രാലയത്തിനും നല്‍കിയിട്ടുണ്ട്.

  തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ മറ്റു മതങ്ങളില്‍പ്പെട്ട പ്രജകളോട് വിവേചനം കാണിച്ചിരുന്നില്ല. വരാപ്പുഴയിലെ ക്രൈസ്തവ ദേവാലയത്തിന് മാര്‍ത്താണ്ഡ വര്‍മ  കരം ഒഴിവായി സ്ഥലം നല്‍കിയതും ഉദയഗിരിയില്‍ പള്ളി പണിയുന്നതിനുള്ള പണം ഡിലനോയിയുടെ ആവശ്യപ്രകാരം  കാര്‍ത്തിക തിരുനാള്‍ രാമവര്‍മ മഹാരാജാവ് നല്‍കിയതും പള്ളിവികാരിക്ക് 100 പണം വേതനമായി നല്‍കിയതും ചരിത്രരേഖകൾ ഉദ്ധരിച്ച് കത്തില്‍ പറയുന്നുണ്ട്.

  തിരുവിതാംകൂര്‍ രാജവംശം കത്തോലിക്കരോട് കാണിച്ചിരുന്ന ഉദാരമനസ്കതയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് 1774-ല്‍ കാര്‍ത്തിക തിരുനാളിന് ക്ലെമന്‍റ് പതിനാലാമന്‍ മാര്‍പാപ്പയും ഷഷ്ട്യബ്ദ പൂര്‍ത്തി ആഘോഷിക്കുന്ന വേളയില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പയും എഴുതിയ കത്തുകളും ഇരുവരും ഉദ്ധരിക്കുന്നുണ്ട്.

  2022 മെയ് 15 നാണ് ദേവസഹായം പിള്ളയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി  പ്രഖ്യാപിച്ചത്. 'ഇന്ത്യയില്‍നിന്ന് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന പ്രഥമ അല്‍മായ രക്തസാക്ഷി' എന്നാണ് ദേവസഹായം പിള്ളയെ കത്തോലിക്ക സഭ വിശേഷിപ്പിത് .

  കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനു സമീപം നട്ടാലത്ത് 1712 ഏപ്രിൽ 23ന് ജനിച്ച നീലകണ്ഠപ്പിള്ളയാണ് ക്രിസ്തുമതം സ്വീകരിച്ച് ദേവസഹായം പിള്ളയായി മാറിയത്. മാർത്താണ്ഡവർമയുടെ ഭരണകാലത്ത് തിരുവിതാംകൂർ സൈന്യത്തിൽ ഉന്നതപദവി വഹിച്ചിരുന്ന അദ്ദേഹം വടക്കാൻകുളം പള്ളിയിലെ ഈശോ സഭ വൈദികനായിരുന്ന ജെ.പി.ബുട്ടാരിയിൽ നിന്ന് 1745 മേയ് 17ന് ജ്ഞാനസ്നാനം സ്വീകരിച്ചു. 1752 ജനുവരി 14ന് കാറ്റാടിമലയിൽ വെടിയേറ്റു മരിച്ചു. 2012 ഡിസംബർ 2 നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
  Published by:Arun krishna
  First published: