VD Satheesan | 'ആർഎസ്എസും എസ്ഡിപിഐയും അഴിഞ്ഞാടുന്നു'; നോക്കുകുത്തിയായി പൊലീസ്' പ്രതിപക്ഷനേതാവ് വി ഡി സതീശൻ
- Published by:Anuraj GR
- news18-malayalam
Last Updated:
'സോഷ്യല്‍ എഞ്ചിനീയറിങ് എന്ന ഓമനപ്പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ പരിണിതഫലമാണ് ഈ കൊലപാതകങ്ങളെല്ലാം'
തിരുവനന്തപുരം: കേരളത്തില്‍ നിരന്തരമായി വര്‍ഗീയ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടകള്‍ നടത്തുന്ന കൊലപാതകങ്ങളും വര്‍ധിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ (V D Satheesan) ആരോപിച്ചു. അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും മുന്നില്‍ പൊലീസ് (Kerala Police) നോക്കുകുത്തിയായി നില്‍ക്കുന്നു. വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാറിന് ഒരു അവകാശവുമില്ല. കേരളത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഗുണ്ടാ കൊറിഡോറായി മാറിയിരിക്കുകയാണ്. വര്‍ഗീയ ശക്തികളായ എസ്.ഡി.പി.ഐയും ആര്‍.എസ്.എസും അഴിഞ്ഞാടുകയാണെന്നും വി ഡി സതീശൻ വർക്കലയിൽ മാധ്യമങ്ങളോട് പറഞ്ഞു.
സോഷ്യല്‍ എഞ്ചിനീയറിങ് എന്ന ഓമനപ്പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ പരിണിതഫലമാണ് ഈ കൊലപാതകങ്ങളെല്ലാം എന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ആരെയും എതിര്‍ക്കാനുള്ള ശക്തി സര്‍ക്കാരിനില്ല. പൊലീസിലും ന്യൂനപക്ഷ വര്‍ഗീയവാദികളും ഭൂരിപക്ഷ വര്‍ഗീയവാദികളും നുഴഞ്ഞുകയറിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് സി.പി.എം സമ്മേളനങ്ങളില്‍ പോലും ആക്ഷേപമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തരവകുപ്പ് ഭരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ല. ഭയന്നാണ് കേരളം ജീവിക്കുന്നത്. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ സിപിഎമ്മിന്റെ 14 ജില്ലാ സമ്മേളനങ്ങളിലും വിമര്‍ശനമുണ്ടായ കാര്യവും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
advertisement
പൊതുഗതാഗതം മെച്ചപ്പെടുത്താന്‍ രണ്ടു ലക്ഷം കോടി രൂപയുടെ സില്‍ലൈന്‍ ഉണ്ടാക്കാന്‍ പോകുമ്പോള്‍, ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയില്‍ വിഷുവും ഈസ്റ്ററും ഒന്നിച്ച് വന്നിട്ടും ശമ്പളമില്ല. ഏറ്റവും വലിയ പൊതുഗതാഗത സംവിധാനത്തെ സര്‍ക്കാര്‍ ദയാവധത്തിന് വിട്ടു നല്‍കി തകര്‍ക്കുകയാണ്. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ വൈദ്യുതി ബോര്‍ഡില്‍ എന്താണ് നടക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് എന്തെങ്കിലും പിടിയുണ്ടോ? സി.ഐ.ടി.യുക്കാര്‍ മന്ത്രിയെയും ചെയര്‍മാനെയും ഭീഷണിപ്പെടുത്തുകയാണ്. വാട്ടര്‍ അതോറിട്ടിയിലും ഘടകകക്ഷി മന്ത്രിയെ സി.ഐ.ടിയു നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നു. ഘടകക്ഷികളുടെ വകുപ്പുകളിലെല്ലാം സി.ഐ.ടി.യു ഗുണ്ടായിസമാണ്. വൈദ്യുതി, ജലസേചനം, ഗതാഗതം എന്നീ വകുപ്പുകള്‍ക്ക് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ സി.ഐ.ടിയുവിന്റെ തോന്യാസമാണ് നടക്കുന്നത്. ഇതൊന്നും ചോദിക്കാന്‍ മുഖ്യമന്ത്രി ഇല്ലേ? ഒന്നാം വര്‍ഷികമായിട്ടും മുഖ്യമന്ത്രിക്ക് ഭരിക്കാന്‍ അറിയില്ലേ?
advertisement
മുഴുവന്‍ വകുപ്പുകളും സമ്പൂര്‍ണ പരാജയമാണ്. ആരോഗ്യവകുപ്പ് ഏറ്റവും മോശം വകുപ്പാണെന്ന് ചീഫ് സെക്രട്ടറി തന്നെ പറയുകയാണ്. കുട്ടനാട്ടില്‍ കൃഷി നാശമുണ്ടായിട്ടും സര്‍ക്കാരിന്റെ സാന്നിധ്യമില്ല. ആഭ്യന്തര വകുപ്പിലും ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ്. പാര്‍ട്ടിക്കും പാര്‍ട്ടിയുമായി ബന്ധപ്പെട്ട സംഘടനകളെയും കയറഴിച്ച് വിട്ട് മുഖ്യമന്ത്രി വെറുതെയിരിക്കുകയാണ്. ഭരിക്കാനുള്ള ഉത്തരവാദിത്തം മറന്ന് മുഖ്യമന്ത്രി സില്‍വര്‍ ലൈനിന് പിന്നാലെ നടക്കുന്നു. കേരളത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണോ സില്‍വര്‍ ലൈന്‍? അതാണോ കേരളത്തിന്റെ മുന്‍ഗണന? എല്ലാ വകുപ്പുകളിലും കുഴപ്പങ്ങള്‍ നില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ ഒന്നാം വര്‍ഷികം ആഘോഷിക്കുന്നത്. ഇതു പോലൊരു കാലം കേരളത്തില്‍ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. ഈ സാഹചര്യത്തില്‍ ആഘോഷ പരിപാടികള്‍ പിന്‍വലിക്കാന്‍ തയാറാകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
advertisement
അടുത്ത മാസം ശമ്പളം കൊടുക്കാന്‍ പണമില്ലെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍ പാര്‍ട്ടി നേതാവിനെ കോ- ഓര്‍ഡിനേറ്ററായി നിയമിച്ചത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശമ്പളമായ രണ്ടര ലക്ഷം രൂപയ്ക്കാണ്. ചീഫ് സെക്രട്ടറിയുടെ ശമ്പളത്തില്‍ നിയമിക്കാത്തത് കേരളത്തിലെ ജനങ്ങളുടെ ഭാഗ്യം. പെന്‍ഷന്‍ കൊടുക്കാന്‍ കെ.എഫ്.സിയില്‍ നിന്നും 500 കോടി രൂപ ഏഴര ശതമാനം പലിശയ്ക്കാണ് വായ്പയെടുത്തത്. സര്‍ക്കാരിന്റെ കൈയ്യില്‍ പണമില്ലെന്നാണ് പറയുന്നത്. എന്നാല്‍ സ്വന്തക്കാരെ പ്രത്യേക ലാവണങ്ങളില്‍ നിയമിച്ച് ശമ്പളം കൊടുക്കാനുള്ള പണം സര്‍ക്കാരിന്റെ കയ്യിലുണ്ട്. ഒരു കൊല്ലം കൊണ്ട് ഇത്രയും വഷളാക്കാമെന്ന് മുഖ്യമന്ത്രി തെളിയിച്ചു. ഇത്രയും അരാജകത്വം വിവിധ വകുപ്പുകളില്‍ ഉണ്ടായ കാലം കേരളത്തിലുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് വാര്‍ഷിക ആഘോഷം പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
advertisement
തൃക്കാക്കര മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. പി.ടി തോമസിന്റെ വീട്ടില്‍ നേതാക്കള്‍ പോയത് സ്ഥാനാര്‍ഥി നിര്‍ണയത്തിനാണെന്ന് ആരും പറഞ്ഞിട്ടില്ല. അത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. പി.ടിയുടെ കുടുംബം ഞങ്ങളുടെയും കുടുംബാംഗങ്ങളാണ്. സ്ഥാനാര്‍ഥി ചര്‍ച്ച തുടങ്ങാന്‍ പോകുന്നതേയുള്ളൂ. എല്ലാ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തൂവെന്നും വി ഡി സതീശൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 16, 2022 3:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
VD Satheesan | 'ആർഎസ്എസും എസ്ഡിപിഐയും അഴിഞ്ഞാടുന്നു'; നോക്കുകുത്തിയായി പൊലീസ്' പ്രതിപക്ഷനേതാവ് വി ഡി സതീശൻ


