'പ്രതിഷേധിക്കുന്നവരുടെ തലയില്‍ ചെടിച്ചട്ടി കൊണ്ട് അടിക്കുന്നതാണോ നവകേരള സദസ്?' : വി.ഡി. സതീശൻ
- Published by:user_57
- news18-malayalam
Last Updated:
'ജനങ്ങളുടെ ഇടയില്‍ 18 മണിക്കൂര്‍ നിന്ന് പരാതി കേട്ട മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിരുന്നെന്ന് ഓര്‍ക്കണം. അത് മറക്കരുത്' : വി.ഡി. സതീശൻ
സി.പി.എം. – ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇന്നലെ കണ്ണൂരില്‍ നടത്തിയത് രാഷ്ട്രീയപ്രവര്‍ത്തനമല്ല, ഗുണ്ടായിസവും രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വത്ക്കരണവുമാണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കേട്ടുകേള്‍വിയില്ലാത്ത ക്രൂരമായ മര്‍ദ്ദനമാണ് കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അഴിച്ചുവിട്ടത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന ക്രിമിനലുകളായ പൊലീസുകാര്‍ വയര്‍ലെസ് സെറ്റ് ഉപയോഗിച്ച് വരെ മര്‍ദ്ദിച്ചു. പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവരെ ചെടിച്ചട്ടിയും ഹെല്‍മറ്റും ഉപയോഗിച്ച് ആക്രമിച്ചു.
അക്രമത്തെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. പരിണിതപ്രജ്ഞരായ നിരവധി നേതാക്കള്‍ ഇരിക്കുന്ന കസേരയിലാണ് താന്‍ ഇരിക്കുന്നതെന്ന് പിണറായി വിജയന്‍ മറന്നു പോയിരിക്കുകയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോള്‍ രാഷ്ട്രീയ എതിരാളികളെ കൊല്ലാനും വീടുകള്‍ കത്തിക്കാനും ഉത്തരവ് നല്‍കിയിരുന്ന ക്രിമിനലായിരുന്നു പിണറായി വിജയന്‍. അതേ ക്രിമിനല്‍ മനസുള്ള ഒരാളാണ് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നതെന്ന് ഓര്‍ത്ത് കേരളം ലജ്ജിക്കുകയാണ്. ഇത്രയും ക്രൂരമായ അക്രമം നടത്തിയ സി.പി.എം. ക്രിമിനലുകളെ മുഖ്യമന്ത്രി പ്രശംസിക്കുകയാണ്. ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സാണ് മുഖ്യമന്ത്രി കൊടുക്കുന്നത്. മുഖ്യമന്ത്രി കസേരയില്‍ നിന്നും കേരളം ഈ മനുഷ്യനെ അപമാനിച്ച് പുറത്താക്കും.
advertisement
കേരളത്തിലെ ഒരു മുഖ്യമന്ത്രിയും കാണിക്കാത്ത തരത്തില്‍ ഉളുപ്പില്ലാത്ത വര്‍ത്തമാനമാണ് പിണറായി വിജയന്‍ പറയുന്നത്. ക്രിമിനലിന്റെ മനസുള്ളതു കൊണ്ടാണ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ച കുട്ടികളെ ആക്രമിച്ച ക്രിമിനലുകളെ ന്യായീകരിച്ചത്. നാണവും ഇല്ലാതെയാണ് മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നു കൊണ്ട് ക്രിമിനലുകളെ ന്യായീകരിക്കുന്നത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം ഒരു ഗ്യാങ്സ്റ്റര്‍ സ്റ്റേറ്റായി മാറിയിരിക്കുകയാണ്. ഗുണ്ടകളുടെ നാടായി കേരളം മാറുകയാണ്. ഇതു തന്നെയാണ് ബംഗാളിലെ സി.പി.എമ്മിന്റെ പതനത്തിന് കാരണമായത്. ബംഗാളില്‍ അവസാനകാലത്തുണ്ടായ മഹാദുരന്തത്തിലേക്കാണ് പിണറായി വിജയന്‍ കേരളത്തിലെ സി.പി.എമ്മിനെ കൂട്ടിക്കൊണ്ട് പോകുന്നത്.
advertisement
വഴിയില്‍ നിന്ന് കരിങ്കൊടി കാട്ടി പ്രതിഷേധിക്കാന്‍ പോലും അനുവദിച്ചില്ലെങ്കില്‍ എം.എല്‍.എമാരും എം.പിമാരും ഉള്‍പ്പെടെ യു.ഡി.എഫ്. നേതാക്കാള്‍ പിണറായിയെ കരിങ്കൊടി കാണിക്കും. മര്‍ദ്ദിച്ചും തല്ലിയും ഒതുക്കാമെന്നാണ് കരുതുന്നതെങ്കില്‍ നമുക്ക് നോക്കാം. എത്ര പേരെ തല്ലിയൊതുക്കാമെന്നു കാണാം. യൂത്ത് കോണ്‍ഗ്രസുകാര്‍ ആത്മഹത്യാ സ്‌ക്വാഡാണെന്നും ഭീകരവാദമാണെന്നും പറയാന്‍ മന്ത്രിമാര്‍ക്കും സി.പി.എം നേതാക്കള്‍ക്കും നാണമുണ്ടോ?
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നെഞ്ചിലേക്ക് കല്ല് വലിച്ചെറിഞ്ഞത് എന്ത് ഭീകരവാദമായിരുന്നു? അത് ഏത് ആത്മഹത്യ സ്‌ക്വാഡായിരുന്നു? ഏത് ചാവേറായിരുന്നു? ഉമ്മന്‍ ചാണ്ടിയെ വധിക്കാന്‍ കല്ലുമായി ക്രിമിനലുകളെ വിട്ട പിണറായി വിജയനാണ് ഇപ്പോഴും ക്രിമിനലുകളെ ന്യായീകരിക്കുന്നത്. കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഇതാണോ നവകേരള സദസ്? പ്രതിഷേധിക്കുന്നവരെ ചെടിച്ചട്ടിയും ഹെല്‍മറ്റും കൊണ്ട് തലയില്‍ അടിക്കുന്നതാണോ നവകേരളം? ഇത് ഗുണ്ടകളുടെ നാടാണ്. അതിനാണ് മുഖ്യമന്ത്രി ലൈസന്‍സ് കൊടുക്കുന്നത്.
advertisement
അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണ് കിടക്കുകയാണ് സര്‍ക്കാര്‍. അതില്‍ നിന്നും രക്ഷപ്പെടാനുള്ള പ്രയത്‌നമാണിത്. യോഗത്തിന് ചീഫ് സെക്രട്ടറി സ്വാഗതം പറഞ്ഞതിന് ശേഷം മുഖ്യമന്ത്രി പ്രസംഗിക്കുന്നത് മുഴുവന്‍ രാഷ്ട്രീയമാണ്. എന്ത് ഔദ്യോഗിക പരിപാടിയാണിത്? ഇത് പാര്‍ട്ടി പരിപാടിയല്ലേ? ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന പാര്‍ട്ടി പരിപാടി. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രചരണമാണ്. ഒരു രാഷ്ട്രീയ യോഗത്തിന് സ്വാഗതം പറയേണ്ട ഗതികേട് കേരളത്തില്‍ ആദ്യമായി ഒരു ചീഫ് സെക്രട്ടറിക്ക് വന്നിരിക്കുകയാണ്. ഉദ്യോഗസ്ഥമാരെയൊക്കെ പിരിവിന് ഇറക്കിയിരിക്കുകയാണ്.
advertisement
എത്ര ഫ്‌ളെക്‌സ് വച്ചിട്ടുണ്ടെന്നതിന്റെ പടം എടുത്ത് സി.പി.എം. ഏര്യാ സെക്രട്ടറിയുടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന ജോലിയാണ് തഹസീല്‍ദാറും വില്ലേജ് ഓഫീസറും പാഞ്ചായത്ത് സെക്രട്ടറിയുമൊക്കെ ചെയ്യുന്നത്. പാര്‍ട്ടി പരിപാടി വിജയിപ്പിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ഇറങ്ങിയിരിക്കുകയാണ്. ഇതുപോലെ അധികാരം ദുരുപയോഗം ചെയ്ത സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല.
അഴിമതി നടത്തി കുറെ പണം ഉണ്ടാക്കിയിട്ടുണ്ടല്ലോ. അതുപയോഗിച്ച് പരിപാടി നടത്തിയാല്‍ പേരെ. നവകേരള സദസില്‍ രാഷ്ട്രീയം പറയുന്ന മുഖ്യമന്ത്രി അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം പറയുന്നില്ല. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇതുവരെ മറുപടിയില്ല. ധൈര്യമുണ്ടെങ്കില്‍ മറുപടി പറയണം. ഏഴ് മാസം വായ മൂടിക്കെട്ടി ഇരിക്കുകയായിരുന്നല്ലോ? എന്നിട്ടാണ് അക്രമങ്ങളെ ന്യായീകരിക്കുന്നത്.
advertisement
ഇങ്ങനെയാണെങ്കില്‍ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ എന്തായിരിക്കും സ്ഥിതി? മന്ത്രിമാര്‍ക്ക് ഒരു റോളുമില്ല. മുഖ്യമന്ത്രിക്കൊപ്പം വെറുതെ യാത്ര ചെയ്യുകയാണ്. ജനങ്ങളുടെ പരാതി പോലും മന്ത്രിമാര്‍ സ്വീകരിക്കുന്നില്ല. പൗരപ്രമുഖരുമായി ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ മന്ത്രിമാരുമായി മുഖ്യമന്ത്രി ഇറങ്ങിയിരിക്കുകയാണ്. പിന്നീട് അങ്ങോട്ട് ഒന്നും പറയാന്‍ അനുവദിക്കാത്ത രീതിയില്‍ ആകാശവാണിയാകും.
ജനങ്ങളുടെ ഇടയില്‍ 18 മണിക്കൂര്‍ നിന്ന് പരാതി കേട്ട മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിരുന്നെന്ന് ഓര്‍ക്കണം. അത് മറക്കരുത്. മെയ് രണ്ട് മുതല്‍ ജൂണ്‍ നാല് വരെ എല്ലാ താലൂക്കുകളിലും മന്ത്രിമാര്‍ അദാലത്ത് നടത്തി ലഭിച്ച പതിനായിരക്കണക്കിന് പരാതികളില്‍ ഏതെങ്കിലും ഒന്നിന് പരിഹാരം ഉണ്ടാക്കിയിട്ടുണ്ടോ? നാല് മാസമായി സാമൂഹിക സുരക്ഷാ പെന്‍ഷനും നെല്ല് സംഭരണത്തിനുള്ള പണവും കുട്ടികള്‍ക്ക് ഉച്ചയൂണിനുള്ള പണവും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള ശമ്പളവും പെന്‍ഷനും കൊടുക്കാത്തവരാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. നികുതി പിരിവ് നടത്തേണ്ടവരെ ആളുകളെ ഭീഷണപ്പെടുത്തി പണപ്പിരിവിന് ഇറക്കിയിരിക്കുകയാണ്. അരാജകത്വമാണ് സംസ്ഥാനത്ത്. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. ജനങ്ങളെ ദുരിതത്തിലാക്കി സര്‍ക്കാര്‍ കാട്ടുന്ന അശ്ലീലകെട്ടുകാഴ്ചയെ കേരളം വിലയിരുത്തുക തന്നെ ചെയ്യും.
advertisement
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കരിങ്കൊടി കാട്ടിയിട്ടുള്ള പ്രസ്ഥാനമാണ് സി.പി.എം എന്നത് അധികാരത്തിന്റെ ലഹരിയില്‍ മറന്നു പോയോ? ഇനിയും പ്രതിഷേധക്കാരെ ആക്രമിക്കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ കൊല്ലാന്‍ ആളെ വിടുന്ന പണി മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് ചെയ്യരുത്. ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കെ ഇതുപോലെ വൃത്തികേട് കാണിച്ചവരെ പ്രശംസിച്ച മുഖ്യമന്ത്രിയെ ക്രിമിനല്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? വഴിയിരുകില്‍ നിന്നും പ്രതിഷേധം പ്രകടിപ്പിക്കാന്‍ പറ്റാത്ത നാടായി കേരളം മാറിയോ. ഗുണ്ടകളെയും ക്രിമിനലുകളെയും അകമ്പടിയാക്കിയാണ് മുഖ്യമന്ത്രി യാത്ര ചെയ്യുന്നത്. അശ്ലീല കെട്ടുകാഴ്ചയാണ് നടക്കുന്നത്. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നുവെന്ന് പറഞ്ഞിട്ട് ഇഷ്ടമുള്ളവരെ വിളിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയാണ്. ജനങ്ങളുടെ പരാതി ഉദ്യോഗസ്ഥര്‍ സ്വീകരിക്കുക, ഇതിന് വേണ്ടി പിരിവ് നടത്തുക, നാട്ടിലെ ജനങ്ങളെ കൊള്ളയടിക്കുക, നികുതിപ്പണത്തില്‍ നിന്നും പഞ്ചായത്തിന്റെ പണം എടുക്കുക, ബാങ്കുകളുടെ പണം എടുത്തുകൊണ്ട് പോകുക, എന്നിട്ട് രാഷ്ട്രീയ പ്രസംഗം നടത്തുക. എന്നിട്ടും അക്രമത്തെ ന്യായീകരിച്ച മുഖ്യമന്ത്രിയുടേത് ക്രിമിനല്‍ മനസാണ്. പ്രതിഷേധിക്കാന്‍ അവസരമില്ലെന്ന സ്ഥിതിയുണ്ടായാല്‍ യു.ഡി.എഫ് നേതാക്കള്‍ തെരുവില്‍ ഇറങ്ങി കരിങ്കൊടി കാണിക്കും.
പിണറായി വിജയന്‍ ഇരുന്ന സീറ്റുള്ള ബസ് മ്യൂസിയത്തില്‍ വയ്ക്കാമെന്നും വിറ്റാല്‍ കോടികള്‍ കിട്ടുമെന്നും പറഞ്ഞ പാര്‍ട്ടി സെക്രട്ടറിയും നേതാക്കളും ഉള്‍പ്പെടെയുള്ള അടിമകളുള്ള പാര്‍ട്ടിയാണ് സി.പി.എം. ഇവരൊക്കെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം പഠിക്കണം. മുഖ്യമന്ത്രിയെ പ്രീണിപ്പിക്കാന്‍ വേണ്ടി ബസ് മ്യൂസിയത്തില്‍ വയ്ക്കണമെന്ന് പറയുന്ന നേതാക്കളുള്ള പാര്‍ട്ടിയായി സി.പി.എം മാറി. എന്തൊരു നാണക്കേടാണിത്. അഭിമാനബോധമുള്ള കമ്മ്യൂണിസ്റ്റുകാര്‍ ഇവരൊക്കെ കാണിക്കുന്നത് കണ്ട് തലകുനിയ്ക്കും. അത്മാഭിമാനമുള്ള സി.പി.എമ്മുകാര്‍ ഇതിനെതിരെ പ്രതികരിക്കും.
നവകേരളസദസ് കൊണ്ട് കേരളത്തിലെ ഏതെങ്കിലും പാവപ്പെട്ടവന് എന്തെങ്കിലും ആശ്വാസം ഉണ്ടാകുമോ? കാസര്‍കോട് പ്രമുഖരെ കണ്ടിട്ടും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഒരു പരാതി പോലും പരിഹരിച്ചില്ല. ആരാണ് പൗരപ്രമുഖരെന്ന് വിവരാവകാശ നിയമപ്രകാരം പഞ്ചായത്ത് അംഗം ചോദിച്ചിട്ടുണ്ട്. പൗരപ്രമുഖരുമായാണ് ബന്ധം. അല്ലാത്തവരോട് കടക്കൂ പുറത്തെന്ന് പറയും. പാവങ്ങള്‍ക്ക് അടുത്ത് കൂടി പോകാന്‍ പോലും അനുവാദമില്ല.
ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ സൗഹൃദത്തിലാണ്. അതുകൊണ്ടാണ് അവര്‍ നവകേരള സദസിനെതിരെ രംഗത്ത് വരാത്തത്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ലാവലിന്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വരും. അവര്‍ ധാരണയില്‍ തന്നെ പോകട്ടെ.
യു.ഡി.എഫ് വിചാരണ സദസില്‍ പൗരപ്രമുഖരായി പാവങ്ങളായ കര്‍ഷകരും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കിട്ടാത്തവരും കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കിട്ടാത്തവരും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടവരും തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും എന്നും സതീശൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 21, 2023 2:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രതിഷേധിക്കുന്നവരുടെ തലയില്‍ ചെടിച്ചട്ടി കൊണ്ട് അടിക്കുന്നതാണോ നവകേരള സദസ്?' : വി.ഡി. സതീശൻ