വീണാ വിജയൻ പണം കൈപ്പറ്റിയെന്ന വിവാദം നിയമസഭയിൽ ഉന്നയിക്കില്ല; പ്രതിപക്ഷത്ത് ഭിന്നത?
- Published by:Anuraj GR
- news18-malayalam
Last Updated:
വീണയ്ക്ക് പണം നൽകിയതെന്ന് ആരോപണം ഉയർന്ന കമ്പനിയിൽനിന്ന് പ്രതിപക്ഷത്തെ ഉൾപ്പടെ രാഷ്ട്രീയ നേതാക്കൾ പണം കൈപ്പറ്റിയെന്ന വിവരം പുറത്തുവന്നിരുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ, സ്വകാര്യ കമ്പനിയിൽനിന്ന് പണം കൈപ്പറ്റിയെന്ന ആരോപണം നിയമസഭയിൽ ഉന്നയിക്കാതെ പ്രതിപക്ഷം. വീണയ്ക്ക് പണം നൽകിയതെന്ന് ആരോപണം ഉയർന്ന കമ്പനിയിൽനിന്ന് പ്രതിപക്ഷത്തെ ഉൾപ്പടെ രാഷ്ട്രീയ നേതാക്കൾ പണം കൈപ്പറ്റിയെന്ന വിവരം പുറത്തുവന്നിരുന്നു. ഇതേത്തുടർന്നാണ് വിഷയം നിയമസഭയിൽ ഉന്നയിക്കേണ്ടതില്ലെന്ന് പ്രതിപക്ഷത്തെ ഒരു വിഭാഗം നേതാക്കൾ നിലപാട് സ്വീകരിച്ചത്.
അതേസമയം വിഷയം നിയമസഭയിൽ ഉന്നയിക്കാത്തതിൽ വിമർശനവുമായി ബിജെപി രംഗത്തെത്തി. പണം കൈപ്പറ്റിയവരിൽ യുഡിഎഫ് നേതാക്കളും ഉണ്ടായതുകൊണ്ടാണ് ഈ പ്രശ്നം സഭയിൽ ഉന്നയിക്കാത്തതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വീണയ്ക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇ പി ജയരാജൻ പറഞ്ഞു.
വീണയ്ക്ക് ഒരു സ്വകാര്യ കമ്പനി പ്രത്യേക സേവനമൊന്നും നൽകാതെ മൂന്നു വർഷത്തിനിടെ 1.72 കോടി രൂപ നൽകിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഈ പണം നൽകിയത് ‘പ്രമുഖ വ്യക്തി’യുമായുള്ള ബന്ധം പരിഗണിച്ചാണെന്നും ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ന്യൂഡൽഹി ബെഞ്ച് തീർപ്പു കൽപിക്കുകയും ചെയ്തിരുന്നു. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയാണ് ടി.വീണയ്ക്ക് ഈ പണം നൽകിയത്.
advertisement
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയാണ് ടി.വീണയ്ക്ക് ഈ പണം നൽകിയത്. സിഎംആർഎലുമായി ടി.വീണയും ടി. വീണയുടെ ഉടമസ്ഥതയിലെ എക്സാലോജിക് സൊല്യൂഷ്യൻസ് എന്ന സ്ഥാപനവും ഐടി, സോഫ്റ്റ്‌വെയർ, മാർക്കറ്റിങ് കൺസൽറ്റൻസി എന്നീ സേവനങ്ങൾ ലഭ്യമാക്കാൻ കരാറുണ്ടാക്കിയിരുന്നു. ഈ കരാർപ്രകാരം മാസം തോറും പണം നൽകിയാതായി സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്താ ആദായനികുതി വകുപ്പിനു മൊഴി നൽകി.
advertisement
കണക്കനുസരിച്ച് വീണയ്ക്ക് 55 ലക്ഷവും എക്സാലോജിക്കിന് 1.17 കോടിയുമായി ആകെ 1.72 കോടി രൂപ സിഎംആർഎൽ നൽകി. എന്നാൽ കരാർപ്രകാരമുള്ള സേവനങ്ങളെന്തെങ്കിലും ലഭിച്ചതായി തങ്ങൾക്കും അറിയില്ലെന്ന് സിഎംആർഎലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്. സുരേഷ്കുമാറും ചീഫ് ജനറൽ മാനേജർ പി.സുരേഷ്കുമാറും മൊഴി നൽകി. കർത്തയും കമ്പനി ഉദ്യോഗസ്ഥരും പിന്നീട് മൊഴി പിൻവലിക്കാനായി ഒരു സത്യവാങ്മൂലത്തിലൂടെ ശ്രമിച്ചു എങ്കിലും നിയമവിരുദ്ധമായാണ് വീണയ്ക്കും എക്സാലോജിക്കിനും പണം നൽകിയതെന്ന വാദത്തിൽ ആദായനികുതി വകുപ്പ് ഉറച്ചുനിന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 10, 2023 11:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീണാ വിജയൻ പണം കൈപ്പറ്റിയെന്ന വിവാദം നിയമസഭയിൽ ഉന്നയിക്കില്ല; പ്രതിപക്ഷത്ത് ഭിന്നത?



