കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി
വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യപേക്ഷയും വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയും മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. എന്നാൽ നവംബർ 30 തിങ്കളാഴ്ച ആശുപത്രിയിൽ ഉപാധികളോടെ ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചു. ആരോഗ്യ സ്ഥിതി സംബന്ധിച്ച
മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കൂടി കണക്കിലെടുത്താണ് കോടതി ഉത്തരവ്.
തിങ്കളാഴ്ച്ച രാവിലെ 9 മുതൽ 12 വരെയും വൈകിട്ട് മൂന്നു മുതൽ 5 വരെയും ആശുപത്രിയിലെത്തി വിജിലൻസിന് ചോദ്യം ചെയ്യാം. വിജിലൻസിനു മുൻപാകെ ഏഴ് നിബന്ധനകളാണ് കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്.
ചോദ്യം ചെയ്യലിനിടയിൽ ചികിത്സ തടസ്സപ്പെടുത്തരുത്. ചോദ്യം ചെയ്യൽ സംഘത്തിൽ മൂന്ന് പേർ മാത്രമേ പാടുള്ളു. ഒരു മണിക്കൂർ ചോദ്യം ചെയ്താൽ 15 മിനിറ്റ് വിശ്രമം നൽകണം. ചോദ്യം ചെയ്യലിനിടയിൽ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുത്. ചോദ്യം ചെയ്യലിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർ കോവിഡ് പരിശോധന നടത്തണം.
ഉപാധികൾ ഉറപ്പു വരുത്താൻ കോടതി ഉത്തരവിന്റെ പകർപ്പ് ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കും നൽകും. ചോദ്യം ചെയ്യലിന് ശേഷം റിപ്പോർട്ട് ഉടൻ ഹാരാക്കണമെന്നും വിജിലൻസ് കോടതിയുടെ ഉത്തരവിലുണ്ട്. ഉപാധികൾ വ്യക്തമാക്കിയ ശേഷം ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ തള്ളിയതായി വിജിൻസ് കോടതി അറിയിച്ചു.
കേസിൽ അഞ്ചാം പ്രതിയായ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞിനെ 4 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നണ് വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടത്. ഒപ്പം സ്വകാര്യ ആശുപത്രിയിൽ നിന്നും മാറ്റണമെന്നും വിജിലൻസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് വിജിലൻസിനു പ്രതികൂലമായി.
തുടർന്ന് ആശുപത്രി മാറ്റത്തിൽ നിന്നും അവർ സ്വമേധയാ പിൻവാങ്ങിയിരുന്നു. പാലാരിവട്ടം പാലം അഴിമതി കേസിൽ കഴിഞ്ഞ നവംബർ 18ന് അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ് നിലവിൽ രണ്ടാഴ്ചത്തെ ജൂഡീഷ്യൽ കസ്റ്റഡിയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.