കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായി ആശുപത്രിയിൽ കഴിയുന്ന മുൻ മന്ത്രി
വി.കെ ഇബ്രാഹിം കുഞ്ഞിന് സർക്കാർ ആശുപത്രിയിൽ ചികത്സ നൽകാൻ കഴിയുമോയെന്നു പരിശോധിക്കാൻ കോടതി നിർദ്ദേശം. ജില്ലാ മെഡിക്കൽ ഓഫിസറോട് ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകാനും മുവാറ്റുപുഴ വിജിലൻസ് കോടതി ആവശ്യപ്പെട്ടു. കേസിൽ കസ്റ്റഡി അപേക്ഷയും ജാമ്യപേക്ഷയും നാളെ പരിഗണിക്കാൻ മാറ്റി.
അർബുദത്തിന് ചികിത്സയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞിന് തുടർചികിത്സ ആവശ്യമെന്നാണ് മെഡിക്കൽ റിപ്പാർട്ട്. ഈ മാസം 19 ന് കീമോ തെറാപ്പി ചെയ്തതാണ്. അടുത്ത മാസം മൂന്നിന് വീണ്ടും കീമോ ചെയ്യണം. 33 തവണ വിവിധ സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്തി. ആശുപത്രിയിൽ നിന്ന് മാറ്റിയാൽ അണുബാധയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ഇതു പരിഗണിച്ച കോടതി സാധാരണ രീതിയിൽ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വിടാൻ കഴിയുന്ന സാഹചര്യം അല്ലെന്ന് വിലയിരുത്തി. ചികിത്സ സർക്കാർ ആശുപത്രിയിൽ നൽകാൻ കഴിയുമോയെന്നു പരിശോധിക്കണമെന്ന് പ്രോസിക്യുഷനും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഇത് പരിശോധിക്കാൻ ഡിഎംഒ യോട് ആവശ്യപ്പെട്ടത്.
നാളെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യപേക്ഷയും വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും.
അതേസമയം പാലാരിവട്ടം പാലം അഴിമതി കേസിൽ നാല് ഉദ്യോഗസ്ഥരെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. പൊതുമരാമത്ത് സ്പെഷൽ സെക്രട്ടറി കെ സോമരാജൻ, അണ്ടർ സെക്രട്ടറി ലതാ കുമാരി, അഡിഷണൽ സെക്രട്ടറി സണ്ണി ജോൺ, ഡെപ്യൂട്ടി സെക്രട്ടറി പി എസ് രാജേഷ് എന്നിവരാണ് പ്രതിപ്പട്ടികയിൽ പുതുതായി ചേർക്കപ്പെട്ടവർ. ഇതോടെ കേസിൽ പ്രതികളുടെ എണ്ണം 17 ആയി.
കേസിൽ അറസ്റ്റിലായ 13 ആം പ്രതി ബി.വി നാഗേഷിന്റ ജാമ്യാപേക്ഷയിലും വിജിലൻസ് കോടതി ബുധനാഴ്ച്ച വിധി പറയും. പാലത്തിന്റെ രൂപ രേഖ തയാറാക്കിയ നാഗേഷ് കൺസൽട്ടൻസിയുടെ മാനേജിങ് പാർട്റാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.