ആരോഗ്യനിലയില്‍ പുരോഗതി; ബാലഭാസ്‌കറിനെ വെന്റിലേറ്ററില്‍നിന്ന് മാറ്റി
Last Updated:
തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി.
വെറ്റിലേറ്ററില്‍ നിന്ന് മാറ്റിയ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്കുമാറ്റി. അതേസമയം ഒരു ദിവസം കൂടി കഴിഞ്ഞാലെ എന്തെങ്കിലും പറയാനാകൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഭാര്യ ലക്ഷ്മിയുടെയും ആരോഗ്യനിലയിലും പുരോഗതിയുണ്ട്.
നേരത്തെ ബാലഭാസകര്‍ കണ്ണ് തുറക്കുകയും ലക്ഷ്മിയുടെ കണ്ണില്‍നിന്നും കണ്ണുനീര്‍ വരുകയും ചെയ്തതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇരുവരുടെയും ഈ പ്രതികരണങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

ചൊവ്വാഴ്ച ബാല ഭാസ്‌കറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. കഴുത്തിലെ കശേരുക്കളിലും സുഷുമ്‌നാ നാഡിയിലുമുണ്ടായ പരുക്ക് പരിഹരിക്കുന്നതിനായിരുന്നു ശസ്ത്രക്രിയ. ഇരുവരും മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ബാലഭാസകറിന് നാഡീവ്യൂഹത്തിനും ആന്തരികാവയങ്ങള്‍ക്കുമാണ് പരുക്കേറ്റത്. ഇതിനിടെ അപകടത്തില്‍ മരിച്ച മകള്‍ തേജസ്വി ബാല(2)യുടെ മൃതദേഹം എംബാം ചെയ്തു സൂക്ഷിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു.
advertisement
ശസ്ത്രക്രിയയ്ക്കു ശേഷവും ബാലഭാസ്‌ക്കറിനെ വെന്റിലേറ്ററിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായതിനെ തുടര്‍ന്നാണ് വെന്റിലേറ്റര്‍ സഹായം ഒഴിവാക്കിയത്. അതേസമയം ലക്ഷ്മിയെ ഇന്നലെ തന്നെ വെന്റിലേറ്ററില്‍ നിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. ഡ്രൈവര്‍ അര്‍ജുന്റെ പരിക്ക് ഗുരുതരമല്ല. അദ്ദേഹവും ചികിത്സയിലാണ്..

ബാലഭാസ്‌ക്കറിന്റെ ആരോഗ്യനിലയിലെ പുരോഗതി സംബന്ധിച്ച് ഒന്നു രണ്ടു ദിവസത്തിനുശേഷമെ എന്തെങ്കിലും പറയാനാകൂവെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. മാര്‍ത്താണ്ഡന്‍ പിള്ള പറഞ്ഞു. ബാലഭാസ്‌ക്കറിന്റെ കഴുത്തിലെ പരുക്കിനു പുറമെ ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ക്കും പരുക്കേറ്റിട്ടുണ്ട്.
advertisement
ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ന് ദേശീയപാതയില്‍ പള്ളിപ്പുറത്തിനു സമീപമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു.
ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ ഹൈവേ പട്രോളിങ് സംഘമാണ് അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം മടങ്ങുന്നതിനിടെയായിരുന്നു അപകടം. 16 വര്‍ഷത്തെ കാത്തിരുപ്പിനു ശേഷമാണ് ബാലഭാസ്‌കറിനും ലക്ഷ്മിക്കും മകള്‍ ജനിച്ചത്. കുഞ്ഞിന്റെ നേര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഇവര്‍ ക്ഷേത്രദര്‍ശനത്തിനു പോയത്.
advertisement
യുവതലമുറയില്‍ ഏറെ ശ്രദ്ധേയനായ വയലിനിസ്റ്റാണ് ബാലഭാസ്‌കര്‍. പ്രമുഖ വയലിനിസ്റ്റായ അമ്മാവന്‍ ബി. ശശി കുമാറിന്റെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ച ബാലഭാസ്‌കര്‍ പതിനേഴാം വയസ്സില്‍ മംഗല്യ പല്ലക്ക് എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീതം നല്‍കിയത്. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന്‍ പരിചയപ്പെടുത്തിയതും ബാലഭാസ്‌കറാണ്. 'ബാലലീല' എന്ന മ്യൂസിക് ബാന്‍ഡും ബാലഭാസ്‌ക്കറിനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 26, 2018 6:47 PM IST


