തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമിയിലെ ജാതി വിവേചന വിവാദത്തിൽ ചെയർപേഴ്സൺ കെ.പി.എ.സി. ലളിതയുടെ വാദം പൊളിയുന്നു.മോഹിനിയാട്ടം നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ.എൽ.വി. രാമകൃഷ്ണന് നൃത്താവതരണം നിഷേധിച്ച സംഭവത്തിൽ രാമകൃഷ്ണൻ്റെ പ്രസ്താവന സത്യവിരുദ്ധമാണെന്നും ഈ വിഷയം താൻ അക്കാദമി സെക്രട്ടറിയോട് സംസാരിച്ചിട്ടില്ലെന്നുമാണ് കെ.പി.എ.സി. ലളിതയുടെ വാദം. ഇന്നലെ ഇക്കാര്യം വ്യക്തമാക്കി അവർ പത്രക്കുറിപ്പും ഇറക്കിയിരുന്നു.
എന്നാൽ രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലായതോടെ ബന്ധുക്കൾ കെ.പി.എ.സി. ലളിത രാമകൃഷ്ണനുമായി നടത്തിയ ടെലിഫോൺ സംഭാഷണം പുറത്തുവിട്ടു. രാമകൃഷ്ണൻ്റെ നൃത്താവതരണം സെക്രട്ടറിയുമായി സംസാരിച്ചു എന്ന ലളിതയുടെ രാമകൃഷ്ണനുമായുള്ള ടെലിഫോൺ സംഭാഷണമാണ് പുറത്തായത്.
"ഞാൻ സെക്രട്ടറിയോട് സംസാരിച്ചു. ഇന്നും നാളെയും അവധിയാണ്. തിങ്കളാഴ്ച രാമകൃഷ്ണൻ അപേക്ഷ നൽകിക്കൊള്ളു" എന്ന് കെ.പി.എ.സി. ലളിത പറയുന്നത് കേൾക്കാം.
ആത്മഹത്യാ ശ്രമത്തിന് മുമ്പ് രാമകൃഷ്ണൻ എഴുതിയ കുറിപ്പ് പുറത്തു വന്നിരുന്നു. പീഡനം സഹിക്കാൻ വയ്യെന്നും കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയും ചെയർപേഴ്സണുമാണ് ഈ അവസ്ഥക്ക് കാരണമെന്നുമാണ് കുറിപ്പിൽ എഴുതിയിരിക്കുകുന്നത്. ജാതി വിവേചനം ഇല്ലാത്ത കലാലോകം ഉണ്ടാകട്ടെ എന്നും രാമകൃഷ്ണൻ പറയുന്നു.
അതേസമയം രാമകൃഷ്ണൻ്റെ ആരോഗ്യനില തൃപ്തികരമാണെെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെെന്നും ഡോക്ടർമാർ അറിയിച്ചു. കറുകുറ്റി സ്വകാര്യ ആശുപത്രിയിൽ ഐ സി യു വിലാണ് രാമകൃഷ്ണൻ.
നേരത്തെ കലാഭവൻ മണിക്കും ഇതേ അനുഭവമുണ്ടായിയെന്നും ഇപ്പോൾ രാമകൃഷ്ണന് നേരേയും ജാതിവിവേചനം ഉണ്ടാകുന്നുവെന്ന് കലാഭവൻ രഞ്ജിത് ആരോപിച്ചു. കലാഭവൻ മണിയുടേയും രാമകൃഷ്ണൻ്റെയും സഹോദരിയുടെ മകനാണ് കലാഭവൻ രഞ്ജിത്.
അക്കാദമി സെക്രട്ടറി കെ. രാധാകൃഷ്ണൻ നായരാണ് നൃത്താവതരണത്തിന് എതിരു നിൽക്കുന്നതെന്നും അല്ലാതെ ചെയർപേഴ്സൻ കെ.പി.എ.സി. ലളിത അല്ലെന്ന് രാമകൃഷ്ണൻ പറഞ്ഞിരുന്നതായി രഞ്ജിത് പറഞ്ഞു. കെ.പി.എ.സി. ലളിത ആദ്യം രാമകൃഷ്ണനെ അനുകൂലിക്കുന്ന രീതിയിലാണ് സംസാരിച്ചിരുന്നത്. സംഭവത്തെ നിയമപരമായി നേരിടുമെന്ന് രഞ്ജിത്ത് പറഞ്ഞു.
ഇന്നലെ വൈകിട്ട് കെ.പി.എ.സി. ലളിത സംസാരിച്ചിട്ടില്ലെന്ന് പത്രക്കുറിപ്പ് ഇറക്കിയത് സെക്രട്ടറി കാാരണമാണ്. രാമകൃഷ്ണൻ അതീവ ദു:ഖിതനായിരുന്നുവെന്നും രഞ്ജിത് പറഞ്ഞു. കേരള സംഗീത നാടക അക്കാദമി പോലെയുള്ള സ്ഥാപനങ്ങളിൽ ഇത്തരം അനീതി ഉണ്ടാകാൻ പാടില്ലെന്നും രഞ്ജിത് ന്യൂസ് 18 നോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.