ന്യൂഡൽഹി: കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാര്‍ഥി കെ.ടി.സുലൈമാൻ ഹാജിയുടെ രണ്ടാം ഭാര്യയുടെ വിവരങ്ങൾ മറച്ചു വയ്ക്കുന്നതെന്തിനെന്ന ചോദ്യവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. സുലൈമാൻ ഹാജി തന്റെ രണ്ടാം ഭാര്യ പാകിസ്ഥാൻ സ്വദേശിനിയായ 19കാരിയുടെ വിശദാംശങ്ങൾ നാമനിർദേശ പത്രികയിൽ നിന്നും മറച്ചുവച്ചു. എംഎൽഎ ആകാന്‍ തയ്യാറെടുക്കുന്ന ഒരാൾ ഒരു വിദേശപൗരന്‍റെ വിവരങ്ങൾ മറച്ചു വയ്ക്കുന്നതിൽ വിശദീകരണം ആവശ്യമാണെന്നാണ് ബിജെപി നേതാവ് കൂടിയായ മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചത്.
'കൊണ്ടോട്ടിയിൽ സിപിഎം പിന്തുണയുള്ള സ്ഥാനാർത്ഥി കെ.ടി.സുലൈമാൻ ഹാജി, തന്റെ രണ്ടാം ഭാര്യ, 19 വയസ്സുള്ള പാകിസ്ഥാനിയുടെ വിശദാംശങ്ങൾ നാമനിർദ്ദേശത്തിൽ മറച്ചു വച്ചു. ഇക്കാര്യത്തിൽ ലിബറൽ എന്ന് വിളിക്കപ്പെടുന്ന പിണറായി വിജയന്‍റെ നിശബ്ദത അതിശയിക്കാനില്ല' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ എന്നിവരെയടക്കം ടാഗ് ചെയ്ത് മുരളീധരൻ ട്വീറ്റ് ചെയ്തത്.
KTSulaiman Haji, a @CPIMKerala backed candidate in Kondotty has hidden the details of his 2nd wife, 19 years old Pakistani in his nomination.
'ജനങ്ങള്‍ക്ക് ഇക്കാര്യത്തിൽ വിശദീകരണം ആവശ്യമാണ്.പ്രത്യേകിച്ച് എംഎൽഎ ആകാൻ തയ്യാറെടുക്കുന്ന ഒരാൾ ഒരു വിദേശപൗരന്‍റെ ഐഡന്‍റിറ്റി മറച്ചു വയ്ക്കുമ്പോൾ' എന്ന് മറ്റൊരു ട്വീറ്റിലും അദ്ദേഹം കുറിച്ചു. സുലൈമാന്‍ ഹാജിയുടെ വിവാഹ ഫോട്ടോയും ഭാര്യയുടെ പാസ്പോർട്ട് വിവരങ്ങളും പങ്കുവച്ചു കൊണ്ടാണ് മുരളീധരന്‍റെ ട്വീറ്റ്.
സൂക്ഷ്മ പരിശോധനയ്ക്കിടെ കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.ടി സുലൈമാന്‍ ഹാജിയുടെ പത്രിക ആദ്യം മാറ്റിവെച്ചിരുന്നുവെങ്കിലും പിന്നീട് അംഗീകരിച്ചിരുന്നു. ഭാര്യയുടെ വിവരങ്ങള്‍ നല്‍കേണ്ടിടത്ത് ബാധകമല്ലെന്നു രേഖപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. ജീവിത പങ്കാളിയുടെ പേരോ മറ്റുവിവരങ്ങളോ നാമനിര്‍ദേശ പത്രികയില്‍ നല്‍കിയിരുന്നില്ല ഇതിനെ തുടർന്നായിരുന്നു നടപടി. ഇതിന് പിന്നാലെ സുലൈമാന്‍ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന ആരോപണവുമായി മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വം പരാതി നല്‍കിയിരുന്നു. ഒരു ഭാര്യ വിദേശത്താണ്. ദുബായില്‍ വച്ചായിരുന്നു വിവാഹം. ഹിറാ മുഹമ്മദ് സഫ്ദര്‍ എന്ന റാവല്‍പിണ്ടി സ്വദേശിയാണ് ഭാര്യമാരില്‍ ഒരാള്‍ എന്നതിന്റെ രേഖകളും ഇവര്‍ സമര്‍പ്പിച്ചിരുന്നു.
advertisement
കൂടുതൽ നിയമവശങ്ങൾ പരിശോധിക്കുന്നതിനായി മാറ്റി വച്ച നാമനിർദേശ പത്രിക റിട്ടേണിംഗ് ഓഫീസര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് ബിജെപി നേതാവ് വി.മുരളീധരൻ ചോദ്യങ്ങളുമായെത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ