നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

മലപ്പുറം: സൂക്ഷ്മ പരിശോധനയ്ക്കിടെ കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.ടി സുലൈമാന്‍ ഹാജിയുടെ പത്രികമാറ്റിവെച്ചു.  ഭാര്യയുടെ വിവരങ്ങള്‍ നല്‍കേണ്ടിടത്ത് ബാധകമല്ലെന്നു രേഖപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. ജീവിത പങ്കാളിയുടെ പേരോ മറ്റുവിവരങ്ങളോ നാമനിര്‍ദേശ പത്രികയില്‍ നല്‍കിയിട്ടില്ല. ഇതിനിടെ സുലൈമാന്‍ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന ആരോപണവുമായി മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വം പരാതി നല്‍കിയിട്ടുണ്ട്. ഒരു ഭാര്യ വിദേശത്താണ്. ദുബായില്‍ വച്ചായിരുന്നു വിവാഹം. ഹിറാ മുഹമ്മദ് സഫ്ദര്‍ എന്ന റാവല്‍പിണ്ടി സ്വദേശിയാണ് ഭാര്യമാരില്‍ ഒരാള്‍ എന്നതിന്റെ രേഖകളും ഇവര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും വിവരങ്ങളും നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിട്ടില്ല. കൂടുതല്‍ നിയമ വശങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പത്രിക മാറ്റിവച്ചത്.

Also Read 'പുന്നപ്ര- വയലാർ സ്മാരകത്തിലെ ബിജെപി സ്ഥാനാർഥിയുടെ പുഷ്പാർച്ചന പ്രകോപനപരം: സംഭവിക്കാൻ പാടില്ലാത്തത്': പിണറായി വിജയൻ

അഴീക്കോട് മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ പരാതി തള്ളി  യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം. ഷാജിയുടെ പത്രിക സ്വീകരിച്ചു. ഷാജിയെ ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി കെ.വി. സുമേഷിനു വേണ്ടിയാണ് എല്‍ഡിഎഫ് പരാതി നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം ഷാജി അയോഗ്യനല്ലെന്ന് വരാണാധികാരി വ്യക്തമാക്കുകയായിരുന്നു. ആറ് വര്‍ഷത്തേയ്ക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു വരണാധികാരിയുടെ തീരുമാനം.  വര്‍ഗീയത പറഞ്ഞ് വോട്ട് ചോദിച്ചെന്ന പരാതിയിലായിരുന്നു ഷാജിക്കെതിരായ ഹൈക്കോടതിയുടെ നടപടി.

അതേസമയം ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി അഡ്വ. നിവേദിതയുടെ പത്രിക തള്ളി. ഇവിടെ ബിജെപിയ്ക്ക് ഡമ്മി സ്ഥാനാർഥിയും ഇല്ല. ബിജെപി സംസ്ഥാന പ്രസിഡൻ്റിൻ്റെ ഒപ്പ് ഇല്ലാത്ത സത്യവാങ്ങ്മൂലം സമർപ്പിച്ചതാണ് പത്രിക തള്ളാൻ കാരണം. ‌കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 25,400 വോട്ടുകൾ ബിജെപി നേടിയ മണ്ഡലമാണ് ഗുരുവായൂർ. ആദ്യം സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ പരിഗണിച്ചതും ഗുരുവായൂരിലായിരുന്നു.

തലശ്ശേരിയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസിന്റെ നാമനിർദേശ പത്രികയും നേരത്തെ  തള്ളിയിരുന്നു. ചിഹ്നം അനുവദിക്കാൻ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നൽകുന്ന ഫോം എയിൽ ഒപ്പില്ലെന്ന കാരണത്താലാണ് പത്രിക തള്ളിയത്. ‌‍സീൽ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഫോം എയിൽ ഒപ്പില്ല. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് പത്രിക നൽകിയിരുന്നെങ്കിലും ഫോം എ രണ്ടു പേർക്കും ഒന്നായതിനാൽ ഈ പത്രികയും സ്വീകരിച്ചില്ല. ഫലത്തിൽ തലശ്ശേരിയിൽ ബിജെപിക്കു സ്ഥാനാർഥിയില്ലാത്ത സ്ഥിതിയായി.

Also Read- തലശ്ശേരിയിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല; ജില്ലാ പ്രസിഡന്റിന്റെ പത്രിക തള്ളി

ഇതോടെ സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ നാമ നിർദേശ പത്രികകളാണ് തള്ളിയത്. ദേവികുളത്തെ എൻഡിഎ ഘടകകക്ഷിയായ എഐഎഡിഎംകെ സ്ഥാനാർഥികയുടെ പത്രിക നേരത്തെ തള്ളിയിരുന്നു.

ബിജെപിക്ക് കണ്ണൂർ ജില്ലയിൽ ഏറ്റവുമധികം വോട്ടുള്ള മണ്ഡലമാണു തലശ്ശേരി. 2016ൽ ബിജെപിക്കായി മത്സരിച്ച വി കെ സജീവൻ  22,125 വോട്ടുകളാണ് പിടിച്ചത്. എൽഡിഎഫിന് വേണ്ടി എ എൻ ഷംസീറും യുഡിഎഫിന് വേണ്ടി കെ പി അരവിന്ദാക്ഷനുമാണ് ഇത്തവണ മത്സരിക്കുന്നത്.  അതേസമയം, തൻ്റെ പത്രിക തള്ളിയതിനെതിരെ സുപ്രീംകോടതി പറഞ്ഞു. സാങ്കേതികത്വം പറഞ്ഞ് പത്രിക തള്ളിയത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന0 നടപടിയെന്നും ഹരിദാസ് പറഞ്ഞു.

ഇടുക്കി ദേവികുളത്ത്  നാലുപേരുടെ നാമനിർദേശ പത്രികകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. എൻഡിഎയ്ക്കു വേണ്ടി മത്സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാർഥി ധനലക്ഷ്മിയുടെയും ഡമ്മിയുടെയും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന പൊൻപാണ്ടി, ബിഎസ്പിയിൽ മത്സരിക്കുന്ന തങ്കച്ചൻ എന്നിവരുടെ പത്രികകളാണ് തള്ളിയത്. തൊടുപുഴയിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ പത്രിക സ്വീകരിക്കുന്നത് നീട്ടിവെച്ചു. ക്രിമിനൽ കേസ് വിവരം കെ ഐ ആന്റണി സത്യവാങ് മൂലത്തിൽ ഉൾപെടുത്തിയില്ലെന്ന പരാതിയെ തുടർന്നാണിത്.

പിറവത്തെ എൽഡിഎഫ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബിന്റെ നാമനിർദ്ദേശപത്രിക തള്ളണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ പിശക് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പരാതി നൽകിയത്. വോട്ടർപട്ടികയിലെ ക്രമനമ്പർ 1091 എന്നതിനുപകരം 1901എന്ന് തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് നാലുമണിക്ക് തീരുമാനം പറയാമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

മലപ്പുറം കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ പി സുലൈമാൻ ഹാജി സമർപ്പിച്ച നാമനിർദേശപത്രികയുടെ പരിശോധന തർക്കങ്ങളെത്തുടർന്നു മാറ്റി. ജീവിതപങ്കാളി, സ്വത്ത് എന്നിവ സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ചെന്നാണ് ആരോപണം.