മുങ്ങിയ കപ്പലിലെ എണ്ണ തീൻമേശയിൽ നിന്ന് കടൽ മത്സ്യത്തെ അകറ്റുമോ? തീരം വറുതിയിലാകുമോ?
- Published by:Rajesh V
- news18-malayalam
Last Updated:
കണ്ടെയ്നറിലുണ്ടായിരുന്ന ഹാനികരമായ പദാർത്ഥങ്ങളും കപ്പലിലെ എണ്ണയും കടല്‍ വെള്ളത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ച് വിവിധ ഏജൻസികൾ പരിശോധന തുടരുകയാണ്. ആശങ്കയെ തുടര്‍ന്ന് മലയാളികൾ കടൽമത്സ്യം വേണ്ടെന്ന് വച്ചാൽ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികൾ വറുതിയിലാകും
കൊച്ചിയിലെ പുറങ്കടലിൽ ചരക്കുകപ്പലായ എം എസ് സി എല്‍സ 3 മുങ്ങിയതിനെ തുടർന്ന് കടലിൽ പടരുന്ന എണ്ണ മലയാളികളുടെ മത്സ്യ ഉപഭോഗത്തെ ബാധിച്ചേക്കുമെന്ന ആശങ്ക ശക്തം. കണ്ടെയ്നറിലുണ്ടായിരുന്ന ഹാനികരമായ പദാർത്ഥങ്ങളും കപ്പലിലെ എണ്ണയും കടല്‍ വെള്ളത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ച് വിവിധ ഏജൻസികൾ പരിശോധന തുടരുകയാണ്. ആശങ്കയെ തുടര്‍ന്ന് മലയാളികൾ കടൽമത്സ്യം വേണ്ടെന്ന് വച്ചാൽ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികൾ വറുതിയിലാകും. ട്രോളിങ് നിരോധനം ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രാബല്യത്തിൽ വരുമെന്നതിനാൽ പരമ്പരാഗത വള്ളങ്ങൾ മാത്രമാകും കടലിലേക്ക് പോവുക.
കടൽവെള്ളം പരിശോധിക്കാൻ CMFRI
കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം (CMFRI) കപ്പൽ മുങ്ങിയ സ്ഥലത്ത് നിന്ന് കടൽവെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. തുടർ ദിവസങ്ങളിലും ഈ പ്രക്രിയ തുടരും. മത്സ്യസാംപിളുകളും ഈ മേഖലയിൽ നിന്ന് വരും ദിനങ്ങളിൽ ഇവർ ശേഖരിച്ച് പരിശോധിക്കും. കൊല്ലം തീരത്തുനിന്ന് കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗവും ഫിഷറീസ് വകുപ്പും സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. ഉടനെ മത്സ്യസാംപിളുകളും ശേഖരിക്കും. കൊച്ചിയിലെ ഫിഷറീസ് സമുദ്രപഠന സർവകലാശാലയും (കുഫോസ്) കൊച്ചി തീരക്കടലിലെ മത്സ്യങ്ങളുടെ അവസ്ഥ പഠിക്കാൻ നടപടികൾ തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.
advertisement
പാരിസ്ഥിതിക ആഘാതം
അറബിക്കടലിലെ എണ്ണ ചോർച്ചയെ സംബന്ധിച്ചിടത്തോളം, ചോർച്ചയുടെ വ്യാപ്തിയും അതിന്റെ വ്യാപനം എങ്ങനെ നിയന്ത്രിക്കപ്പെട്ടു എന്നതിനെയും ആശ്രയിച്ചിരിക്കും അതിന്റെ പാരിസ്ഥിതികവും സാമ്പത്തികവുമായ ആഘാതം എന്ന് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) വൃത്തങ്ങൾ പറഞ്ഞു.
“എണ്ണ പടരുന്നത് സെൻസിറ്റീവ് സമുദ്രജീവികൾക്ക് ഭീഷണിയാകുകയും മത്സ്യബന്ധന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്യും. പ്രത്യേകിച്ച് തീരദേശ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളെ ഇത് ബാധിക്കുകയും ചെയ്യും. എണ്ണ പടർന്നാൽ, അത് സമുദ്ര ഉൽപാദനക്ഷമതയെ ദോഷകരമായി ബാധിച്ചേക്കാം, പ്രത്യേകിച്ച് മൺസൂൺ സമയത്ത്, മത്സ്യങ്ങളുടെ പ്രജനനത്തിനും വളർച്ചയ്ക്കും നിർണായകമായ കാലഘട്ടമാണിത്. മത്സ്യബന്ധനത്തിന് ഇത് ശാശ്വതമായ ചില പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. മൺസൂൺ സാധാരണയായി ഉയർന്ന സമുദ്ര ഉൽപാദനക്ഷമതയെ പിന്തുണയ്ക്കുന്നു, കൂടാതെ ശക്തമായ മത്സ്യബന്ധന സീസണും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു,” സിഎംഎഫ്ആർഐ ഡയറക്ടർ ഗ്രിൻസൺ ജോർജ് ദ ഹിന്ദുവിനോട് പറഞ്ഞു.
advertisement
ഫീൽഡ് സർവേകൾ നടത്തുകയും സാംപിളുകൾ ശേഖരിക്കുകയും എണ്ണപ്പാടയുടെ ചലനം ട്രാക്ക് ചെയ്യുകയും അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വിലയിരുത്തുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതും വായിക്കുക: ചരക്കുകപ്പലിൽ നിന്നുവീണ കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്; തീരുവനന്തപുരം തീരത്തും കണ്ടെയ്നറുകൾ അടിഞ്ഞു
മലനീകരണ നിയന്ത്രണം
കപ്പൽ മുങ്ങിയതിനെത്തുടർന്ന് രക്ഷാപ്രവർത്തനവും മലിനീകരണ നിയന്ത്രണവും വേഗത്തിലാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ചരക്ക് കപ്പലുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാളിനെ അറിയിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചതായി ഹൈബി ഈഡൻ പറഞ്ഞു.
advertisement
കപ്പലിൽ നിന്ന് കരയിലേക്ക് ഒലിച്ചുപോയ കണ്ടെയ്നറുകളിൽ നിന്നും മറ്റ് വസ്തുക്കളിൽ നിന്നും ആളുകൾ കുറഞ്ഞത് 200 മീറ്റർ അകലം പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ് ആവർത്തിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 27, 2025 11:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുങ്ങിയ കപ്പലിലെ എണ്ണ തീൻമേശയിൽ നിന്ന് കടൽ മത്സ്യത്തെ അകറ്റുമോ? തീരം വറുതിയിലാകുമോ?