തൃശ്ശൂർ : പാലക്കാട് മഞ്ചിക്കണ്ടി വനമേഖലയിൽ കൊല്ലപ്പെട്ട വനിത മാവോയിസ്റ്റിന്റെ മൃതദേഹം പൊലീസ് സംസ്കരിച്ചു. മൃതദേഹം സംസ്കരിക്കാൻ ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്നാണ് ഗുരുവായൂരിലെ പൊതു ശ്മശാനത്തിൽ സംസ്കാരം നടത്തിയത്. ഇവർ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്നാട് സ്വദേശി രമയാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചിക്മംഗളൂരു സ്വദേശി ശ്രീമതി ആണെന്നും കന്യാകുമാരി സ്വദേശി അജിതയാണ് മരിച്ചതെന്നും പറയുന്നുണ്ട്. ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം പൊലീസ് നൽകിയിട്ടില്ല.
ഒക്ടോബർ 28 നാണ് അട്ടപ്പാടി മഞ്ചക്കണ്ടിയിൽ തണ്ടർബോൾട്ടിന്റെ വെടിവെപ്പിൽ ഒരു വനിത ഉള്‍പ്പെടെ നാല് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് ഇവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. മണിവാസകത്തിന്റെയും കാർത്തിയുടെയും മൃതദേഹം ബന്ധുക്കൾ കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ വനിത മാവോയിസ്റ്റിന് വേണ്ടി ബന്ധുക്കൾ ആരും എത്തിയിരുന്നില്ല. അതേ സമയം മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാതെ കത്തിച്ചു കളഞ്ഞ നടപടി ശരിയല്ലെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവം തർക്കത്തിലിരിക്കെ എന്തെങ്കിലും സാഹചര്യത്തിൽ വീണ്ടും പോസ്റ്റുമോർട്ടം നടത്തേണ്ടി വന്നാൽ, അതിനുള്ള സാധ്യത പൊലീസ് ഇല്ലാതാക്കുകയാണ് ചെയ്തതെന്നാണ് അവർ പറയുന്നത്.
അതിനിടെ തമിഴ്നാട്ടിലെ ദിനപത്രങ്ങളിൽ അഞ്ജാത മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുണ്ടെന്നും 48 മണിക്കൂറിനുള്ളിൽ രക്തബന്ധമുള്ളവർ എത്തിയില്ലെങ്കിൽ മൃതദേഹം സംസ്കരിക്കുമെന്നും പൊലീസ് പരസ്യം നൽകിയിരുന്നു. അതേസമയം മോർച്ചറിയിൽ അരവിന്ദിന്റെ പേരിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തമിഴ്നാട് സ്വദേശി ശ്രീനിവാസിന്റേതാണെന്ന് ശ്രീനിവാസിന്റെ ബന്ധുക്കൾ പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ ഡിഎൻ എ ടെസ്റ്റിന് വേണ്ടി ബന്ധുക്കളുടെ രക്തസാമ്പിളുകൾ അയച്ചിരിക്കുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.