വയലാര്‍ സാഹിത്യപുരസ്‌കാരം ഇ.സന്തോഷ് കുമാറിന്; തപോമയിയുടെ അച്ഛൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് നടക്കും
49-ാമത് വയലാര്‍ സാഹിത്യപുരസ്‌കാരം ഇ. സന്തോഷ് കുമാറിന്. 'തപോമയിയുടെ അച്ഛന്‍' എന്ന കൃതിക്കാണ് പുരസ്‌കാരം.ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകൽപ്പന ചെയ്ത വെങ്കല ശിൽപവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
ടി.ഡി. രാമകൃഷ്ണന്‍, ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ്, പ്രിയ എ.എസ്. എന്നിവരടങ്ങിയ ജൂറിയാണ് 'തപോമയിയുടെ അച്ഛന്‍' പുരസ്കാരത്തിനായി ശുപാർശ ചെയ്തത്.ഞായറാഴ്ച തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ ചേര്‍ന്ന ജഡ്ജിങ് കമ്മിറ്റിയുടെ ശുപാര്‍ശ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് അംഗീകരിക്കുകയായിരുന്നു.വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ജഡ്ജിങ് കമ്മിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് 5.30-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് നടക്കും.
advertisement
ഇ.സന്തോഷ്കുമാറിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ നോവലാണ് 'തപോമയിയുടെ അച്ഛൻ'.2024ൽ ആണ് നോവൽ പുറത്തിറങ്ങിയത്. അഭയാർഥി ജീവിതങ്ങളെക്കുറിച്ചാണ് നോവലിൽ പ്രതിപാതിക്കുന്നത്.
1969ൽ തൃശ്ശൂർ ജില്ലയിലെ പട്ടിക്കാട് എന്ന ഗ്രാമത്തിൽ, ഗോവിന്ദൻകുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായാണ് ഇ. സന്തോഷ് കുമാറിന്റെ ജനനം. മികച്ച കഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ ഇ. സന്തോഷ് കുമാറിന് ലഭിച്ചിട്ടുണ്ട്.അന്ധകാരനഴി ഉൾപ്പെടെ ഏഴു നോവലുകളും നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്. 2006-ൽ "ചാവുകളി" എന്ന ചെറുകഥാ സമാഹാരത്തിനാണ് ആദ്യമായി കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. 2012-ൽ അന്ധകാരനഴിക്ക് മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഗാലപ്പഗോസ്,മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു,ചാവുകളി, മൂന്നു വിരലുകൾ, നീചവേദം, നാരകങ്ങളുടെ ഉപമ, പാവകളുടെ വീട് എന്നിവയാണ് പ്രധാനപ്പെട്ട ചെറുകഥാ സമാഹാരങ്ങൾ. അമ്യൂസ്മെന്റ് പാർക്ക്,വാക്കുകൾ,തങ്കച്ചൻ മഞ്ഞക്കാരൻ,കുന്നുകൾ നക്ഷത്രങ്ങൾ ,ജ്ഞാനഭാരം എന്നിവയാണ് മറ്റ് പ്രധാന നോവലുകൾ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 05, 2025 2:26 PM IST