വാഹനത്തിന്‍റെ ഉടമസ്ഥാവകാശം ഭര്‍ത്താവ് തട്ടിയെടുത്തുവെന്ന് ഭാര്യ; കേന്ദ്ര- സംസ്ഥാന ഗതാഗത കമ്മീഷണര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്
- Published by:Arun krishna
- news18-malayalam
Last Updated:
വാഹനത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിന് ആധാർ നിർബന്ധമാക്കുന്നത് സംബന്ധിച്ചാണ് കോടതി നോട്ടീസയച്ചത്
കൊച്ചി: വാഹനത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിന് ആധാർ നിർബന്ധമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന ഗതാഗത കമ്മീഷണർ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവരോട് അഭിപ്രായം തേടി ഹെെക്കോടതി. വാഹനത്തിന്റെ ഉടമസ്ഥാവകാശം ഭർത്താവ് തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി യുവതി സമര്‍പ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
തന്റെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ ഒപ്പിട്ട് ഭർത്താവ് വാഹനത്തിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയെന്ന് ആരോപിച്ചാണ് യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. താനും ഭർത്താവും തമ്മിലുള്ള ദാമ്പത്യബന്ധം നല്ല രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന് യുവതി കോടതിയെ അറിയിച്ചു. ഇരുവരും തമ്മില്‍ മാസങ്ങളായി അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. കുട്ടിയുടെ സംരക്ഷണാവകാശം സംബന്ധിച്ച നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് വാഹനത്തിന്‍റെ ഉടമസ്ഥാവകാശം ഭർത്താവ് കൈവശപ്പെടുത്തിയതെന്ന് യുവതി വ്യക്തമാക്കി.
advertisement
കേന്ദ്രസര്‍ക്കാരിന്‍റെ പരിവാഹൻ വെബ്സെെറ്റിൽ നിന്നാണ് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് 2023 ജനുവരി 13-ന് അപേക്ഷ സമർപ്പിച്ചതായി മനസിലാകുന്നത്. അതേമാസം 25-ന് അപേക്ഷ അംഗീകരിക്കുകയും ചെയ്തു. വാഹനത്തിന്റെ രജിസ്ട്രേഷൻ പകർപ്പ് കെെയ്യിലുള്ള ആർക്കും പരിവാഹൻ വെബ്സെെറ്റിലൂടെ ഉടമസ്ഥാവകാശം മാറ്റാനാകുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് യുവതി ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതിനായി ഒരു ഒടിപി മാത്രമാണ് ആവശ്യമായി വരുന്നത്. പിന്നാലെ ഉടമയുടെ അറിവില്ലാതെ ലിങ്ക് ചെയ്‌ത ഫോൺ നമ്പർ മാറ്റാനും സാധിക്കും.
ഫോം 29, 30 എന്നിവയിലെ ഒപ്പ് യഥാർഥമാണോ എന്ന് ഉറപ്പുവരുത്താൻ ഒരു സംവിധാനവും സ്വീകരിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. അതിനാൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും മാറ്റങ്ങളോ തിരുത്തലുകളോ വരുത്തുന്നതിന് ആധാർ നിർബന്ധമാക്കിയാൽ ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനാകുമെന്ന് യുവതി ഹര്‍ജില്‍ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമൻ കേന്ദ്ര, സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മിഷണർ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവരുടെ അഭിപ്രായം തേടിയത്. ഹർജിക്കാരിയുടെ ഭർത്താവിന്റെ വിശദീകരണവും തേടിയിട്ടുണ്ട്.
Location :
Kochi,Ernakulam,Kerala
First Published :
August 03, 2023 6:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
വാഹനത്തിന്‍റെ ഉടമസ്ഥാവകാശം ഭര്‍ത്താവ് തട്ടിയെടുത്തുവെന്ന് ഭാര്യ; കേന്ദ്ര- സംസ്ഥാന ഗതാഗത കമ്മീഷണര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്