'ഭർത്താവിനെ കറുമ്പൻ എന്ന് വിളിക്കുന്നത് ക്രൂരത': വിവാഹമോചന കേസിൽ കർണാടക ഹൈക്കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
തെളിവുകളുടെ വിശദമായ പരിശോധനയില്‍ ഭര്‍ത്താവിനെ നിറത്തിന്റെ പേരില്‍ ഭാര്യ നിരന്തരം അപമാനിച്ചിരുന്നുവെന്ന കാര്യം വ്യക്തമാണ്. അതേ കാരണത്താലാണ് ഭര്‍ത്താവില്‍ നിന്ന് അവര്‍ അകന്നതെന്നും കോടതി ചൂണ്ടിക്കാട്ടി
ബെംഗളൂരു: കറുത്ത നിറത്തിന്റെ പേരില്‍ ഭര്‍ത്താവിനെ നിരന്തരം അപമാനിക്കുന്നത് ക്രൂരതയാണെന്ന് കര്‍ണാടക ഹൈക്കോടതി. വിവാഹ മോചനകേസ് സംബന്ധിച്ച വിധിയിലാണ് കോടതിയുടെ നിരീക്ഷണം. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ലഭിക്കാന്‍ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ ഇയാള്‍ക്കെതിരെ വ്യാജ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഭര്‍ത്താവിന് മറ്റ് ബന്ധങ്ങളുണ്ടെന്നാണ് ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നത്.
2007 നവംബര്‍ 15നാണ് ദമ്പതികള്‍ വിവാഹിതരായത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്. 2012ലാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഇവര്‍ രംഗത്തെത്തിയത്. അന്ന് ഇവരുടെ മകള്‍ക്ക് വെറും മൂന്നര വയസ്സായിരുന്നു പ്രായം.
തന്റെ നിറം കറുത്തതാണെന്ന് പറഞ്ഞ് ഭാര്യ തന്നെ അപമാനിക്കുമായിരുന്നുവെന്ന് ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. കുഞ്ഞിനെ കരുതി ഈ അപമാനം സഹിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.
advertisement
2011 ഒക്ടോബര്‍ 29ന് ഭാര്യ ബനസ്വാഡി പോലീസ് സ്റ്റേഷനില്‍ എത്തി തനിക്കും തന്റെ പ്രായമായ അമ്മയ്ക്കുമെതിരെ കേസുകൊടുക്കുകയായിരുന്നുവെന്നും ഭര്‍ത്താവ് പറഞ്ഞു. ഐപിസി 498എ പ്രകാരമാണ് പരാതി നല്‍കിയത്. തങ്ങള്‍ ഭാര്യയെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. കേസിന്റെ പേരില്‍ നിരവധി തവണയാണ് പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയത്. ഒടുവില്‍ കോടതിയില്‍ നിന്ന് ജാമ്യം നേടുകയായിരുന്നുവെന്നും ഭര്‍ത്താവ് പറഞ്ഞു.
ഇതിനുശേഷമാണ് ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനമെടുത്തതെന്നും ഭര്‍ത്താവ് പറഞ്ഞു. തന്നെയും തന്റെ കുടുംബാംഗങ്ങളെയും മാനസികമായി പീഡിപ്പിക്കുന്ന നിലപാടാണ് ഭാര്യയുടേത് എന്നും ഇദ്ദേഹം പറഞ്ഞു.
advertisement
എന്നാല്‍ ഭര്‍ത്താവിന്റെ കുടുംബം തനിക്ക് വേണ്ട പരിഗണന നല്‍കുന്നില്ലെന്നാണ് ഭാര്യയുടെ ആരോപണം. ഒരു സ്വകാര്യ കമ്പനിയിലാണ് താന്‍ ജോലി ചെയ്യുന്നതെന്നും അവിടുന്ന് കിട്ടുന്ന വരുമാനം മുഴുവന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കാണ് കൊടുത്തിരുന്നതെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു. കൂടാതെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും വിവാഹത്തിന് ശേഷവും ആ ബന്ധം തുടരുന്നുണ്ടെന്നും ഭാര്യ ആരോപിച്ചു.
advertisement
2017 ഒക്ടോബറില്‍ ഇവരുടെ കേസ് കുടുംബ കോടതി തള്ളിയിരുന്നു. എല്ലാ കുടുംബത്തിലും നടക്കുന്ന സാധാരണ പ്രശ്‌നങ്ങളാണ് ഇവയെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാല്‍ കോടതി നടപടിയ്‌ക്കെതിരെ ഭര്‍ത്താവ് അപ്പീല്‍ പോകുകയായിരുന്നു.
കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച മേല്‍ക്കോടതി തെളിവുകള്‍ വിലയിരുത്തുന്നതില്‍ കുടുംബ കോടതിയ്ക്ക് തെറ്റ് പറ്റിയെന്ന് കണ്ടെത്തി. മേല്‍ക്കോടതി ജസ്റ്റിസുമാരായ അലോക് ആരാദെ, അനന്ത് രാമനാഥ് ഹെഗ്‌ഡേ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
”ഭര്‍ത്താവിനും അദ്ദേഹത്തിന് കുടുംബത്തിനുമെതിരെ നിരവധി കേസുകളാണ് ഭാര്യ നല്‍കിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ ദമ്പതികൾ തമ്മില്‍ യാതൊരു ബന്ധവുമില്ല,” ബെഞ്ച് വ്യക്തമാക്കി.
advertisement
അതേസമയം ക്രോസ് എക്‌സാമിനേഷനില്‍ ഭര്‍ത്താവിനോടൊപ്പം ഒരുമിച്ച് ജീവിക്കാന്‍ തയ്യാറാണോ എന്ന് കോടതി ഭാര്യയോട് ചോദിച്ചിരുന്നു. അതിന് തയ്യാറാണെന്നും എന്നാല്‍ ഭര്‍ത്താവിനും അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കുമെതിരെ നല്‍കിയ പരാതികള്‍ പിന്‍വലിക്കാന്‍ താന്‍ തയ്യാറല്ലെന്നും ഭാര്യ പറഞ്ഞു.
ഭര്‍ത്താവിനോടൊപ്പം ജീവിക്കാന്‍ ഭാര്യ തയ്യാറല്ലെന്നതിന്റെ തെളിവാണിത്. ഇരുവരും തമ്മില്‍ വലിയ ഭിന്നത നിലനില്‍ക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. തെളിവുകളുടെ വിശദമായ പരിശോധനയില്‍ ഭര്‍ത്താവിനെ നിറത്തിന്റെ പേരില്‍ ഭാര്യ നിരന്തരം അപമാനിച്ചിരുന്നുവെന്ന കാര്യം വ്യക്തമാണ്. അതേ കാരണത്താലാണ് ഭര്‍ത്താവില്‍ നിന്ന് അവര്‍ അകന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
Location :
Bangalore,Bangalore,Karnataka
First Published :
August 08, 2023 12:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
'ഭർത്താവിനെ കറുമ്പൻ എന്ന് വിളിക്കുന്നത് ക്രൂരത': വിവാഹമോചന കേസിൽ കർണാടക ഹൈക്കോടതി