ന്യൂഡല്ഹി: നിരോധിത സംഘടനകളിലെ അംഗത്വം നിയമ വിരുദ്ധ പ്രവര്ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) കേസെടുക്കാവുന്ന കുറ്റമാണെന്ന് സുപ്രീം കോടതി. 2011ലെ വിധി തിരുത്തിക്കൊണ്ടാണ് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്.
Also Read- രാഹുല് ഗാന്ധി അയോഗ്യൻ; എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കി
അക്രമപ്രവര്ത്തനങ്ങളില് ഏര്പ്പെടാതെ, നിരോധിത സംഘടനകളില് വെറുതെ അംഗമായിരിക്കുന്നത് യുഎപിഎയോ ടാഡയോ ചുമത്താവുന്ന കുറ്റമല്ലെന്നായിരുന്നു 2011ലെ വിധി. രണ്ടംഗ ബെഞ്ചിന്റെ ഈ വിധി അസ്ഥിരപ്പെടുത്തിക്കൊണ്ടാണ് ജസ്റ്റിസുമാരായ എംആര് ഷാ, സി ടി രവികുമാര്, സഞ്ജയ് കരോള് എന്നിവരുടെ ഉത്തരവ്. നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമാക്കുന്ന യുഎപിഎ 10 എ (1) വകുപ്പ് ബെഞ്ച് ശരിവച്ചു.
ഉള്ഫയില് അംഗമായിരുന്ന ആള്ക്കെതിരെ ടാഡ പ്രകാരം എടുത്ത കേസിലെ ജാമ്യാപേക്ഷയില് വിധി പറഞ്ഞുകൊണ്ടാണ്, 2011ല് ജസ്റ്റിസുമാരായ മാര്ക്കണ്ഡേയ കട്ജുവും ജ്ഞാന് സുധാ മിശ്രയും വിധി പറഞ്ഞത്. അക്രമ പ്രവര്ത്തനങ്ങളില് ഏര്പ്പെടുകയോ ആളുകളെ അതിനു പ്രേരിപ്പിക്കുകയോ ക്രമസമാധാന നില തകര്ക്കുന്ന വിധം പെരുമാറുകയോ ചെയ്യാത്ത പക്ഷം, നിരോധിത സംഘടനയില് അംഗമായിരുന്നു എന്നതു കൊണ്ടുമാത്രം ഒരാള് കുറ്റവാളിയാവുന്നില്ലെന്നായിരുന്നു വിധി. കേന്ദ്ര സര്ക്കാരിന്റെ വാദം കേള്ക്കാതെയാണ് വിധിയെന്നു ചൂണ്ടിക്കാട്ടി സര്ക്കാര് നല്കിയ ഹര്ജി 2014ല് രണ്ടംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. ഇതിലാണ് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Supreme court, UAPA