ലിവ് ഇൻ റിലേഷന് രജിസ്ട്രേഷൻ; ഹർജി സുപ്രീം കോടതി തള്ളി
- Published by:Sarika KP
- news18-malayalam
Last Updated:
ഹർജിയെ തീർത്തും ബുദ്ധിശൂന്യമായ ആവശ്യം എന്നാണ് കോടതി വിശേഷിപ്പിച്ചത്.
ലിവ് ഇൻ റിലേഷനുകൾക്ക് രജിസ്ട്രേഷൻ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തിൽ സർക്കാരിന് എന്തു ചെയ്യാനാകുമെന്നും കോടതി ചോദിച്ചു. ഹർജിയെ തീർത്തും ബുദ്ധിശൂന്യമായ ആവശ്യം എന്നാണ് കോടതി വിശേഷിപ്പിച്ചത്.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അഭിഭാഷകയായ മമതാ റാണിയാണ് രജിസ്ട്രേഷൻ എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്.
“എന്താണ് ഇതൊക്കെ? ആളുകൾക്ക് എന്താവശ്യവുമായും ഇവിടെ വരാമെന്നാണോ? ഇത്തരം ആവശ്യങ്ങളുമായി ഇനി വന്നാൽ കോടതി പിഴ ചുമത്തും. ആരുമായുള്ള രജിസ്ട്രേഷനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? ലിവ് ഇൻ റിലേഷൻഷിപ്പിൽ ജീവിക്കുന്നവരുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന് എന്തു ചെയ്യാൻ കഴിയും? എല്ലാ ലിവ്ഇൻ റിലേഷനും രജിസ്റ്റർ ചെയ്യണമെന്നാണോ നിങ്ങൾ പറയുന്നത്? ഈ ആളുകളുടെ സംരക്ഷണമോ സുരക്ഷിതത്വമോ പ്രോത്സാഹിപ്പിക്കാനോ അതോ അത് ഇല്ലാതാക്കാനാണോ നിങ്ങൾ ശ്രമിക്കുന്നത്? ഇവയെല്ലാം ബുദ്ധിക്കു നിരക്കാത്ത ആവശ്യങ്ങളാണ്, ”, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. സാമൂഹിക സുരക്ഷ വർധിപ്പിക്കാനാണ് ഇത്തരം ബന്ധങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടതെന്ന് മമതാ റാണി മറുപടി നൽകി.
advertisement
ലിവ് ഇന്‍ റിലേഷനുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത്. ഡൽഹിയിലെ ശ്രദ്ധാ വാള്‍ക്കറുടെ കൊലപാതകമടക്കം സമീപ കാലത്തായി ഉണ്ടായ കുറ്റകൃത്യങ്ങളും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ലിവ് ഇന്‍ റിലേഷനുകളിൽ രജിസ്‌ട്രേഷന്‍ കൊണ്ടുവന്നാൽ ലിവ് ഇന്‍ ബന്ധങ്ങളിലെ പങ്കാളികളുടെ മാരിറ്റൽ സ്റ്റാറ്റസ്, ക്രിമിനല്‍ പശ്ചാത്തലം തുടങ്ങിയവ സംബന്ധിച്ച് സര്‍ക്കാരിനും പങ്കാളികള്‍ക്ക് പരസ്പരവും വിവരങ്ങള്‍ ലഭ്യമാകുമെന്നും രാജ്യത്ത് എത്രപേര്‍ ഇത്തരത്തില്‍ ജീവിക്കുന്നുണ്ട് എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Location :
New Delhi,New Delhi,Delhi
First Published :
March 21, 2023 2:47 PM IST