കവിതകളിലൂടെ വഴികാട്ടിയ കുഞ്ഞുണ്ണിമാഷ്
Last Updated:
മലയാളത്തിന്റെ പ്രിയ കവി കുഞ്ഞുണ്ണി മാഷ് വിട പറഞ്ഞിട്ട് ഇന്നേക്ക് 12 വർഷം. വർഷങ്ങൾക്കിപ്പുറവും കുഞ്ഞുണ്ണി കവിതകളുടെ ഓർമ്മകൾ നമുക്കിടയില്‍ നിറഞ്ഞ് നിൽക്കുകയാണ്. ലളിതമായ ഭാഷയും നർമ്മം കലർന്ന പ്രയോഗവുമായിരുന്നു കുഞ്ഞുണ്ണി മാഷിന്റെ ശൈലി. നാം ബോധപൂർവ്വം മറക്കുന്ന സംസ്കാരത്തെ വാക്കുകളിലൂടെ നമ്മെ ഓർമപ്പെടുത്തിയ പ്രതിബിംബം. കുട്ടിത്തം തുളുമ്പുന്ന വാക്കുകളിലൂടെ കുഞ്ഞ് മനസ്സുകളിൽ നിറസാന്നിധ്യമായ അപൂർവ്വം ചില കവികളിലൊരാൾ. അങ്ങനെ കുഞ്ഞുണ്ണി മാഷിന് വിശേഷണങ്ങൾ ഏറെയാണ്.
ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് ജീവിതത്തിന്റെ ഭൂരിഭാഗവും കോഴിക്കോട്ടാണ് ചിലവഴിച്ചത്. 1953ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.
കുഞ്ചൻ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്ന പേരിൽ എഴുതിയിരുന്നു. മലയാളത്തിലെ പല എഴുത്തുകാരെയും കൈപിടിച്ച് ഉയർത്തിക്കൊണ്ടുവന്നത് കുഞ്ഞുണ്ണിമാഷാണ്. മലയാള ഭാഷ ഏറെ ലളിതമായും ശുദ്ധിയോടെയും ഉപയോഗിക്കണമെന്നത് കുഞ്ഞുണ്ണിമാഷിന് ഏറെ പ്രധാനപ്പെട്ട കാര്യമായിരുന്നു. കുഞ്ഞുണ്ണി മാഷ് ഓര്‍മയായി 12 വര്‍ഷം പിന്നിടുമ്പോള്‍ ഓരോ ഭാഷാപ്രേമികളുടെ കാതുകളിൽ ഇരമ്പുന്നത് മലയാളം മനസിലേറ്റിയ ആ ശബ്ദം മാത്രം.
advertisement
പ്രശസ്തമായ കുഞ്ഞുണ്ണിക്കവിതകൾ
1, കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാൻ.
2, സത്യമേ ചൊല്ലാവൂ
ധർമ്മമേ ചെയ്യാവൂ
നല്ലതേ നൽകാവൂ
വേണ്ടതേ വാങ്ങാവൂ
3, പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലു വച്ച പാത്രം
വൃത്തിയാക്കി വച്ചു.
4, എത്രമേലകലാം
ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം
ഇനിയകലാനിടമില്ലെന്നതുവരെ.
5, എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം.
6, ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 26, 2018 8:11 AM IST








