ഒന്നര വയസിൽ പരസ്യചിത്രത്തിൽ; 6-ാം വയസിൽ വിക്രത്തിന്റെ മകളായി; 20-ാം വയസ്സിൽ 1000 കോടി ക്ലബ്ബിൽ ഇടം നേടിയ നടി!
- Published by:Sarika N
- news18-malayalam
Last Updated:
നായികയായി എത്തിയ ആദ്യ ചിത്രത്തിൽ 1000 കോടി ക്ലബ്ബിൽ ഇടം നേടിയ നടി
ഒന്നര വയസ്സിൽ ക്യാമറയ്ക്ക് മുന്നിലെത്തിയ ആ കൊച്ചു പെൺകുട്ടി ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മൂല്യമുള്ള നായികമാരിൽ ഒരാളായി വളർന്നിരിക്കുകയാണ്. തമിഴ് ചിത്രം 'ദൈവത്തിരുമകൾ' എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ കണ്ണുനിറയിച്ച ആ ബാലതാരം സാറ അർജുൻ (Sara Arjun) ഇന്ന് തന്റെ ആദ്യ നായിക വേഷത്തിലൂടെ 1000 കോടി രൂപയുടെ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.
advertisement
മുംബൈ സ്വദേശിനിയായ സാറയുടെ സിനിമാപ്രവേശം തികച്ചും യാദൃശ്ചികമായിരുന്നു. മാതാപിതാക്കളോടൊപ്പം ഒരു മാളിൽ നിൽക്കുമ്പോഴാണ് ഒന്നര വയസ്സുകാരിയായ സാറയെ ഒരു പരസ്യചിത്രത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. തുടർന്ന് മക്ഡൊണാൾഡ്‌സ് ഉൾപ്പെടെയുള്ള ആഗോള ബ്രാൻഡുകൾക്കായി നൂറോളം പരസ്യങ്ങളിൽ സാറ അഭിനയിച്ചു. രണ്ട് വയസ്സുള്ളപ്പോൾ സംവിധായകൻ എ.എൽ. വിജയിയുടെ ഒരു പരസ്യത്തിൽ അഭിനയിച്ചതാണ് സാറയുടെ ജീവിതത്തിൽ വഴിത്തിരിവായത്.
advertisement
പിന്നീട് വർഷങ്ങൾക്ക് ശേഷം വിജയ് തന്റെ 'ദൈവത്തിരുമകൾ' എന്ന ചിത്രത്തിലെ 'നിലാ' എന്ന കഥാപാത്രത്തിനായി സാറയെ മുംബൈയിൽ പോയി കണ്ടെത്തുകയായിരുന്നു. 'ദൈവത്തിരുമകൾ' എന്ന ചിത്രത്തിലെ വിക്രമിന്റെയും സാറയുടെയും കെമിസ്ട്രി ഇന്നും സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. വിക്രമിന്റെ സംഭാഷണങ്ങൾ പോലും മനഃപാഠമാക്കി സെറ്റിലുള്ളവരെ സാറ അമ്പരപ്പിച്ചിരുന്നു. വിക്രമിനേക്കാൾ മികച്ച രീതിയിൽ സാറ ഓരോ രംഗവും കൈക്കലാക്കുന്നു എന്നായിരുന്നു അന്ന് പ്രമുഖ നിരൂപകർ കുറിച്ചത്.
advertisement
തുടർന്ന് 'ഏക് തി ദായൻ', 'ശൈവം' തുടങ്ങിയ ചിത്രങ്ങളിലൂടെ സാറ തന്റെ അഭിനയ മികവ് തെളിയിച്ചു കൊണ്ടിരുന്നു. കുട്ടിക്കാലത്തെ പ്രകടനങ്ങൾക്ക് ശേഷം കുറച്ചുകാലം സിനിമയിൽ നിന്ന് വിട്ടുനിന്ന സാറ, മണിരത്നം ചിത്രമായ 'പൊന്നിയിൻ സെൽവനി'ലൂടെയാണ് വമ്പൻ തിരിച്ചുവരവ് നടത്തിയത്. വിക്രമിന്റെ കഥാപാത്രമായ ആദിത്യ കരികാലന്റെ കൗമാരകാല കാമുകിയായ നന്ദിനിയായി സാറ സ്ക്രീനിലെത്തിയപ്പോൾ ആരാധകർ അത്ഭുതപ്പെട്ടു. 'ചിന്നഞ്ചിരു നിലാവേ' എന്ന ഗാനത്തിലെ സാറയുടെ ഭാവങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറി.
advertisement
ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വാർത്ത സാറ അർജുന്റെ നായികയായുള്ള അരങ്ങേറ്റമാണ്. രൺവീർ സിംഗ് നായകനായ 'ധുരന്തർ' എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് സാറ നായികയായി അരങ്ങേറിയത്. 20 വയസ്സുകാരിയായ സാറ, തന്നേക്കാൾ 20 വയസ്സ് പ്രായക്കൂടുതലുള്ള രൺവീർ സിംഗിനോടൊപ്പം അഭിനയിച്ചത് ആദ്യം ചില ചർച്ചകൾക്ക് വഴിവെച്ചിരുന്നെങ്കിലും സിനിമ പുറത്തിറങ്ങിയതോടെ എല്ലാ വിമർശനങ്ങളും നിലച്ചു.
advertisement
300 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം ലോകമെമ്പാടുമായി 1000 കോടിയിലധികം കളക്ഷൻ നേടി ഈ വർഷത്തെ ബോളിവുഡിലെ ആദ്യത്തെ 1000 കോടി ചിത്രമായി മാറി. മറ്റ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാതെ തന്നെ ഹിന്ദി പതിപ്പിലൂടെ മാത്രമാണ് ഈ നേട്ടം കൈവരിച്ചത് എന്നത് ശ്രദ്ധേയമാണ്. തെന്നിന്ത്യൻ സിനിമയിൽ മുളച്ചുവന്ന് ബോളിവുഡിന്റെ നെറുകയിൽ എത്തിയ സാറ അർജുൻ വരും വർഷങ്ങളിൽ ഇന്ത്യൻ സിനിമയെ നയിക്കുന്ന മുൻനിര നായികമാരിൽ ഒരാളായിരിക്കുമെന്ന് ഉറപ്പാണ്.









