Harivarasanam Award 2022| സംസ്ഥാന സർക്കാരിന്റെ 2002ലെ ഹരിവരാസനം പുരസ്കാരം ആലപ്പി രംഗനാഥിന്
- Published by:Rajesh V
- news18-malayalam
Last Updated:
"സ്വാമി സംഗീതമാലപിക്കും", "എന്‍മനം പൊന്നമ്പലം", "എല്ലാ ദുഃഖവും തീര്‍ത്തുതരൂ" തുടങ്ങിയ നിരവധി അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതനായ ആലപ്പി രംഗനാഥ് തമിഴിലും മലയാളത്തിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2022 ലെ ഹരിവരാസനം പുരസ്കാരത്തിന് (Harivarasanam Award) പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് (Alleppey Ranganath) അര്‍ഹനായി. ജനുവരി 14 ന് രാവിലെ 8ന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പുരസ്കാരം സമ്മാനിക്കും.
സർവമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയതാണീ അവര്‍ഡെന്ന് മന്ത്രി വ്യക്തമാക്കി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മുന്‍ കേരള ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഐ.എ.എസ്. (റിട്ട.), റവന്യു (ദേവസം) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഐ.എ.എസ്., തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി. എസ്. പ്രകാശ് എന്നിവരടങ്ങിയ മൂന്നംഗ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.
"സ്വാമി സംഗീതമാലപിക്കും", "എന്‍മനം പൊന്നമ്പലം", "എല്ലാ ദുഃഖവും തീര്‍ത്തുതരൂ" തുടങ്ങിയ നിരവധി അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതനായ ആലപ്പി രംഗനാഥ് തമിഴിലും മലയാളത്തിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ രവീന്ദ്രനാഥ ടാഗോര്‍ പുരസ്കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
advertisement
ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടേയും ഗാനഭൂഷണം എം ജി ദേവമ്മാളുടേയും മകനായി 1949 മാർച്ച് 9നാണ് ആലപ്പി രംഗനാഥ് ജനിച്ചത്. ചെറുപ്പത്തിലേ സംഗീതവും നൃത്തവും അഭ്യസിച്ചു. രാഘവൻ മാഷിന്റെ "നാളീകേരത്തിന്റെ നാട്ടിലെനിയ്ക്കൊരു" എന്ന പ്രശസ്തമായ ഗാനത്തിന്റെ ഉപകരണ വാദകനായി സിനിമാരംഗത്തു പ്രവേശിച്ചു. എം എസ് വിശ്വനാഥന്റെ സഹായിയും മികച്ച സംഗീതകാരനുമായ ജോസഫ് കൃഷ്ണയുടെ (സ്വദേശം ഗോവ) ശിഷ്യനായി മദ്രാസ് ജീവിതം തുടർന്നു. 1973ൽ പി എ തോമസ് സംവിധാനം ചെയ്ത ജീസസ് എന്ന സിനിമയിലൂടെ സ്വതന്ത്രസംഗീത സംവിധായകനായി. അഗസ്റ്റിൻ വഞ്ചിമല എഴുതിയ "ഓശാന, ഓശാന" എന്നതാണ് ആദ്യഗാനം.
advertisement
യേശുദാസും തരംഗിണി സ്റ്റുഡിയോയുമായുള്ള ബന്ധം അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. 1981ൽ ടി കെ ആർ ഭദ്രന്റെ രചനയിൽ യേശുദാസ് തന്നെ സംഗീതം ചെയ്ത് ആലപിച്ച അയ്യപ്പഭക്തിഗാനങ്ങൾ വോളിയം 1നു ശേഷം (ഹിമശീതപമ്പയിൽ, ഗുരുസ്വാമീ, ഒരു ദിവ്യദർശനം, ഇക്കാട്ടിൽ പുലിയുണ്ട് മുതലായ ഹിറ്റ് ഗാനങ്ങൾ ഈ കാസെറ്റിലെയായിരുന്നു) രംഗനാഥ്-യേശുദാസ് കൂട്ടുകെട്ടിൽപ്പിറന്നതാണ് അയ്യപ്പഭക്തിഗാനങ്ങൾ വോളിയം 2.
advertisement
സ്വാമിസംഗീതമാലപിക്കും ഒരു താപസഗായകനല്ലോ ഞാൻ, വൃശ്ചികപ്പൂമ്പുലരി, ശബരിഗിരിനാഥാ ദേവാ ശരണം നീ അയ്യപ്പാ, എല്ലാ ദു:ഖവും തീർത്തുതരൂ എന്നയ്യാ, ശബരി ശൈലനിവാസാ ദേവാ ശരണാഗത, എൻമനം പൊന്നമ്പലം അതിൽ നിന്റെ ശ്രീരൂപം, മകരസംക്രമദീപം കാണാൻ മനസ്സുകളേ ഉണരൂ, അയ്യനെക്കാണാൻ സ്വാമി അയ്യനെക്കാണാൻ ഇങ്ങനെ ഇന്നും നാം കാതോർക്കുന്ന ഗാനങ്ങൾ ആ കൂട്ടുകെട്ടിൽ മലയാളത്തിന് ലഭിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 07, 2022 12:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Harivarasanam Award 2022| സംസ്ഥാന സർക്കാരിന്റെ 2002ലെ ഹരിവരാസനം പുരസ്കാരം ആലപ്പി രംഗനാഥിന്