Thaipooyam 2025| തൈപ്പൂയം: പഴനിയിൽ 3 ദിവസത്തേക്ക് ദർശന ഫീസ് ഒഴിവാക്കി
- Published by:ASHLI
- news18-malayalam
Last Updated:
ശിവ-പാര്‍വ്വതി പുത്രനായ സുബ്രഹ്മണ്യനെ ഭക്തിയോടെ ആരാധിക്കുന്ന പ്രധാനപ്പെട്ട ദിവസമാണ് തൈപ്പൂയം
തൈപ്പൂയത്തോടനുബന്ധിച്ച് പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിൽ ദർശനത്തിനുള്ള ഫീസ് ഒഴിവാക്കും. ഇന്നുമുതൽ 12ാം തീയ്യതി വരെയാണ് ദർശനത്തിനായുള്ള ഫീസ് ഒഴിവാക്കിയത്. ഫെബ്രുവരി 11നാണ് ഈ വർഷത്തെ തൈപ്പൂയം. പഴനി മുരുകൻ ക്ഷേത്രത്തിലെ തൈപ്പൂയം ഉത്സവത്തിലെ തിരുകല്യാണ ചടങ്ങ് ഇന്നും, തൈപ്പൂയവും രഥഘോഷയാത്രയും നാളെയും (11) നടക്കും.
തൈപ്പൂയത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തർ കാൽനടയായി പഴനിയിലേക്ക് എത്തിച്ചേരും. ഞായറാഴ്ച്ച വലിയ ഭക്തജനത്തിരക്കാണ് പഴനിമലയിൽ അനുഭവപ്പെട്ടത്. ദർശനത്തിനായി നാലോ അഞ്ചോ മണിക്കൂർ ക്യൂ ഉണ്ടായിരുന്നു. മലയിലെത്താനായുള്ള വിഞ്ചുകളിലും റോപ്പ് കാറുകളിലുമെല്ലാം വലിയ തിരക്കാണ് ഉണ്ടായിരുന്നത്.
വലിയ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് മൂവായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ ആവശ്യങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. ഉത്സവത്തിൽ 4 ലക്ഷം ഭക്തർ പങ്കെടുക്കുമെന്നാണ് കണക്ക്. തൈപ്പൂയത്തിൽ പങ്കെടുക്കാനായി എത്തുന്നവർക്ക് ഭക്ഷണം നൽകുന്നതിന് ക്ഷേത്ര ഭരണസമിതി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
advertisement
ശിവ-പാര്‍വ്വതി പുത്രനായ സുബ്രഹ്മണ്യനെ ഭക്തിയോടെ ആരാധിക്കുന്ന പ്രധാനപ്പെട്ട ദിവസമാണ് തൈപ്പൂയം. തൈ പിറന്താൽ വഴി പിറക്കുമെന്നാണ് തമിഴ് പഴമൊഴി. തമിഴ് കലണ്ടറിലെ തൈമാസത്തിലെ പൂയം നാളും മലയാള മാസങ്ങളില്‍ മകരമാസത്തിലെ പൂയം നാളുമാണ് തൈപ്പൂയമായി ആചരിക്കുന്നത്. ദേവസേനാധിപതിയായ സുബ്രഹ്മണ്യന്‍റെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും ചടങ്ങുകളുമാണ് ഈ ദിവസം നടക്കുക.
കാവടിയെടുത്തും വ്രതമനുഷ്ടിച്ചും നാവില്‍ ശൂലം കുത്തിയുമൊക്കെ വ്യത്യസ്തമായ ആചാരങ്ങളോടെയാണ് കേരളത്തിലും തമിഴ്നാട്ടിലും തൈപ്പൂയം ആഘോഷിക്കുന്നത്. മലേഷ്യയിലെ പ്രശസ്തമായ ബട്ടു അരുള്‍മിഗു മുരുകന്‍ ഗുഹാക്ഷേത്രത്തിലാണ് ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും വലിയ തൈപ്പൂയം ആഘോഷം നടക്കുന്നത്. ശ്രീലങ്കയിലെ ജാഫ്നയിലുള്ള നല്ലൂര്‍ കന്തസ്വാമി കോവിലിലും ആഘോഷങ്ങള്‍ നടക്കാറുണ്ട്.
advertisement
തൈപ്പൂയത്തിന് പിന്നിലെ ഐതീഹ്യം
സുബ്രഹ്മണ്യന്‍ താരകാസുരനെ വധിച്ച ദിവസമാണ് മുരുകഭക്തര്‍ തൈപ്പൂയമായി ആഘോഷിക്കുന്നത്. താരക നിഗ്രഹം കഴിഞ്ഞു വരുന്ന സുബ്രഹ്മണ്യനെ പടയാളികൾ തങ്ങളുടെ വില്ലിൽ പൂക്കൾ കെട്ടി അലങ്കരിച്ച് ആനന്ദ നൃത്തമാടി സ്വീകരിച്ചു. വേലായുധനായ സുബ്രഹ്മണ്യന്റെ ദേഹത്ത് യുദ്ധത്തിലേറ്റ മുറിവുകൾ ശമിക്കുന്നതിന് ശരീരം ഔഷധ ജലത്താൽ അഭിഷേകം ചെയ്തു. ആ അഭിഷേകത്തിന്റെ സ്മരണയ്‌ക്കായി ഈ ദിവസം ഭക്തർ കാവടിയെടുത്ത് ഭസ്തമം, പാല്‍, പനിനീര്‍, കളഭം തുടങ്ങിയവ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 10, 2025 9:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Astrology/
Thaipooyam 2025| തൈപ്പൂയം: പഴനിയിൽ 3 ദിവസത്തേക്ക് ദർശന ഫീസ് ഒഴിവാക്കി