കാര്യം അരിച്ചാക്ക് കൊണ്ട് തുന്നിയ കുപ്പായമാണ്; പക്ഷേ വില ഒന്നര ലക്ഷത്തിൽ കുറയുകില്ല കട്ടായം
- Published by:meera_57
- news18-malayalam
Last Updated:
അരിച്ചാക്ക് ഉപയോഗിച്ച് നിർമ്മിച്ച ജാക്കറ്റ് ഫാഷൻ ലോകത്ത് പുതിയ ട്രെൻഡായി മാറി. ചിലർ പരിഹസിച്ചും ചിലർ പ്രശംസിച്ചും പ്രതികരിച്ചു
ഫാഷന്‍ വ്യവസായ രംഗം വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. വസ്തുക്കളുടെ പുനരുപയോഗം ഫാഷന്‍ വ്യവസായ രംഗത്ത് വലിയ ട്രെന്‍ഡായി കൊണ്ടിരിക്കുകയാണ്. പ്രമുഖ ബ്രാന്‍ഡുകള്‍ വരെ പഴയ വസ്തുക്കളില്‍ നിന്നും പുതിയ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ട്രെന്‍ഡിനു പുറകെയാണ്. ആഡംബരത്തിലും ഫാഷനിലും പുതിയ നിലവാരം ഇതുവഴി സൃഷ്ടിക്കപ്പെടുന്നു. നമ്മൾ വിലക്കുറഞ്ഞതെന്ന് കരുതി വലിച്ചെറിയുന്ന പലതരം വസ്തുക്കളും ഫാഷനബിൾ ആകുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. വില കുറഞ്ഞ കുപ്പിചില്ലുകളിൽ മുതൽ കീറ തുണിയിൽ വരെ ഫാഷൻ ഒളിഞ്ഞിരിക്കുന്നുണ്ട്.
അതിശയിപ്പിക്കുന്ന ഫാഷന്‍ ട്രെന്‍ഡുകളും മാറ്റങ്ങളുമൊക്കെ വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിലുള്ള ഒരു പ്രത്യേക ഫാഷൻ വസ്ത്രനിര്‍മ്മാണമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്. അരിച്ചാക്കുകൾ വസ്ത്രമായി ഉപയോഗിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ?എന്നാലിതാ ഫാഷന്‍ ലോകത്ത് പുതിയ ട്രെന്‍ഡായി അരിച്ചാക്കുകൾ മാറിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയില്‍ ആണ് അരിച്ചാക്കിന്റെ ഫാഷന്‍ യാത്രയെ കുറിച്ച് പറയുന്നത്. ഒരു പ്രമുഖ മാളിലെ ഷോപ്പില്‍ ഡിസ്‌പ്ലേ ചെയ്ത ബസ്മതി അരിയുടെ ചാക്ക് ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു ജാക്കറ്റ് ആണ് വീഡിയോയിലെ വൈറല്‍ താരം. അരിച്ചാക്കുകൊണ്ട് നിര്‍മ്മിച്ച നീളമുള്ള ജാക്കറ്റിന്റെ കഥ പങ്കിട്ടിരിക്കുന്നത് ഒരു യുവതിയാണ്. വീഡിയോയിൽ ഇവർ ജാക്കറ്റ് ഇട്ട് നോക്കുന്നതും കാണാം.
advertisement
advertisement
നമ്മുടെ അമ്മമാര്‍ വീട്ടില്‍ ചവിട്ടിയായും ബാഗായും ഉപയോഗിക്കുന്ന അരിച്ചാക്ക് ജാക്കറ്റായി രൂപാന്തരം പ്രാപിച്ച് ഒരു വലിയ മാളിലെത്തിയിരിക്കുന്നു. ഒരു വ്യത്യാസം മാത്രം ബുട്ടീക്കിന്റെ ഫാന്‍സി ലേബലോടെയാണ് ചാക്ക് ജാക്കറ്റ് ആയത്. ചാക്ക് ജാക്കറ്റിന്റെ വിലയാണ് യുവതിയെ ശരിക്കും ഞെട്ടിക്കുന്നത്. 1,950 ഡോളര്‍ (ഏതാണ്ട് 1.6 ലക്ഷം രൂപ).
വസ്ത്രത്തിന്റെ ലേബലില്‍ പറയുന്നതനുസരിച്ച് സ്വത്വത്തിന്റെയും ആഗോളവത്കരണത്തിന്റെയും അടയാളമായാണ് ഈ രൂപകല്പനയെ വിശേഷിപ്പിച്ചിരിക്കുന്നത്. റോയല്‍ ബസ്മതി ലോഗോ അടക്കമാണ് ജാക്കറ്റ് എത്തിയിരിക്കുന്നത്. അരിയുടെ തൂക്കം അടക്കം ഇതില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ജാക്കറ്റിന്റെ വിലയാണ് ഏറ്റവും രസകരമായി തോന്നുന്നത്. ഒരു മുഴുവന്‍ അരിച്ചാക്കിന്റെ വിലയേക്കാള്‍ അധികമാണിത്.
advertisement
വൈറൽ ജാക്കറ്റ് വീഡിയോയ്ക്ക് താഴെ നിരവധി പ്രതികരണങ്ങളാണ് വന്നിട്ടുള്ളത്. ചിലര്‍ ഇതിനെ പരിഹസിച്ചും ട്രോളിയും കമന്റുകള്‍ എഴുതി. എന്നാൽ ചിലർ ഇതിലെ ഫാഷൻ ട്രെൻഡിൽ കൗതുകം പ്രകടിപ്പിച്ചു. ആ ചാക്കുകള്‍ സൂക്ഷിക്കാന്‍ തുടങ്ങണമെന്നും ആര്‍ക്കാണ് ബസ്മതി ഡ്രസ് വേണ്ടതെന്നും ഒരാള്‍ കുറിച്ചു. അരിച്ചാക്ക് സൂക്ഷിക്കുമെന്നും തയ്യല്‍ പഠിക്കാന്‍ സമയമായെന്നുമായിരുന്നു മറ്റൊരു പ്രതികരണം. ഇന്ന് മുതല്‍ എല്ലാ ഇന്ത്യന്‍ വീടുകളിലും പണമഴ പെയ്യുമെന്ന് മറ്റൊരാള്‍ പറഞ്ഞു.
എന്നാല്‍ ഒരുകൂട്ടം ആളുകള്‍ ജാക്കറ്റിന്റെ പ്രത്യേകതയെ പ്രശംസിച്ചു. അവ അതിശയിപ്പിക്കുന്നതായി തോന്നിയെന്നും വാങ്ങാന്‍ യോഗ്യമാണെന്നും വളരെ ഫാഷനബിള്‍ ആണെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു. ഫാഷൻ ലോകത്ത് മാറിവരുന്ന പ്രവണതകളെ ആളുകൾ സ്വീകരിക്കുന്ന രീതിയിലേക്കാണ് ചാക്ക് ജാക്കറ്റിന്റെ കഥ വിരൽ ചൂണ്ടുന്നത്. ഈ വില നൽകി ആ ജാക്കറ്റ് വാങ്ങാനും ആളുകളുണ്ടാകും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 27, 2025 5:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
കാര്യം അരിച്ചാക്ക് കൊണ്ട് തുന്നിയ കുപ്പായമാണ്; പക്ഷേ വില ഒന്നര ലക്ഷത്തിൽ കുറയുകില്ല കട്ടായം