ഇന്റർഫേസ് /വാർത്ത /Life / ബോധമറ്റു കിടന്ന ആ രണ്ടു പേരെ ആ അജ്ഞാതൻ കണ്ടെത്തിയില്ലായിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം എന്താവുമായിരുന്നു?

ബോധമറ്റു കിടന്ന ആ രണ്ടു പേരെ ആ അജ്ഞാതൻ കണ്ടെത്തിയില്ലായിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം എന്താവുമായിരുന്നു?

News18 Malayalam

News18 Malayalam

''ഇന്നും തിരിച്ചറിയാത്ത ആ നല്ല മനുഷ്യൻ കണ്ടെത്തി ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വന്നത് സാക്ഷാൽ സഖാവ് പി കൃഷ്ണപിള്ളയെയും ശിഷ്യൻ എൻ ഇ ബാലറാമിനെയും.”

 • Share this:

  “കാട്ടിൽ പശുവിനെ മേയ്ക്കാൻ പോയ ആ അജ്ഞാതൻ പൊലീസിന്റെ കണ്ണു വെട്ടിച്ചോടി തളർന്ന് ബോധമറ്റു കിടന്ന ആ രണ്ടു പേരെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം എന്താവുമായിരുന്നു… ഇന്നും തിരിച്ചറിയാത്ത ആ നല്ല മനുഷ്യൻ കണ്ടെത്തി ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വന്നത് സാക്ഷാൽ സഖാവ് പി കൃഷ്ണപിള്ളയെയും ശിഷ്യൻ എൻ ഇ ബാലറാമിനെയും.”

  also read:തമിഴ്നാട് രാഷ്ട്രീയത്തിൽ ട്വിസ്റ്റ്; സ്റ്റൈൽ മന്നനും ഉലകനായകനും ഒന്നിക്കുന്നു

  കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുതൽ ഹിന്ദുത്വ സങ്കൽപം വരെ

  ‘കമ്മ്യൂണിസ്റ്റ് മഹർഷി’. ഞാലിൽ ഇടവലത്ത് ബാലറാം എന്ന എൻ ഇ ബാലറാമിനെ മകൾ ഗീത നസീർ വിശേഷിപ്പിക്കുന്നത് ഇങ്ങനെ.

  കമ്മ്യൂണിസ്റ്റ് നേതാവ് എന്ന വിശേഷണത്തിൽ മാത്രം ഒതുക്കാനാവാത്ത മഹാമേരുവിനെ കുറിച്ച് എങ്ങനെ എഴുതും എന്തെഴുതും എന്ന ആശങ്കയോടെ തുടങ്ങിയ ജീവചരിത്രരചന പൂർണമായി. ഗീത നസീർ എഴുതിയ ‘ബാലറാം എന്ന മനുഷ്യൻ’ നവംബർ 20ന് പ്രകാശനം ചെയ്യും. ജീവിച്ചിരുന്നെങ്കിൽ ബാലറാമിന് 100 വയസ് തികയുമായിരുന്ന ദിനം എന്നതും മകളും ജീവചരിത്രകാരിയുമായ ഗീതയുടെ ജൻമദിനം മറ്റൊരു നവംബർ 20 ആണെന്നതും ചടങ്ങിനു കൗതുകം നൽകുന്നു.

  പത്തു വാല്യങ്ങളായി എൻ ഇ ബാലറാമിന്റെ സമ്പൂർണ കൃതികൾ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുതൽ ഹിന്ദുത്വ സങ്കൽപ്പത്തിന്റെ അകവും പുറവും വരെ എണ്ണമറ്റ കൃതികളുടെ സ്രഷ്ടാവ് സ്വന്തം ജീവിതസഞ്ചാരത്തെ കുറിച്ച് എഴുതിയിട്ടില്ല. മറന്നു പോയതല്ല. മനപൂർവം. അതായിരുന്നു ബാലറാം. വ്യക്തിക്കു പ്രസക്തി കൽപ്പിക്കാത്ത സന്ന്യാസതുല്യമായ നിർമമത.

  നാലുവേദങ്ങൾക്കപ്പുറം മറ്റൊരു നാലാം വേദം

  പ്രതിഫലം ഇച്ഛിക്കാതെ ചെയ്യുന്ന പ്രവർത്തിയും വഹിക്കുന്ന പദവിയും മാനവികതയ്ക്ക്, ദുരിതമനുഭവിക്കുന്നവർക്ക് എന്തു ചെയ്യാൻ കഴിയും എന്നു മാത്രം ചിന്തിച്ച ദാർശനികൻ. ആ വ്യക്തിത്വത്തെ വിശേഷിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ ശരാശരി പദാവലി കൈമുതലായുള്ളവർ കുടുങ്ങിയതു തന്നെ. വിപ്ലവകാരി, താത്വികാചാര്യൻ, ദാർശനികൻ, രാഷ്ട്രീയക്കാരൻ, ബഹുഭാഷാ പണ്ഡിതൻ, വേദപണ്ഡിതൻ, സൈദ്ധാന്തികൻ, എഴുത്തുകാരൻ, നിരൂപകൻ, സാഹിത്യാസ്വാദകൻ, സർവോപരി മനുഷ്യസ്നേഹി… ഇവയിൽ ഏറെയും ഗീത നസീറിന്റെ പുസ്തകത്തിൽ നിന്നു കടമെടുത്ത വിശേഷണങ്ങൾ. ഈ വിശേഷണങ്ങൾ കൊണ്ടൊന്നും വരച്ചിടാൻ കഴിയുന്നതോ കേവലം വിശേഷണങ്ങൾക്കു വഴങ്ങുന്നതോ അല്ല ആ വ്യക്തിത്വം.

  നാലു വേദങ്ങളും പഠിച്ച് വ്യാഖ്യാനിക്കാൻ കെൽപ്പു നേടിയ മനുഷ്യന്റെ ഒരു വാചകം ഒരു പക്ഷേ ആ മനുഷ്യന്റെ വലിപ്പത്തെ കുറിച്ച് ഒരു സൂചന തന്നേക്കാം. ബാലറാമിന്റെ മകളും ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി എ മജീദിന്റെ മകൻ നസീറും തമ്മിൽ പ്രണയം. പലരുടെയും നെറ്റി ചുളിഞ്ഞു. “ഒരു ദളിതനായാലും കുഴപ്പമില്ല, ഇതിപ്പോ…” എന്ന മട്ടിൽ ചില പ്രതികരണങ്ങൾ. ബാലറാമിന്റെ പ്രതികരണം ഇങ്ങനെ – “വേദങ്ങൾ നാലും പഠിച്ച എനിക്ക് മറ്റൊരു നാലാം വേദം കൂടി അറിയാമെന്ന് ഇവർക്ക് അറിയില്ലല്ലോ…”

  പുതിയ തലമുറയ്ക്ക് ഏറെക്കുറെ അപരിചിതമായ ആ മനുഷ്യനെയും കർമപഥത്തെയും പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ് മകളും പത്രപ്രവർത്തകയുമായ ഗീത നസീർ. ചരിത്രത്തോടു ചെയ്യുന്ന നീതി കൂടിയാണത്. അതിശയോക്തി ഒട്ടുമില്ലാതെ പറയാം, ഇല്ലെങ്കിൽ ഒരു പക്ഷേ ഇങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നെന്ന് വരും തലമുറകൾ വിശ്വസിച്ചേക്കില്ല.

  ശ്രീനാരായണ ഗുരുവിന്റെ ചിന്തകളിൽ ആകൃഷ്ടനായി തൊടീക്കളത്തെ ഗുഹകളിൽ (നരിമട) ധ്യാനമിരുന്ന കുമാരൻ, യാഥാസ്ഥിതികത്വവും അന്ധവിശ്വാസങ്ങളും കണ്ട് സഹികെട്ട് അമ്പലത്തിലെ വിഗ്രഹമെടുത്ത് അമ്പലക്കുളത്തിലേക്കു തന്നെ എറിഞ്ഞ ശേഷം സന്ന്യാസചിന്തയുമായി തൃശൂർ രാമകൃഷ്ണാശ്രമവും ബേലൂർ മഠവും താണ്ടി കൊൽക്കത്തയിലെ രാമകൃഷ്ണാശ്രമത്തിലേക്ക്. പിന്നെ സത്യാന്വേഷണത്തിനായി നാട്ടിലേക്കു മടങ്ങിയ യുവാവ്. രാത്രി വൈകിയും കോഴിക്കോട്ടെ വായനശാലകളിൽ വായനയിൽ മുഴുകി ഇരിക്കുന്ന യുവാവ് സഖാവ് പി കൃഷ്ണപിള്ളയുടെ കണ്ണിൽ പെട്ടതോടെ ആ ഭ്രാന്തൻ അലച്ചിലിനു ലക്ഷ്യബോധമുണ്ടാവുകയായിരുന്നു.

  പിന്നെ നടന്ന സംവാദം കേരള കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ ഭാഗം, അല്ല, ബീജാവാപം. കൃഷ്ണപിള്ളയുടെ ഉപദേശം സ്വീകരിച്ച് കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രസിദ്ധീകരണമായ ‘പ്രഭാത’ത്തിലേക്ക്. അപ്പോഴേക്ക് പാറപ്രം സമ്മേളനത്തിന്റെ വിത്തു പാകിക്കഴിഞ്ഞിരുന്നു. അടുത്ത കാഴ്ച കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരായ ചെറുപ്പക്കാരെ നയിച്ച് പിണറായിയിലെ പാറപ്രത്തേക്ക് അടി വയ്ക്കുന്ന 19 കാരൻ.

  വേദപഠനം മുതൽ അറബി ഭാഷ വരെ

  വീട്ടിൽ സംസ്കൃതം സംസാരിച്ചിരുന്ന ശ്രീദേവി മുത്തശിയിൽ നിന്നു നേടിയ ഭാഷാപ്രാവീണ്യം കൊണ്ടെത്തിച്ചത് വേദപഠനത്തിൽ. വിജയനഗര ചരിത്രം തേടിയുള്ള യാത്രയിൽ പാലി ഭാഷ പഠിക്കുന്നു… മുസ്ലിം അല്ലാത്തയാളെ അറബി പഠിപ്പിക്കില്ലെന്ന് വാശി പിടിച്ച അധ്യാപകനെ വാക്ചാതുരിയിൽ വീഴ്ത്തി അതും സ്വായത്താക്കി അധ്യാപകന്റെ പ്രിയശിഷ്യനാകുന്നു.

  ആത്മജ്ഞാനത്തിന്റെ പൊരുൾ തേടി സന്ന്യാസിയാവാൻ ഇറങ്ങിപ്പുറപ്പെട്ട് വിപ്ലവകാരിയായി മടക്കം. വിവേകാനന്ദനിൽ ആകൃഷ്ടനായ കുമാരൻ വിവേകാനന്ദനെ തന്നെ ഉദ്ധരിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക്… “അജ്ഞനായിരിക്കട്ടെ അവിടത്തെ ദൈവം, എഴുത്തറിയാത്തവനും ചികിൽസ ലഭിക്കാത്ത രോഗിയുമാവട്ടെ അവിടത്തെ ദൈവം…”

  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അന്നത്തെ രാഷ്ട്രീയത്തെയും ബഹുജനസമരങ്ങളെയും മാറ്റി നിർത്തി ബാലറാമിന്റെ ജീവിതകഥ പറയാനാവില്ല. അതു കൊണ്ടു തന്നെ ഈ അസാമാന്യ വ്യക്തിക്കൊപ്പമുള്ള യാത്ര ബാലറാമിന്റെ കാലത്തെ രാഷ്ട്രീയ ചരിത്രം കൂടിയാവുന്നു. ഭാരതീയ ദർശനത്തിലൂന്നിയ വഴി തേടാതിരുന്നാൽ പ്രസ്ഥാനത്തിന് അടി പതറുമെന്ന് അന്നേ പറഞ്ഞു വച്ച കാഴ്ചപ്പാട് ബാലറാമിന്റെ വാക്കുകളിൽ കൂടി തന്നെ അവതരിപ്പിക്കുന്നു. ഒരുമിച്ച് ജീവിച്ച്, ഒരുമിച്ച് പട പൊരുതി, ഒരുമിച്ച് ഒളിവിൽ കഴിഞ്ഞ്, ഒരുമിച്ച് ജയിലിൽ പോയ സഖാക്കൾ പ്രത്യയശാസ്ത്രത്തിന്റെയും പരിപാടിയുടെയും പേരു പറഞ്ഞ് വഴി പിരിഞ്ഞപ്പോൾ ആജൻമശത്രുക്കളെ പോലെ കൊത്തിപ്പറിച്ചതിന്റെ വേദനയും പുസ്തകത്തിൽ കാണാം – പിളർപ്പിന്റെ കാലം എന്ന അധ്യായത്തിൽ.

  എകെജിയ്ക്കായി പണിതചാരു കസേര പൊടിപിടിച്ചു കിടന്ന വീട്ടുവരാന്ത

  “പാർട്ടി പിളരും വരെ എവിടെയായാലും എ കെ ജി അച്ഛന് എഴുത്തയയ്ക്കും. രാഷ്ട്രീയ കാര്യങ്ങളും കുടുംബകാര്യങ്ങളും ഒക്കെ ഉൾപ്പെടുന്ന കത്തുകൾ…. പക്ഷേ മാർഗത്തിൽ ഭിന്നത വന്നതോടെ അവരിൽ പലരും അവസാനിപ്പിച്ചത് ഭൂതകാലത്തെ ത്യാഗവും പ്രവർത്തനവും അനുഭവവും നൽകിയ ഓർമകളും കൂടിയാണ്. പ്രത്യേകിച്ചും ഞങ്ങൾ കുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് ഒരു രൂപവും കിട്ടിയിരുന്നില്ല. നിത്യസന്ദർശകർ വരാതായി. പരസ്പരം കണ്ടുമുട്ടിയാൽ ശത്രുക്കളെപ്പോലെ പെരുമാറി. വരുന്ന സഖാക്കൾ മ്ലാനരും അസ്വസ്ഥരുമായിരുന്നു. ഒരു വല്ലാത്ത മൂകതയും അസ്വസ്ഥതയും തളം കെട്ടിയ വീട്ടുവരാന്തയിൽ എ കെ ജിയുടെ ചാരുകസേര ആരെയോ പ്രതീക്ഷിച്ചെന്ന പോലെ പൊടി പിടിച്ചു കിടന്നു (എ കെ ജിക്ക് നടുവേദന അനുഭവപ്പെട്ടു തുടങ്ങിയപ്പോൾ ബാലറാം പണിയിപ്പിച്ച ചാരുകസേര). മരണവീടു പോലെ എല്ലാം ദുഖസാന്ദ്രം.”

  “കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്കാരായി തുടങ്ങി പാറപ്രം സമ്മേളനത്തോടെ കമ്മ്യൂണിസ്റ്റുകാരായി മാറി എണ്ണമറ്റ കർഷകസമരങ്ങളും മറ്റു പോരാട്ടങ്ങളും നടത്തി ഒളിവിലും ജയിലിലും ഒത്തൊരുമിച്ച് ജീവിതം പങ്കിട്ട ഒരു വൻനിര പ്രവർത്തകരുള്ള മലബാറിൽ പിളർപ്പ് രൂക്ഷമാവാൻ കാരണം സി പി എമ്മിന് ചുക്കാൻ പിടിച്ചവർ എ കെ ജിയും ഇ എം എസ്സുമൊക്കെയാണെന്നതാണ്. ഇവരോടെല്ലാം ഏറ്റവും അടുത്ത് ദീർഘകാലം പ്രവർത്തിച്ച അച്ഛനടക്കമുള്ളവർക്ക് ഈ വേർപിരിയൽതാങ്ങാനാവുന്നതിലുമപ്പുറമാണ്. വൈരാഗ്യത്തിന്റെ അല്പത്തരം കൂടുതൽ ബോധ്യപ്പെട്ടത് എ കെ ജി അടക്കമുള്ളവർ ആത്മകഥയെഴുതിയപ്പോൾ അച്ഛനെ വാശിയോടെ വിട്ടു കളഞ്ഞപ്പോഴാണ്. പിന്നീടൊരിക്കൽ എ കെ ജിയെ കാണാൻ പോയപ്പോൾ എനിക്കു കിട്ടിയ തണുത്ത പ്രതികരണം മനസിനെ വേദനിപ്പിച്ചു. സുശീലേടത്തിയും കൂടെയുണ്ടായിരുന്നു. ചൈനീസ് ചേരിയോടൊപ്പം നിന്നുകൊണ്ട് ജനകീയ ജനാധിപത്യ വിപ്ലവം നയിക്കാൻ സി പി എമ്മും സോവിയറ്റ് ചേരിയോടൊപ്പം നിന്ന് ദേശീയ ജനാധിപത്യ വിപ്ലവത്തിന് ആഹ്വാനം ചെയ്ത് സി പി ഐയും നിന്നപ്പോൾ ഇവർക്കിടയിൽ സംവാദത്തിന്റെ സാധ്യതയില്ലാതായി…”

  യോഗം കലക്കാൻ ചാണകവെള്ളമൊഴിച്ച കൈയ്യൂക്കിന്റെ രാഷ്ട്രീയം

  …”ജൻമിത്തത്തിനൊപ്പം നിന്ന കേരളത്തിലെ, പ്രത്യേകിച്ച് മലബാറിലെ കോൺഗ്രസിനെതിരെ അതിശക്തമായ ചെറുത്തു നിൽപ്പ് നടത്തിയാണ് അവിടങ്ങളിൽ സി പി ഐക്ക് വേരോട്ടമുണ്ടായത്. കർഷകരും തൊഴിലാളികളും കൈയും മെയ്യും മറന്ന് സി പി ഐക്കൊപ്പം നിന്നത് പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തി. ഈ ഒരു രാഷട്രീയ സാമൂഹിക സാഹചര്യത്തിലാണ് ‘കോൺഗ്രസിന്റെ വാലാട്ടികൾ’ എന്ന പ്രയോഗത്തിലൂടെ പിന്നീട് സി പി എം ആയ സി പി ഐക്കാർ പ്രചാരണം നടത്തിയത്. ഇ എം എസ്സും എ കെ ജിയും സി എച്ച് കണാരനുമൊക്കെ അത്തരമൊരു പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചതോടെ മലബാറിൽ ആ നീക്കത്തെ നേരിടാൻ സി പി ഐ ആയി നിന്നവർക്ക് ഏറെ വിഷമിക്കേണ്ടി വന്നു. യാഥാർഥ്യങ്ങൾ വിശദീകരിക്കാൻ നടത്തിയ ശ്രമങ്ങളെയാവട്ടെ അടിച്ചൊതുക്കുക എന്ന കൈയൂക്ക് രാഷ്ട്രീയത്തിലൂടെ നേരിടുകയും ചെയ്തു. അച്ഛൻ വിശദീകരിക്കാൻ പോകുന്നിടത്തൊക്കെ വേദനാജനകമായ അനുഭവങ്ങളാണുണ്ടായത്. ചാണകവെള്ളം പോലും ഒഴിച്ച സംഭവം സഖാക്കൾ ഗദ്ഗദകണ്ഠരായി വിവരിക്കുകയുണ്ടായി. ബാലറാമിനെ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സാധാരണക്കാരെ കോൺഗ്രസിന്റെ വാലായി എന്ന അസത്യം പ്രചരിപ്പിച്ച് ബോധശൂന്യരായി പെരുമാറാൻ ഇളക്കിവിട്ട രാഷ്ട്രീയ പാപ്പരത്തിന്റെ കഥകൾ പലരും പങ്കു വച്ചു.

  ധർമടം വില്ലേജിൽ നടന്ന ഒരു യോഗത്തെ പുഞ്ചയിൽ നാണു എന്ന പ്രാദേശിക നേതാവ് അനുസ്മരിക്കുന്നത് ഇങ്ങനെ – വിശദീകരണത്തിനു വന്ന ബാലറാമിനെ നിഷ്ഠൂരമായി ഇറക്കി വിട്ടു. ‘ഔദ്യോഗികലൈൻ മാത്രമായി കേൾക്കണ്ട. സി എച്ചിനെ (കണാരൻ) കൂടി പങ്കെടുപ്പിച്ചേ നടത്താനനുവദിക്കൂ.’ സത്യത്തിൽ അന്ന് പി വി കുട്ടി എന്ന സഖാവ് മറ്റേ ലൈൻ വിശദീകരിക്കാൻ അവിടെയുണ്ടായിരുന്നു. എന്നാൽ ബാലറാം വിശദീകരിച്ചാൽ ഭൂരിപക്ഷം പേരും മറുപക്ഷത്തു പോകുമെന്നു കണ്ട് യോഗം കലക്കുകയായിരുന്നു…”

  സ്റ്റീഫന്റെ മുറ്റത്തു നിന്നും കപിലാശ്രമത്തിലേക്കുള്ള ദൂരം

  ബഹുജനസമരത്തിലും പാർലമെന്ററി രാഷ്ട്രീയത്തിലും മാത്രം ഒതുക്കി നിർത്താവുന്നതിലും എത്രയോ വിപുലമായിരുന്നു ബാലറാം എന്ന ധിഷണാശാലിയുടെ സഞ്ചാരം. സ്റ്റീഫൻ ഹോക്കിങ്ങിനെ അറിയാൻ ക്വാണ്ടം ഫിസിക്സ് പഠിച്ചു. പിന്നെ എഴുതി – സഹജസ്വഭാവമായ ചലനത്തോടെയാണ് പ്രകൃതി സ്വയംവൃത്തി നടത്തുന്നതെന്ന് ഭൂമിയിൽ ആദ്യം പറഞ്ഞത് സാംഖ്യാചാര്യനായ കപിലനാണ്. സ്റ്റീഫന്റെ മുറ്റത്തു നിന്നും കപിലാശ്രമത്തിലെത്താൻ ദൂരം അധികമുണ്ടെങ്കിലും സമയം കുറവേയുള്ളൂ. പ്രപഞ്ചസൃഷ്ടിക്കും പ്രപഞ്ചവൃത്തിക്കും ദാർശനികൻമാർ കുത്തിക്കുത്തി ചോദിച്ചിട്ടും ഒരു ദൈവത്തിന്റെ ആവശ്യമില്ലെന്നാണ് സ്റ്റീഫൻ പ്രഖ്യാപിക്കുന്നത്.

  “ഈ ഒരൊറ്റ താരതമ്യത്തിലൂടെ അച്ഛൻ തകർത്തത് പരിണാമസിദ്ധാന്തത്തിനെതിരേ പ്രതിലോമകാരികളും വർഗീയവാദികളുമായ ആർ എസ് എസ്സുകാർ ഉയർത്തുന്ന കോലാഹലങ്ങളുടെ വികൃതമുഖത്തെയാണ്. “

  സംസ്കൃതം, ഭഗവത് ഗീത, വേദങ്ങൾ, ബുദ്ധമതം, ബ്ളാക്ക്ഹോൾ, പാലി, ബംഗാളി, അറബി ഭാഷ, ഉത്ഖനനം, സിനിമ, സാഹിത്യം, ശാസ്ത്രീയസംഗീതം, ഞെരളത്ത് രാമപ്പൊതുവാളുമൊത്ത് ഇടയ്ക്കയുടെ താളവുമായി സോപാന സംഗീതം… ഒരു പുരുഷായുസിൽ ഇതിലും വിപുലമായ മേഖലകളിൽ വിഹരിച്ച മനുഷ്യരുണ്ടാവുമോ അറിയില്ല. ബാലറാം വിട വാങ്ങി കാൽ നൂറ്റാണ്ടിനു ശേഷമാണ് ആ ഓർമകൾ രേഖപ്പെടുത്താൻ ഒരു ശ്രമം നടക്കുന്നത്. “സാരമില്ല, ഷേക്സ്പിയർ അന്തരിച്ച് 200 വർഷം കഴിഞ്ഞല്ലേ അദ്ദേഹത്തെ ലോകമറിഞ്ഞതും അംഗീകരിച്ചതും.” ഗീത നസീർ ആശ്വാസം കൊള്ളുന്നു.

  First published:

  Tags: Communist party, Cpi, Cpm