• HOME
 • »
 • NEWS
 • »
 • life
 • »
 • Sinusitis| സൈനസൈറ്റിസ് രോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

Sinusitis| സൈനസൈറ്റിസ് രോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

സൈനസൈറ്റിസ് ഏകദേശം 134 മില്യൺ ഇന്ത്യക്കാരെ ബാധിക്കുന്നുണ്ട്

 • Share this:
  എന്താണ് സൈനസൈറ്റിസ്?

  മൂക്കിന് പിന്നിലായി കവിൾത്തടങ്ങൾക്കും കണ്ണുകൾക്കും നെറ്റിക്കും ഇടയിൽ കാണപ്പെടുന്ന എയർ പോക്കറ്റുകളാണ് സൈനസുകൾ. ഈ സൈനസുകളുടെ ആവരണമാണ് കഫം ഉൽപ്പാദിപ്പിക്കുന്നത്. അണുക്കളും മറ്റും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുന്നത് സൈനസുകളിലുള്ള ഒരു തരം ദ്രാവകമാണ്. ഈ പാളിയുടെ വീക്കം മൂലം മൂക്കിൽ അമിതമായി കഫം അടിഞ്ഞുകൂടാൻ ഇടയാകാറുണ്ട്. ഇത് ബാക്ടീരിയ, വൈറൽ അണുബാധകളിലേക്ക് വരെ നയിച്ചേക്കാം. ഈ അവസ്ഥയെ സൈനസൈറ്റിസ് എന്ന് വിളിക്കുന്നു. സൈനസൈറ്റിസ് ഏകദേശം 134 മില്യൺ ഇന്ത്യക്കാരെ ബാധിക്കുന്നുണ്ട്. സൈനസൈറ്റിസ് രോഗം പലരുടെയും ജീവിത നിലവാരത്തെ വരെ ബാധിക്കുന്നുണ്ട്. 

  സൈനസൈറ്റിസ് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ

  സൈനസ് അണുബാധയ്ക്ക് കാരണമാകുന്ന പ്രധാന ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്

  • ജലദോഷം: ജലദോഷം ശരിയായ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ അത് സൈനസ് അണുബാധയായി മാറാനുള്ള സാധ്യതയുണ്ട്.

  • അലർജിക് റിനിറ്റിസ്: ഹേ ഫീവർ എന്ന് അറിയപ്പെടുന്ന ഈ അവസ്ഥ അലർജി കാരണം സംഭവിക്കുന്ന മൂക്കിന്റെ നീർവീക്കം ആണ്. സ്ഥിരമായ മൂക്ക് ഒലിപ്പ്, കൺപോളകളിൽ ചൊറിച്ചിൽ, കണ്ണിൽ നിന്ന് വെള്ളം വരിക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

  • നേസൽ പോളിപ്‌സ്: ഇവ മൂക്കിന്റെ ആന്തരിക പാളിയിലുണ്ടാകുന്ന മൃദുവായയും വേദനയില്ലാത്തതുമായ ദശ വളർച്ചയാണ്. എന്നാൽ ഇവ ശ്വാസനാളിയെ തടസ്സപ്പെടുത്തുകയും സൈനസ് അണുബാധയിലേയ്ക്ക് നയിക്കുകയും ചെയ്യും.

  • മൂക്കിന്റെ പാലത്തിനുള്ള വളവ്: നിങ്ങളുടെ നാസികാദ്വാരങ്ങൾക്കിടയിലുള്ള നേർത്ത അസ്ഥി ഒരു വശത്തേക്ക് വളയുമ്പോഴും സൈനസൈറ്റിസ് ഉണ്ടാകാം 


  അപകടസാധ്യതകൾ

  ചില ആരോഗ്യ സാഹചര്യങ്ങളോ അപകട ഘടകങ്ങളോ സൈനസ് അണുബാധ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം

  • മൂക്കിന്റെ പാലത്തിലെ വളവ്

  • നേസൽ പോളിപ്സ്

  • കടുത്ത അലർജി

  • പൂപ്പൽ അണുബാധ

  • പുകവലി

  • പല്ലുകളിലെ അണുബാധ

  • സിസ്റ്റിക് ഫൈബ്രോസിസ് 

  • ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകൾ

  • പൊതുവേ ദുർബലമായ പ്രതിരോധശേഷി


  കുട്ടികളിൽ സൈനസൈറ്റിസിന് കാരണമാകുന്ന ഘടകങ്ങൾ ഇവയാണ്:

  • അലർജികൾ

  • ഡേ കെയറിലോ സ്കൂളിലോ ഉള്ള മറ്റ് കുട്ടികളിൽ നിന്ന് പകരുന്ന അസുഖങ്ങൾ

  • പാസിഫയറുകൾ വഴി

  • അന്തരീക്ഷത്തിലെ പുക


  വിവിധ തരത്തിലുള്ള സൈനസൈറ്റിസുകൾ 

  • അക്യൂട്ട് സൈനസൈറ്റിസ് - സാധാരണയായി മിക്കവ‌‍‍‍ർക്കും ഉണ്ടാകുന്ന സൈനസൈറ്റിസ് ആണിത്. ജലദോഷം പോലുള്ള ലക്ഷണങ്ങളോടെയാണ് രോ ഗം ആരംഭിക്കുന്നത്. അതായത് മൂക്കൊലിപ്പ്, മുഖത്തിന് അനുഭവപ്പെടുന്ന വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത് പെട്ടെന്ന് ആരംഭിച്ച് 2 മുതൽ 4 ആഴ്ച വരെ നീണ്ടുനിൽക്കും.

  • സബാക്യൂട്ട് സൈനസൈറ്റിസ് - സാധാരണയായി 4 മുതൽ 12 ആഴ്ച വരെ നീണ്ടുനിൽക്കുന്ന സൈനസൈറ്റിസ് ആണിത്.

  • ക്രോണിക് സൈനസൈറ്റിസ് - ലക്ഷണങ്ങൾ 12 ആഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കും സൈനസൈറ്റിസ് ആണിത്

  • റിക്കറന്റ് സൈനസൈറ്റിസ് - ഇത് ഒരു വർഷത്തിൽ തന്നെ പല തവണ ആവ‍ർത്തിച്ച് അനുഭവപ്പെടും


  സൈനസ് അണുബാധ എത്ര സമയം നീണ്ടുനിൽക്കും?

  അണുബാധയുടെ കാരണത്തെ ആശ്രയിച്ച് ഇത് ഒരാഴ്‌ച മുതൽ മൂന്ന് മാസം വരെയോ അതിൽ കൂടുതലോ നീണ്ടുനിൽക്കും. സൈനസൈറ്റിസ് മൂന്ന് മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ അതിനെ ക്രോണിക് സൈനസൈറ്റിസ് എന്ന് വിളിക്കുന്നു. 

  സൈനസ് അണുബാധ വേഗത്തിൽ കുറയാനുള്ള മാർഗങ്ങൾ എന്തൊക്കെയാണ്?

  ശരീരത്തിൽ ജലാംശം നിലനിർത്തുക. കഫം നേർത്തതാക്കാൻ കൂടുതൽ വെള്ളം കുടിക്കുക. ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

  സൈനസൈറ്റിസ് കുറയാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ 

  നെറ്റിയിൽ നിങ്ങളുടെ പുരികങ്ങൾക്കിടയിൽ അമർത്തുക. നാവ് നിങ്ങളുടെ അണ്ണാക്കിന്റെ മുകളിലേക്ക് അമർത്തുക. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന മർദ്ദം സൈനസ് സ്വാഭാവികമായി വറ്റിപ്പോകാൻ സഹായിക്കും. കൈകൾ കൂട്ടി തിരുമ്മി ചൂടാക്കുക. അതിന് ശേഷം പുരികങ്ങൾക്ക് മുകളിൽ നെറ്റിക്ക് ചുറ്റും വിരലുകൾ വെച്ച് അമർത്തുക. വൃത്താകൃതിയിൽ കണ്ണുകൾക്ക് ചുറ്റും മസാജ് ചെയ്യുക. ഏകദേശം 30 സെക്കൻഡ് നേരത്തേക്ക് ഇത് ആവർത്തിക്കുക. 

  സൈനസൈറ്റിസ് ഉള്ളപ്പോൾ ഭക്ഷണക്രമം മാറ്റേണ്ടത് എങ്ങനെ?

  നിങ്ങൾക്ക് സൈനസൈറ്റിസ് ഉണ്ടെങ്കിൽ ശരീരത്തിൽ നീർവീക്കം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കണം. ശരീരത്തിലെ കഫത്തിന്റെ കട്ടിക്കുറയ്ക്കുന്നതിനായി ധാരാളം വെള്ളം കുടിക്കണം. 

  സൈനസൈറ്റിസ് ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ താഴെ പറയുന്നവയാണ്.

  • പഞ്ചസാര: മധുരപലഹാരങ്ങൾ, ചോക്കലേറ്റ് ബാർ, സംസ്കരിച്ച ഭക്ഷണങ്ങൾ, ജ്യൂസുകൾ, സോഡകൾ എന്നിവയിൽ പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ അവ ഒഴിവാക്കുക.

  • കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണം: പിസ്സ, പാസ്ത, ചീസ് തുടങ്ങിയ ജങ്ക് ഫുഡുകൾ ഒഴിവാക്കണം. കാരണം അവ കോശങ്ങൾക്ക് വീക്കം ഉണ്ടാക്കും.

  • ടിന്നിലടച്ച ഭക്ഷണങ്ങൾ: ഉയർന്ന അളവിൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് അടങ്ങിയ ടിന്നിലടച്ച ഭക്ഷണങ്ങൾ ഒഴിവാക്കണം.

  • കാർബോഹൈഡ്രേറ്റ്സ്: പുഴുങ്ങിയ ഉരുളക്കിഴങ്ങ്, സീരിയൽസ്, വൈറ്റ് ബ്രെഡ് പോലുള്ള ഉയർന്ന ഗ്ലൈസെമിക് ഇൻഡെക്സ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം.


  ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

  • നീ‍ർവീക്കം കുറയ്ക്കാൻ, ആൻറി ഓക്സിഡൻറുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയ ഭക്ഷണമാണ് ആരോ ഗ്യവിദ ഗ്ധ‌‍‍ർ ശുപാർശ ചെയ്യുന്നത്.

  • ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമായ മത്തി പോലുള്ള മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

  • കുർക്കുമിൻ അടങ്ങിയ മഞ്ഞൾ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.

  • വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ചുവന്ന മുളക്.

  • ചീര, ബ്രോക്കോളി തുടങ്ങിയ ഇലക്കറികൾ

  • വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഓറഞ്ച്, മുന്തിരി പോലുള്ള പഴങ്ങൾ കഴിക്കണം

  • ശരീരത്തിലെ ജലാംശം നിലനിർത്താൻ ഗ്രീൻ ടീ സഹായിക്കും.

  • കഫത്തിന്റെ കട്ടി കുറയ്ക്കാനും സൈനസുകൾ നീക്കം ചെയ്യാനും കുരുമുളക് കഴിക്കുന്നതും ഉത്തമമാണ്. 


  സൈനസൈറ്റിസ് രോഗം വരാതെ തടയാൻ കഴിയുമോ?

  സൈനസൈറ്റിസ് തടയാൻ കൃത്യമായ മാർഗങ്ങളില്ല. എന്നാൽ ഇതിന് സഹായിച്ചേക്കാവുന്ന ചില കാര്യങ്ങളുണ്ട്.

  • പുകവലിക്കരുത്, മറ്റുള്ളവ‍ർ പുകവലിയ്ക്കുമ്പോൾ സമീപത്ത് നിന്ന് മാറി നിൽക്കുക. 

  • നിങ്ങളുടെ കൈകൾ ഇടയ്ക്കിടെ കഴുകുക, പ്രത്യേകിച്ച് ജലദോഷം, പനി എന്നിവയുള്ളപ്പോൾ. മുഖത്ത് തൊടാതിരിക്കാൻ ശ്രമിക്കുക.

  • നിങ്ങൾക്ക് അലർജിയുണ്ടെന്ന് അറിയാവുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.

  • സൈനസ് പ്രശ്‌നങ്ങൾ വീണ്ടും വീണ്ടും വരികയാണെങ്കിൽ ശസ്ത്രക്രിയയുടെ ഗുണദോഷങ്ങളെക്കുറിച്ച് ഡോക്ടറോട് ചോദിക്കുക.


  സൈനസൈറ്റിസ് രോഗം ചികിത്സിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

  സൈനസൈറ്റിസ് യഥാസമയം ചികിത്സിച്ചില്ലെങ്കിൽ നിങ്ങൾക്ക് വളരെയേറെ വേദനയും അസ്വസ്ഥതയും ഉണ്ടാകും. അപൂർവ സന്ദർഭങ്ങളിൽ, ചികിത്സിക്കാതിരുന്നാൽ സൈനസൈറ്റിസ് മെനിഞ്ചൈറ്റിസ്, മസ്തിഷ്ക കുരുക്കൾ ഉണ്ടാകുന്നതിലേയ്ക്കും അസ്ഥികളിലേയ്ക്ക് അണുബാധ വ്യാപിക്കുന്നതിലേയ്ക്കും നയിച്ചേക്കാം. അതിനാൽ തുടക്കത്തിൽ തന്നെ ചികിത്സ തേടുന്നതാണ് നല്ലത്. 

  അലർജി, സൈനസൈറ്റിസ് എന്നിവയുടെ ലക്ഷണങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണ്. രണ്ട് രോഗത്തിനും മൂക്കൊലിപ്പ് ഒരു പ്രധാന  ലക്ഷണമാണ്. അലർജിയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടാകാം:

  • മൂക്കൊലിപ്പ്, തുമ്മൽ

  • കണ്ണിൽ നിന്ന് വെള്ളം വരിക അല്ലെങ്കിൽ കണ്ണുകൾക്ക് ചൊറിച്ചിൽ അനുഭവപ്പെടുക

  • ശ്വാസം മുട്ടൽ

  Published by:Rajesh V
  First published: