കളിമൺപ്ലേറ്റ്, കളിമൺഗ്ലാസ്, മൺചട്ടി... ശ്രീദേവി പദ്മജത്തിന്റെ ഓർഗാനോഗ്രാമിന്റെ വാതിൽ തുറന്നാൽ മണ്ണിന്റെ മണമുള്ള ശുദ്ധവായു ശ്വസിക്കാം... തിരുവനന്തപുരത്ത് നന്ദൻകോടുള്ള ഓർഗാനോഗ്രാം എന്ന ഷോപ്പ് നഗരവാസികൾക്ക് മുന്നിൽ വയ്ക്കുന്നത് പുതിയ ആരോഗ്യശീലമാണ്... നോൺസ്റ്റിക് പാത്രങ്ങൾ പകരുന്ന അനാരോഗ്യത്തിൽ നിന്ന് കളിമൺപാത്രങ്ങളുടെ ആരോഗ്യത്തിലേക്കാണ് ശ്രീദേവി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്... കളിമൺപാത്രങ്ങൾ നിർമിക്കുന്ന സ്ഥലങ്ങളിൽ ചെന്ന് പ്രത്യേകമായി തയാറാക്കി ഷോപ്പിലേക്ക് എത്തിക്കുകയാണ് ചെയ്യാറുള്ളത്...
മുമ്പ് ഉദ്യോഗസ്ഥയായിരുന്ന ശ്രീദേവിക്ക് പലപ്പോഴും അനാരോഗ്യകരമായ സാഹചര്യങ്ങൾ നേരിൽ കാണുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ക്യാൻസർ പോലുള്ള മാരക രോഗങ്ങളെ ചെറുക്കാൻ മൺപാത്രങ്ങളിലേക്ക് തിരികെ പോകണമെന്ന് ശ്രീദേവി നിശ്ചയിക്കുകയായിരുന്നു... പിന്നെ അമാന്തിച്ചില്ല.. ജോലി ഉപേക്ഷിച്ച് ചെറിയൊരു സംരംഭം തുടങ്ങി... അവിടെ നിരന്ന കളിമൺപാത്രങ്ങളിൽ ശ്രീദേവി വിളമ്പുന്നത് ശുദ്ധമായ ആരോഗ്യം തന്നെയാണ്...
മൺപാത്രങ്ങൾക്ക് പുറമെ സീസൺ ചെയ്ത കാസ്റ്റ് അയൺ ദോശക്കല്ലും ചീനച്ചട്ടിയും ഒക്കെ ഓർഗാനോഗ്രാമിൽ ലഭ്യം. മായം കലരാത്ത, വീട്ടിൽ പൊടിച്ചുണ്ടാക്കിയ കറിപ്പൊടികളും ശ്രീദേവിയുടെ ഷോപ്പിലെ പ്രത്യേകതയാണ്... മുളക് പൊടിയും മല്ലിപ്പൊടിയും മസാലക്കൂട്ടുകളുമൊക്കെ വീട്ടിൽ പൊടിച്ചുണ്ടാക്കും... ഇവയ്ക്ക് ആവശ്യക്കാരേറെയെന്ന് ശ്രീദേവി പറയുന്നു... ശുദ്ധമായ കുരുമുളക്, ഗ്രാമ്പു, ഏലക്ക, കുടംപുളി, എണ്ണ തുടങ്ങിയവയ്ക്ക് വിദേശത്തുനിന്നും ആവശ്യക്കാരേറെ...
നമ്മുടെ തലമുറയ്ക്ക് അന്യമാകുന്ന ആരോഗ്യശീലങ്ങൾ തിരികെ ലഭിക്കാൻ അടുക്കളയിൽ നിന്ന് തന്നെ തുടങ്ങാമെന്നാണ് ശ്രീദേവി പറയുന്നത്... അതുകൊണ്ട് തന്നെ ശ്രീദേവിയുടെ അടുക്കളയിലും നിറയുന്നത് ഈ കളിമൺപാത്രങ്ങളാണ്... അതിൽ ശ്രീദേവി വിളമ്പുന്നതാകട്ടെ നിറയെ ആരോഗ്യവും...
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Food, Health, Healthy lifestyle, Organogram