കോവിഡ് 19 മഹാമാരി ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചുകഴിഞ്ഞു. ഇത്തരം മഹാമാരികൾ ഇന്ത്യയുടെ ചരിത്രത്തിലുടനീളം ഉണ്ടായിട്ടുണ്ട്. 'എയ്ജ് ഓഫ് പാൻഡമിക്' എന്ന തന്റെ പുതിയ പുസ്തകത്തിൽ ചിന്മയ്ടുംബെ പറയുന്നത് ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ നിർണായകമായ ഭാഗമാണ് ഇത്തരം മഹാമാരികൾ എന്നാണ്.
ടുംബെ പറയുന്നത് പ്രകാരം 1817 മുതൽ 1920 വരെയുള്ള കാലഘട്ടം മഹാമാരികളുടെ കാലഘട്ടമായിരുന്നു. കോളറ, പ്ലേഗ്, ഇൻഫ്ലുവൻസ തുടങ്ങിയ മഹാമാരികൾ മാനവരാശിയെ ഗ്രസിച്ചത് ഈ നൂറ്റാണ്ടിലാണ്. വ്യാപാരവും കൊളോണിയലിസവും സൃഷ്ടിച്ച ധാരകളിലൂടെ മഹാമാരികൾ ഭൂഖണ്ഡങ്ങൾ താണ്ടി പടരുകയായിരുന്നു. രോഗങ്ങൾക്ക് കീഴ്പ്പെട്ട് ലോകമെമ്പാടും മരിച്ചത് 70 ദശലക്ഷം ജനങ്ങളാണ്. ആ കാലയളവിൽ യുദ്ധമുഖങ്ങളിൽ മരിച്ചു വീണവരേക്കാൾ എത്രയോ കൂടുതലാണ് ഇത്.
ഇന്ത്യയിൽ മാത്രം 40 ദശലക്ഷം പേർ മരണത്തിന് കീഴടങ്ങി എന്ന് ടുംബെ ചൂണ്ടിക്കാട്ടുന്നു. ഈ രോഗങ്ങൾ ഏറ്റവുമധികം നാശം വിതച്ച രാജ്യത്ത് പക്ഷേ, അവയെക്കുറിച്ചുള്ള ഓർമ്മകൾ വിരളമാണെന്ന് മാത്രം.
ഈ അംനേഷ്യയുടെ ഭാഗികമായ കാരണം ഇൻഫ്ലുവൻസ മഹാമാരിയ്ക്ക് ശേഷം ഇത്രയും വലിയൊരു മഹാവിപത്ത് ലോകത്തിന് നേരിടേണ്ടി വന്നിട്ടില്ല എന്നതാണെന്ന് ടുംബെ വാദിക്കുന്നു. ചികിത്സാ സംവിധാനങ്ങളിൽ ഉണ്ടായിട്ടുള്ള പുരോഗതിയും ഉത്തരവാദിത്തപ്പെട്ട ഭരണ സംവിധാനങ്ങളുടെ വളർച്ചയുമൊക്കെ ഇത്തരം വിപത്തുകളെ മറികടക്കാൻ ഇന്ത്യയെയും മറ്റു രാജ്യങ്ങളെയും സഹായിച്ചിട്ടുണ്ട്.
കോവിഡിനെ പിടിച്ചു കെട്ടാൻ നമ്മൾ പരിശ്രമിക്കുമ്പോഴും, ലോകത്ത് കോവിഡ് മൂലമുണ്ടായിട്ടുള്ള മരണനിരക്ക് മുൻ കാലങ്ങളിലെ മഹാമാരികളിൽ ഇന്ത്യയിൽ മാത്രം ഉണ്ടായിട്ടുള്ള മരണങ്ങളുടെ ചെറിയൊരു അംശം മാത്രമാണെന്ന് ടുംബെ ഓർമിപ്പിക്കുന്നു.
ഈ പുരോഗതി ഇനിയൊരിക്കലും വലിയ തോതിലുള്ള നാശം ഉണ്ടാവില്ലെന്നൊരു അമിതമായ ആത്മവിശ്വാസം സൃഷ്ടിച്ചിരുന്നു. എന്നാൽ, യാഥാർഥ്യം അത്തരം മൂഢവിശ്വാസങ്ങൾക്ക് വഴങ്ങിക്കൊടുക്കില്ല - ഇപ്പോഴത്തെ ലോക സാഹചര്യം തെളിയിക്കുന്നതും അതാണ്. ഇത്തരം മഹാവിപത്തുകളുടെ ശക്തിയെക്കുറിച്ചുള്ള പുനർവിചിന്തനങ്ങൾക്കും വിലയിരുത്തലുകൾക്കും കോവിഡ് 19 പരോക്ഷമായെങ്കിലും കാരണമായിട്ടുണ്ട്.
ഈ വിഷയത്തിന്മേൽ പുറത്തിറങ്ങുന്ന പുതിയ പുസ്തകങ്ങളുടെ എണ്ണവും പഴയവയ്ക്ക് ലഭിക്കുന്ന പ്രചാരവുമൊക്കെ സൂചിപ്പിക്കുന്നത് അതാണ്. പുസ്തകങ്ങളുടെ ഈ പ്രളയത്തിനിടയിൽ പരിഗണിക്കുന്ന വിഷയത്തിന്റെ വ്യാപ്തിയുടെ കാര്യത്തിലും അവയെ കൈകാര്യം ചെയ്യുന്നതിൽ കാണാവുന്ന നൈപുണ്യത്തിന്റെ കാര്യത്തിലും ടുംബെയുടെ പുസ്തകം ഒരു പടി മുകളിൽത്തന്നെയാണ്.
ആഗോള സംഭവ വികാസങ്ങളുടെ ചരിത്രം ഇന്ത്യൻ പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ട് എഴുതാനുള്ള ശ്രമങ്ങൾ കുറവാണ്. നമ്മുടെ പരിപ്രേക്ഷ്യത്തിൽ നിന്ന് നോക്കിക്കാണാനുള്ള മറവിയുടെ കാരണം നമ്മൾ പഠിക്കുന്ന ചരിത്രം പാശ്ചാത്യ രാജ്യങ്ങളിൽ എഴുതപ്പെട്ടിട്ടുള്ളതാണ് എന്നതാണ്. ആ എഴുതപ്പെട്ട ചരിത്രത്തെ മഹാമാരികളുടെ കാലഘട്ടം ഒരിക്കലും സ്വാധീനിച്ചിട്ടില്ലെന്നും ടുംബെ വാദിക്കുന്നു. അവർ മുൻഗണന നൽകിയത് സാമ്രാജ്യത്വത്തിന്റെയും വ്യവസായങ്ങളുടെയും വളർച്ചയ്ക്കായിരുന്നു. ഈ കാലത്തെക്കുറിച്ച്അവർ പറയുന്ന കഥകളിലും അത് പ്രതിഫലിക്കുന്നുണ്ട്.
ഇന്ത്യയിൽ മഹാവിപത്തുണ്ടാക്കിയ രോഗങ്ങളുടെ കാലഘട്ടത്തെക്കുറിച്ചുള്ളഓർമ്മകൾ ദേശീയ പ്രസ്ഥാനത്തിന്റെപൈതൃകം അടിച്ചേൽപ്പിക്കുന്നത്തിലൂടെ മറഞ്ഞുപോയതാണ്. ഈ മറവിയെമറികടന്ന് ഓർമകളെ വീണ്ടെടുക്കാനുള്ള ശ്രമമാണ് ടുംബൈഈ പുസ്തക രചനയിലൂടെ നടത്തുന്നത്.
വിപത്തുകളുടെ മഹാകാലഘട്ടത്തിനുശേഷം കൂടുതൽ സുസ്ഥിരതയും സുരക്ഷിതത്വവും നിറഞ്ഞ കാലത്താണ് നമ്മൾ ജീവിച്ചു വന്നതെങ്കിലും ദുരന്തത്തിനു മുന്നിൽ വെളിവാകുന്ന നമ്മുടെ ദൗർബലങ്ങളെക്കുറിച്ച് കോവിഡ് മഹാമാരി നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു. വീണ്ടും മറവി കൊണ്ടുണ്ടാവുന്ന വിഡ്ഢിത്തങ്ങൾ അനുഭവിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ ഇനിയെങ്കിലും നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു.
ഈ കാരണം കൊണ്ടുതന്നെ 'എയ്ജ് ഓഫ് പാൻഡമിക്' എന്ന പുസ്തകം വളരെ പ്രധാനപ്പെട്ടതാണ്. വസ്തുതകളും കഥകളും വിലയിരുത്തുകളും നിറഞ്ഞ ഈ പുസ്തകം ഏതൊരു സാധാരണ വായനക്കാരനും മനസിലാക്കാൻ കഴിയുന്നത്ര ലളിതമായി എഴുതിയിട്ടുള്ള ഒന്നാണ്. സാന്ദ്രമായചരിത്രത്തെ ലളിതമായ ആഖ്യാനത്തിലേക്ക് വിളക്കിച്ചേർക്കുന്ന ടുംബെനമ്മളെ നമ്മുടെ ഭൂതകാലവുമായി ചേർത്ത് വെയ്ക്കുകയും അനിശ്ചിതത്വങ്ങൾ നിറഞ്ഞ കാലത്തിലൂടെ കടന്നുപോകാനുള്ള തയ്യാറെടുപ്പിന് നമ്മളെ സഹായിക്കുകയും ചെയ്യുന്നു.