ആര്‍ത്തവവിരാമ പ്രശ്നങ്ങൾക്ക് പരിഹാരമായി ആദ്യ ടെസ്റ്റോസ്റ്റിറോണ്‍ പാച്ച് വികസിപ്പിക്കാനൊരുങ്ങി യുകെ യൂണിവേഴ്‌സിറ്റി
- Published by:user_57
- news18-malayalam
Last Updated:
2023 അവസാനത്തോടെ ഗവേഷകര്‍ പാച്ചിന്റെ ആദ്യ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിക്കുമെന്നാണ് വിവരം
ലൈംഗിക താല്‍പ്പര്യം കുറയുന്നത് ആര്‍ത്തവവിരാമ സമയത്ത് കണ്ടുവരുന്ന ഒരു സാധാരണ ലക്ഷണമാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാന്‍, യുകെ സര്‍വകലാശാല ടെസ്റ്റോസ്റ്റിറോണ്‍ ഹോർമോൺ അടങ്ങിയ ഒരു പാച്ച് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പിക്ക് ശേഷവും യാതൊരു മാറ്റവും ഉണ്ടാകാത്ത ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകളുടെ ജീവിതത്തില്‍ ഈ നൂതന വിദ്യ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
ആര്‍ത്തവവിരാമ സമയത്ത്, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഗണ്യമായി കുറയാറുണ്ട് സ്ത്രീകളില്‍ സ്വാഭാവികമായി വളരെ ചെറിയ അളവില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ടെസ്റ്റോസ്റ്റിറോണ്‍ പേശികളുടെ ബലം, വൈജ്ഞാനിക പ്രവര്‍ത്തനം, ലൈംഗിക താത്പര്യം എന്നിവ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ആര്‍ത്തവവിരാമത്തിന്റെ സാധാരണ ലക്ഷണങ്ങളായ ലൈംഗിക താത്പര്യക്കുറവ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങൾക്ക് പല സ്ത്രീകളും ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി (HRT) ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതിന് ശേഷവും ചില സ്ത്രീകള്‍ക്ക് ലൈംഗിക താല്‍പ്പര്യം വീണ്ടെടുക്കാന്‍ കഴിയാറില്ല. ടെസ്റ്റോസ്റ്റിറോണ്‍ ക്രീമുകളും ജെല്ലുകളും ഇതിനകം വിപണിയില്‍ ലഭ്യമാണ്, എന്നാല്‍ ഈ ഉല്‍പ്പന്നങ്ങള്‍ പുരുഷന്മാര്‍ക്കായി രൂപകല്‍പ്പന ചെയ്ത ടെസ്റ്റോസ്റ്റിറോണ്‍ ഡോസുകളിലാണ് ലഭിക്കുന്നത്. അതിനാല്‍ ഇത് ഉപയോഗിക്കുന്നത് നിരവധി പാർശ്വഫലങ്ങൾക്ക് കാരണമാകും. ചില സ്ത്രീകളില്‍ ഇത് ശരീരഭാരം അമിതമായി കൂടാനും, മുഖക്കുരു, അമിത രോമവളര്‍ച്ച എന്നിവയ്ക്കും കാരണമാകും.
advertisement
അതേസമയം, ആര്‍ത്തവവിരാമ പ്രശ്നങ്ങൾക്ക് പരിഹാരമായി ലോകത്തിലെ ആദ്യ ടെസ്റ്റോസ്റ്റിറോണ്‍ പാച്ച് വികസിപ്പിക്കുന്നതിനായി വാര്‍വിക്ക് സര്‍വകലാശാല മെഡ്റന്റ് എന്ന കമ്പനി രൂപികരിച്ചിട്ടുണ്ട്. 2023 അവസാനത്തോടെ ഗവേഷകര്‍ പാച്ചിന്റെ ആദ്യ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിക്കുമെന്നാണ് വിവരം. നിലവില്‍ ആര്‍ത്തവവിരാമ ലക്ഷണങ്ങളാല്‍ ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് ക്ലിനിക്കലി അംഗീകരിച്ച ടെസ്റ്റോസ്റ്റിറോണ്‍ പാച്ചുകൾ ലഭ്യമല്ല. പ്രോജസ്റ്ററോണും ഈസ്ട്രജനും ചേർന്നുള്ള പാച്ചുകള്‍ മാത്രമേ അംഗീകരിക്കപ്പെട്ടിട്ടുള്ളൂ.
advertisement
‘ഇത് വളരെ ആവശ്യക്കാരുള്ളതും ലഭ്യത കുറഞ്ഞതുമായ ഒരു ഉല്‍പ്പന്നമായിരിക്കും. ഈ സാങ്കേതികവിദ്യ ഇതിനകം തന്നെ പ്രവര്‍ത്തിക്കുമെന്ന് തെളിയിക്കപ്പെട്ടതിനാല്‍, സ്ത്രീകൾക്ക് ആർത്തവ വിരാമ സമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പുതിയ പാച്ച് ഒരു പരിഹാരമാകും. ആര്‍ത്തവവിരാമത്തിനു ശേഷമുള്ള പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നവരുടെ ജീവിതത്തെ ഇത് മാറ്റിമറിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ വാര്‍വിക്ക് സര്‍വകലാശാലയിലെ കെമിസ്ട്രി പ്രൊഫസറും മെഡറന്റിന്റെ സ്ഥാപകനുമായ ഡേവിഡ് ഹാഡില്‍ടണ്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പാച്ചിന് റെഗുലേറ്ററി അംഗീകാരം ലഭിച്ചാല്‍, ഇത് യുകെയില്‍ അവതരിപ്പിക്കും, കൂടാതെ ലോകത്ത് ലഭ്യമായ ഏക ടെസ്റ്റോസ്റ്റിറോണ്‍ റീപ്ലേസ്‌മെന്റ് പാച്ചായിരിക്കും ഇത്.
advertisement
60 വയസ്സിനു മുകളിലുള്ള 40% സ്ത്രീകളും, ആര്‍ത്തവവിരാമത്തിനു ശേഷമുള്ള കാലഘട്ടവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളായ, യോനിയിലെ വരള്‍ച്ച, ലൈംഗിക താല്‍പ്പര്യം കുറയുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് 2019ലെ ഒരു യുഎസ് പഠനം സൂചിപ്പിക്കുന്നു.
2015 മുതല്‍, ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇംഗ്ലീഷ് ഏജന്‍സിയായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സ്, എച്ച്ആര്‍ടി പര്യാപ്തമല്ലെങ്കില്‍, ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകള്‍ക്ക് അധിക ടെസ്റ്റോസ്റ്റിറോണ്‍ നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 07, 2023 12:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ആര്‍ത്തവവിരാമ പ്രശ്നങ്ങൾക്ക് പരിഹാരമായി ആദ്യ ടെസ്റ്റോസ്റ്റിറോണ്‍ പാച്ച് വികസിപ്പിക്കാനൊരുങ്ങി യുകെ യൂണിവേഴ്‌സിറ്റി