ചെടികൾ സംസാരിക്കാനോ? മണ്ടത്തരം പറയാതെ എന്നാകും ചിന്തിക്കുന്നത്. എന്നാൽ ചെടികൾക്കും സംസാരിക്കാനാകും എന്നു തെളിയിച്ചിരിക്കുകയാണ് പുതിയൊരു പഠനം. ഇസ്രയേലിലെ ടെൽ അവീവ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് പ്ലാന്റ് സയൻസസ് ആൻഡ് ഫുഡ് സെക്യൂരിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. സസ്യങ്ങൾ ഒരു പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്നു എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.
പോപ്പ്‌കോൺ പൊട്ടുന്നതിന് സമാനമാണ് ചെടികളുടെ ശബ്ദമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇത് മനുഷ്യർക്ക് കേൾക്കാനാകില്ല. ”സസ്യങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന വൈബ്രോമീറ്ററുകൾ വൈബ്രേഷനുകൾ റെക്കോർഡ് ചെയ്യുന്നതായി മുൻ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ പ്രകമ്പനങ്ങൾക്ക് ശബ്ദ തരംഗങ്ങളായി മാറാൻ സാധിക്കുമോ എന്ന വർഷങ്ങളായുള്ള ചോദ്യത്തിനാണ് ഞങ്ങളുടെ പഠനം ഉത്തരം നൽകുന്നത്”, ഗവേഷണത്തിന് നേതൃത്വം കൊടുത്ത പ്രൊഫ. ലിലാച്ച് ഹദാനി പറഞ്ഞു.
ലോകം മുഴുവൻ സസ്യങ്ങളുടെ ശബ്‌ദങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ഈ ശബ്‌ദങ്ങളിൽ ജലക്ഷാമം, മറ്റ് അപകടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളുണ്ടെന്നും ഗവേഷകർ പറയുന്നു. “സസ്യങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ വവ്വാലുകൾ, എലികൾ, പ്രാണികൾ, തുടങ്ങിയ ജീവികൾക്കു മാത്രമേ കേൾക്കാനാകൂ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ അങ്ങനെയല്ല, മറ്റ് സസ്യങ്ങൾക്കും അവ കേൾക്കാൻ സാധിക്കും എന്നാണ് ഞങ്ങൾ കരുതുന്നത്”, ഹഡാനി പറഞ്ഞു. സെൻസറുകൾ പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാൽ മനുഷ്യർക്കും ഈ ശബ്ദങ്ങൾ കേൾക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെടികളുടെ ശബ്ദവും സമ്മർദവും
സമ്മർദ്ദം അനുഭവപ്പെടുന്ന ചെടികൾ ശബ്ദം പുറപ്പെടുവിക്കുന്നുവെന്നും ഗവേഷകർ പറയുന്നു. അവ നിരീക്ഷിച്ചാൽ ഏത് ചെടിയുടെ ശബ്ദമാണെന്ന് മനസിലാക്കാനും സാധിക്കും.
തക്കാളി, ടുബാക്കോ പ്ലാന്റ്, ഗോതമ്പ്, കോൺ, കള്ളിമുൾച്ചെടി തുടങ്ങിയ ചെടികളാണ് ഗവേഷകർ പഠനവിധേയമാക്കിയത്. ചില ചെടികൾക്ക് അഞ്ച് ദിവസമായി വെള്ളമൊഴിക്കാതെയും ചിലതിന്റെ തണ്ടുകൾ മുറിച്ച് കളയുകയും ചെയ്തുമാണ് ഗവേഷണം നടത്തിയത്. ചിലത് അതേപടി നിലനിർത്തി.
ഈ ചെടികളെ യാതൊരു ശബ്ദവുമില്ലാത്ത പ്രതലത്തിൽ വെച്ചു. തുടർന്ന് 20-250 കിലോഹെർട്സ് ഫ്രീക്വൻസിയിൽ ഉണ്ടാകുന്ന ശബ്ദങ്ങൾ റെക്കോർഡുചെയ്യുന്ന അൾട്രാസോണിക് മൈക്രോഫോണുകൾ ഉപയോഗിച്ച് പരീക്ഷണം നടത്തി. പരീക്ഷണത്തിന് വിധേയമാക്കിയ ചെടികൾ 40 മുതൽ 80 കിലോഹെർട്‌സ് വരെ ഫ്രീക്വൻസിയിൽ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതായി റെക്കോർഡിംഗിൽ നിന്ന് വ്യക്തമായി. സമ്മർദ്ദമില്ലാത്ത ചെടികൾ മണിക്കൂറിൽ ഒരു തവണ ശബ്ദമുണ്ടാക്കിയപ്പോൾ എന്തെങ്കിലും പ്രശ്‌നങ്ങൾ സംഭവിച്ച ചെടികൾ ഓരോ മണിക്കൂറിലും 12 ൽ അധികം ശബ്ദങ്ങൾ പുറപ്പെടുവിച്ചതായും കണ്ടെത്തി. ഓരോ ചെടിയുടേയും ശബ്ദം ഇവർ വേര്‍തിരിച്ചെടുത്തതായും പ്രൊഫ. ലിലാച്ച് ഹദാനി പറഞ്ഞു.
ചെടികൾ പരസ്പരം സംസാരിക്കുമോ?
“സസ്യങ്ങൾ പരസ്പരം സംസാരിക്കുമോ എന്നറിയാൻ എനിക്കും വലിയ ആവേശവും കൗതുകവും ഉണ്ട്. ഇത് ഇപ്പോഴും ഒരു ചോദ്യമാണ്. ഞങ്ങൾ അതേക്കുറിച്ചുള്ള പരീക്ഷണങ്ങൾ നടത്തിവരികയാണ്”, ഹദാനി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.