ദിവസവും 11 മിനിറ്റെങ്കിലും നടക്കൂ; പത്തിലൊന്ന് അകാലമരണങ്ങളും തടയാമെന്ന് ഗവേഷകർ
- Published by:Rajesh V
- news18-malayalam
Last Updated:
ആഴ്ചയിൽ 150 മിനിറ്റെങ്കിലും മിതമായ രീതിയിലുള്ള ശാരീരിക വ്യായാമങ്ങൾ ചെയ്തിരുന്നെങ്കിൽ ആറിലൊന്ന് അകാല മരണങ്ങളും ഇല്ലാതാക്കാനാകുമായിരുന്നെന്ന് ഗവേഷകർ പറയുന്നു.
കോവിഡ് മഹാമാരിക്കു ശേഷം പലരും ആരോഗ്യകാര്യത്തിൽ മുൻപത്തേക്കാൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്. അതിനായി അധിക സമയമൊന്നും മാറ്റിവെയ്ക്കേണ്ടതില്ലെന്നു തെളിയിക്കുകയാണ് പുതിയ പഠനം. 11 മിനിറ്റ് നേരമേങ്കിലും അതിവേഗത്തിൽ നടന്നാൽ പത്തിലൊന്ന് അകാലമരണങ്ങളെയും തടയാമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ശാരീരിക വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ ഹൃദ്രോഗം, കാൻസർ, തുടങ്ങിയ രോഗങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയുമെന്നും ഗവേഷകർ പറയുന്നു. മുൻപു നടത്തിയ 196 പഠനങ്ങളുടെ ഫലങ്ങൾ സംയോജിപ്പിച്ചാണ് പുതിയ ഗവേഷണം നടത്തിയത്. 30 ദശലക്ഷത്തിലധികം ആളുകളെയാണ് പഠനവിധേയമാക്കിയത്. ഈ വിഷയത്തെക്കുറിച്ച് നടത്തിയ ഏറ്റവും വലിയ പഠനങ്ങളിലൊന്നാണിത്.
ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് നിർദേശിക്കുന്ന തരത്തിൽ, ആഴ്ചയിൽ 150 മിനിറ്റെങ്കിലും മിതമായ രീതിയിലുള്ള ശാരീരിക വ്യായാമങ്ങൾ ചെയ്തിരുന്നെങ്കിൽ ആറിലൊന്ന് അകാല മരണങ്ങളും ഇല്ലാതാക്കാനാകുമായിരുന്നെന്ന് ഗവേഷകർ പറയുന്നു. ദിവസം 11 മിനിറ്റെങ്കിലും വ്യായാമങ്ങൾ ചെയ്താൽ പത്തിലൊന്ന് അകാല മരണങ്ങൾ തടയാനാകുമെന്നും ഗവേഷകർ കണ്ടെത്തി. ഇങ്ങനെ ചെയ്താൽ ഹൃദ്രോഗങ്ങളും ക്യാൻസറും ഉണ്ടാകാനുള്ള സാധ്യത പതിനേഴ് ശതമാനത്തോളം കുറയുമെന്നും അവർ കൂട്ടിച്ചേർത്തു.
advertisement
ഇതൊരു നല്ല വാർത്ത തന്നെയാണെന്നും ദിവസം പതിനൊന്നു മിനിറ്റ് മാത്രം ഇതിനായി മാറ്റിവെച്ചാൽ മതിയെന്നും പഠനത്തിൽ പങ്കാളിയായ സോറൻ ബ്രേജ് വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. ”ഇതിനായി നിങ്ങൾ ജിമ്മിലൊന്നും പോകേണ്ടതില്ല. വീട്ടിലിരുന്നു തന്നെ ചെയ്യാവുന്നതേയുള്ളൂ. വ്യായാമം ദൈനം ദിന ജീവിതത്തിന്റെ ഭാഗമാക്കണം. ജോലിക്കു പോകുന്നതിനായി ബസ് സ്റ്റോപ്പ് വരെ നടക്കുന്നതോ സൈക്കിൾ ചവിട്ടുന്നതോ ഒക്കെ ഇത്തരത്തിലുള്ള വ്യായാമമായി കണക്കാക്കാം”, ബ്രേജ് കൂട്ടിച്ചേർത്തു.
advertisement
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളെത്തുർന്ന് 2019 ൽ ആഗോളതലത്തിൽ 17.9 ദശലക്ഷം ആളുകളാണ് മരിച്ചത്. 2020 ൽ 10 ദശലക്ഷത്തോളം പേരാണ് കാൻസർ ബാധിച്ച് ലോകത്താകെ മരിച്ചത്.
Also Read- ഉയരം കുറവാണെന്ന് സങ്കടമുണ്ടോ? ഇതാ സന്തോഷ വാർത്ത; പൊക്കമുള്ളവരേക്കാൾ ആയുസ്സ് കൂടുതലെന്ന് പഠനം
ശാരീരിക അധ്വാനമുള്ള ജോലികൾ ചെയ്യുന്നതിൽ നിന്നും കംപ്യൂട്ടറുകളുടെയും ഫയലുകളുടെയും ലോകത്തേക്ക് ഇന്നത്തെ തലമുറ ചുവട് മാറി കഴിഞ്ഞു. ദീർഘ നേരം ഒരേ ഇരുപ്പിൽ ഇരുന്ന് ജോലികൾ ചെയ്തു തീർക്കുന്നവരാണ് ഏറെയും. ഇങ്ങനെ ഒരു സ്ഥലത്ത് തന്നെ ദീർഘനേരം ഇരുന്നാൽ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാവുക. പ്രമേഹം, പൊണ്ണത്തടി, അർബുദം തുടങ്ങിയ പല രോഗങ്ങൾക്കും ദീർഘനേരം ഇരിക്കുന്നതാണ് കാരണമെന്ന് സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോ കാലിഡോണിയൻ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ദീർഘനേരം ഇരിക്കേണ്ടി വരുമ്പോൾ ഓരോ മണിക്കൂറിലും മൂന്ന് മിനിറ്റ് നേരം വ്യായാമം ചെയ്യണമെന്നും ഇങ്ങനെ വ്യായാമം ചെയ്യുന്നതിലൂടെ ആയുസ് 30 ശതമാനം വർദ്ധിപ്പിക്കാനും അകാലമരണം തടയാനും കഴിയുമന്നും പഠനം കണ്ടെത്തിയിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 03, 2023 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ദിവസവും 11 മിനിറ്റെങ്കിലും നടക്കൂ; പത്തിലൊന്ന് അകാലമരണങ്ങളും തടയാമെന്ന് ഗവേഷകർ