നിശബ്ദനായ കൊലയാളി എന്നാണ് രക്തസമ്മർദ്ദത്തെ വിളിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിനു പിന്നിലെ പ്രധാന കാരണവും രക്തസമ്മർദ്ദം തന്നെയാണ്. സാധാരണ 35 വയസ്സിന് മുകളിൽ ഉള്ള ആളുകൾക്കാണ് ഇത്തരം അവസ്ഥകൾ കൂടുതലായി കണ്ടുവരുന്നതെങ്കിലും ഇന്നത്തെ ജീവിതശൈലി മാറ്റങ്ങൾ കാരണം ചെറുപ്പക്കാരിലും രക്തസമ്മർദം സാധാരണമാണ്. ഇതിന്റെ ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത് വഴി നിങ്ങൾക്ക് നേരത്തെ തന്നെ ചികിത്സ ആരംഭിക്കാനാകും. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ ഇത്തരമൊരു അവസ്ഥ നിരവധി രോഗങ്ങൾക്കും കാരണമായേക്കാം.
ഹൃദയത്തിൽ നിന്നും ധമനികൾ വഴിയാണ് രക്തം ശരീരത്തിലേക്ക് എത്തുന്നത്. ഒരു മിനുട്ടിൽ 70 തവണയോളമാണ് ഹൃദയം രക്തം പമ്പ് ചെയ്യുന്നത്. നിങ്ങളുടെ രക്തസമ്മർദ്ദം സാധാരണ നിലയേക്കാൾ ഉയർന്നതാണെങ്കിൽ അതായത് രക്തസമ്മർദ്ദത്തിന്റെ അളവ് 120/80 നേക്കാൾ അധികമാണെങ്കിൽ ഇത് ശരീരത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ, കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങളുടെ ഹൃദയ ധമനികളിലൂടെയുള്ള രക്തയോട്ടം അമിതമായി പമ്പ് ചെയ്യേണ്ടി വരുമ്പോൾ സമ്മർദ്ദം വർദ്ധിക്കുകയും ഇത് കൂടുതൽ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. നോർമൽ ബി.പി 120/80 ൽ താഴെയാണ്. 140/90ന് മുകളിൽ രക്തസമ്മർദ്ദം ഉയരുന്നത് ഹൈപ്പർ ടെൻഷനായി കണക്കാക്കാം.
ശരീരത്തിൽ ചുറ്റും രക്തം പമ്പ് ചെയ്യാൻ നിങ്ങളുടെ ഹൃദയം ഉപയോഗിക്കുന്ന ശക്തിയെയാണ് രക്തസമ്മർദ്ദം എന്നു പറയുന്നത്. രക്തസമ്മർദ്ദം മെർക്കുറിയുടെ മില്ലിമീറ്ററിലാണ് രേഖപ്പെടുത്തുന്നത്. ഇത് സിസ്റ്റോളിക്, ഡയസ്റ്റോളിക് മർദ്ദം എന്നിങ്ങനെ രേഖപ്പെടുത്തുന്ന രണ്ട് സംഖ്യകൾ ഉപയോഗിച്ചാണ് അളക്കുന്നത്. നിങ്ങളുടെ ഹൃദയം ശരീരത്തിന് ചുറ്റും രക്തം പമ്പ് ചെയ്യുന്ന ശക്തിയാണ് സിസ്റ്റോളിക് മർദ്ദം. രണ്ടാമത്തെയാണ് ഡയസ്റ്റോളിക് മർദ്ദം.
ആരോഗ്യകരമായ രക്തസമ്മർദ്ദം 90/60mmHg നും 120/80mmHg നും ഇടയിലായിരിക്കണം. നിങ്ങളുടെ റീഡിംഗുകൾ 120/80mmHg ന് മുകളിലാണെങ്കിൽ നിങ്ങൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
പ്രായം അനുസരിച്ച് ഓരോരുത്തരിലും വേണ്ട രക്ത സമ്മർദ്ദത്തിന്റെ അളവ് ഇങ്ങനെ:
- 1 മുതൽ 5 വയസ്സ് വരെ - 95/65mmHg
- 6 മുതൽ 13 വയസ്സ് വരെ - 105/70mmHg
- 14 മുതൽ 19 വയസ്സ് വരെ - 117/77mmHg
- 20 മുതൽ 24 വയസ്സ് വരെ - 120/79mmHg
- 25 മുതൽ 29 വയസ്സ് വരെ - 121/80mmHg
- 30 മുതൽ 34 വയസ്സ് വരെ - 122/81mmHg
- 35 മുതൽ 39 വയസ്സ് വരെ - 123/82mmHg
- 40 മുതൽ 44 വയസ്സ് വരെ - 125/83mmHg
- 45 മുതൽ 49 വയസ്സ് വരെ - 127/84mmHg
- 50 മുതൽ 54 വയസ്സ് വരെ - 129/85mmHg
- 55 മുതൽ 59 വയസ്സ് വരെ - 131/86mmHg
- 60 മുതൽ 64 വയസ്സ് വരെ - 134/87mmHg
കുട്ടികൾക്ക് വേണ്ട സാധാരണ രക്തസമ്മർദ്ദം:
- ഒരു മാസം വരെയുള്ള നവജാതശിശുക്കൾക്ക് സിസ്റ്റോളിക് മർദ്ദം 60-90 mm Hg ഉം ഡയസ്റ്റോളിക് മർദ്ദം 20-60 mm Hg ഉം ആണ്.
- ശിശുക്കളുടെ (Infant) സിസ്റ്റോളിക് മർദ്ദം 87 - 105 mm Hg ഉം ഡയസ്റ്റോളിക് മർദ്ദം 53 - 66 mm Hg ഉം ആണ്.
- കുഞ്ഞുങ്ങളുടെ സിസ്റ്റോളിക് മർദ്ദം 95 - 105 mm Hg ഉം ഡയസ്റ്റോളിക് മർദ്ദം 53 - 66 mm Hg ഉം ആണ്.
- സ്‌കൂളിൽ പോകുന്ന പ്രായത്തിനു മുമ്പുള്ള കുഞ്ഞുങ്ങളുടെ സിസ്റ്റോളിക് മർദ്ദം 95-110 mm Hgഉം ഡയസ്റ്റോളിക് മർദ്ദം 56-70 mm Hg ഉം ആണ്
- സ്‌കൂൾ പോകുന്ന കുട്ടിയുടെ സിസ്റ്റോളിക് മർദ്ദം 97-112 mm Hg ഉം ഡയസ്റ്റോളിക് മർദ്ദം 57-71 mm Hg ഉം ആയിരിക്കണം.
സ്ത്രീകളിലും പുരുഷന്മാരിലും നോർമൽ രക്ത സമ്മർദ്ദത്തിന്റെ അളവ് വ്യത്യസ്തമാണ്. അവ എങ്ങനെയാണെന്ന് നോക്കാം.
- 18-39 വയസ്സ് വരെയുള്ള പുരുഷന്മാർക്ക് 119/70 mm Hg, സ്ത്രീകൾക്ക് 110/68 mm Hg
- 40-59 വയസ്സ് വരെയുള്ള പുരുഷന്മാർക്ക് 124/77 mm Hg, സ്ത്രീകൾക്ക് 122/74 mm Hg
- 60ന് മുകളിൽ പ്രായമുള്ള പുരുഷന്മാർക്ക് 133/69 mm Hg, സ്ത്രീകൾക്ക് 139/68 mm Hg
ബ്ലഡ് പ്രഷർ എങ്ങനെ അളക്കാം?
ഫാർമസികൾ, മെഡിക്കൽ ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ നിന്ന് നിങ്ങൾക്ക് നിങ്ങളുടെ രക്തസമ്മർദ്ദം പരിശോധിക്കാം. ഇതുകൂടാതെ നിങ്ങൾക്ക് ഓൺലൈനായോ നിങ്ങളുടെ പ്രദേശത്തുള്ള ഫാർമസികളിൽ നിന്നോ രക്തസമ്മർദ്ദം അളക്കുന്ന ഉപകരണം വാങ്ങാവുന്നതാണ്. ഒരു മോണിറ്ററിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു കഫ് കൈയിൽ പിടിച്ചാണ് രക്തസമ്മർദ്ദം അളക്കുന്നത്. നിങ്ങളുടെ കൈയുടെ മുകൾ ഭാഗത്ത് കാണപ്പെടുന്ന പ്രധാന ധമനിയായ ബ്രാച്ചിയൽ ആർട്ടറിയിൽ നിന്നുള്ള രക്തപ്രവാഹം നിർത്തുന്നത് വരെ കഫ് ഒരു എയർ പമ്പ് ഉപയോഗിച്ച് വീർപ്പിക്കും. കഫിൽ നിന്ന് വായു പോകുന്നതിനു പിന്നാലെ, രക്തം വീണ്ടും ഒഴുകാൻ തുടങ്ങുമ്പോൾ ഉപകരണം മർദ്ദം അളക്കുന്നു (സിസ്റ്റോളിക് മർദ്ദം). കഫ് പൂർണ്ണമായും പുറത്തുവിട്ടു കഴിഞ്ഞാൽ, ഉപകരണം ബീറ്റുകൾക്കിടയിലുള്ള ഏറ്റവും കുറഞ്ഞ മർദ്ദം (ഡയസ്റ്റോളിക് മർദ്ദം) അളക്കുന്നു. സാധാരണ ഗതിയിൽ, സിസ്റ്റോളിക് പ്രഷർ റീഡിംഗിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത്. കാരണം 50 വയസ്സിനു മുകളിലുള്ളവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള പ്രധാന അപകട ഘടകമാണ് സിസ്റ്റോളിക് രക്തസമ്മർദ്ദം. എന്നാൽ രോഗനിർണയം നടത്താൻ രണ്ട് റീഡിംഗുകളും ഉപയോഗിക്കാറുണ്ട്.
നിങ്ങൾ വീട്ടിൽ രക്തസമ്മർദ്ദം പരിശോധിക്കുകയാണെങ്കിൽ, ഏറ്റവും കൃത്യമായ റീഡിംഗ് ലഭിക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. നിങ്ങളുടെ രക്തസമ്മർദ്ദം ഏറ്റവും സ്ഥിരതയോടെ അളക്കുക എന്നതാണ് ലക്ഷ്യം. അതിനാൽ, ബ്ലഡ് പ്രഷർ പരിശോധിക്കുന്നതിന് മുമ്പ് ശാന്തമായ അന്തരീക്ഷത്തിൽ അഞ്ച് മിനിറ്റ് വിശ്രമിക്കുന്നത് നല്ലതാണ്. നിങ്ങളുടെ രക്തസമ്മർദ്ദം എടുക്കുന്നതിന് 30 മിനിറ്റിനുള്ളിൽ പുകവലി, വ്യായാമം അല്ലെങ്കിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
കൃത്യമായ അളവെടുക്കാൻ ഒരു തവണ ബ്ലഡ് പ്രഷർ ചെക്ക് ചെയ്താൽ മതിയാകില്ല. താപനിലയും സമ്മർദ്ദവും പോലെയുള്ള കാര്യങ്ങൾ രക്തസമ്മർദ്ദത്തിന്റെ അളവിൽ വ്യത്യാസം വരുത്തും. അതിനാൽ ഈ വ്യതിയാനങ്ങൾ ശരിയാക്കാൻ ഒന്നിലധികം തവണ ചെക്ക് ചെയ്യുന്നത് അത്യാവശ്യമാണ്.
ബ്ലഡ് പ്രഷർ പരിശോധിക്കുന്നതിനായി ശരിയായ സ്ഥാനം കണ്ടെത്തേണ്ടതുണ്ട്. നിങ്ങളുടെ ശരീരം നിവർന്നുനിൽക്കുന്നതും പാദങ്ങൾ നിലത്ത് തൊടുന്നതുമായ സ്ഥാനത്ത് ഇരിക്കാൻ തക്കതായ ഒരു സ്ഥലം കണ്ടെത്തുക. കട്ടിലിന് പകരം തീൻമേശയിൽ ഇരിക്കുകയും മേശപ്പുറത്ത് നിങ്ങളുടെ കൈ വെയ്ക്കുകയും ചെയ്യണം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.