• HOME
  • »
  • NEWS
  • »
  • life
  • »
  • Blood Pressure| വിവിധ തരത്തിലുള്ള രക്തസമ്മർദ്ദങ്ങളെ കുറിച്ച് അറിയാം? എങ്ങനെ പ്രതിരോധിക്കാം?

Blood Pressure| വിവിധ തരത്തിലുള്ള രക്തസമ്മർദ്ദങ്ങളെ കുറിച്ച് അറിയാം? എങ്ങനെ പ്രതിരോധിക്കാം?

രക്തസമ്മര്‍ദ്ദത്തെ പ്രധാനമായും അഞ്ചായി തരംതിരിക്കാം

  • Share this:
    ഇന്ത്യയിലെ യുവാക്കളില്‍ രക്തസമ്മര്‍ദ്ദം അപകടകരമാം വിധം കൂടുകയാണ്. ഒരു ലക്ഷണങ്ങളും ഇല്ലാതെ ഒരാളോടൊപ്പം ഉണ്ടാവുകയും അത്യന്തം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ളതുമായ രോഗമാണ് അമിത രക്തസമ്മര്‍ദ്ദം. അമിത രക്തസമ്മര്‍ദ്ദം ഉള്ള ആളുകളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യതയും പക്ഷാഘാതം അഥവാ സ്ട്രോക്കിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

    അമിതമായ മദ്യപാനം, പുകവലി, അമിതമായ ഉപ്പിന്റെ ഉപയോഗം, വ്യായാമമില്ലായ്മ, അമിതവണ്ണം, മാനസിക പിരിമുറുക്കം എന്നിവയെല്ലാം രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണമാകുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ലോകമെമ്പാടുമുള്ള 30-79 വയസ് പ്രായമുള്ള 1.28 ബില്യണ്‍ ആളുകൾക്ക് രക്താതിമര്‍ദ്ദം ഉണ്ടെന്നാണ്.

    ഒരാളിലെ രക്തസമ്മര്‍ദ്ദം കണ്ടുപിടിക്കാന്‍ പ്രയാസമാണെങ്കിലും, പതിവായി രക്തസമ്മര്‍ദ്ദ പരിശോധന നടത്തുക, പൊട്ടാസ്യം, ഫൈബര്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക, ഉപ്പ് കുറയ്ക്കുക, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക തുടങ്ങിയവ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള വഴികളാണ്. പുകവലിയും മദ്യപാനവും ശീലമായിട്ടുള്ള ആളുകള്‍ ഇത്തരം അനാരോഗ്യകരമായ ശീലങ്ങള്‍ ഒഴിവാക്കണം. പകരം കൂടുതൽ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടാൻ ശ്രമിക്കണം

    രക്തസമ്മര്‍ദ്ദത്തെ പ്രധാനമായും അഞ്ചായി തരംതിരിക്കാം. അവ ഏതൊക്കെയെന്ന് നോക്കാം:

    1. സാധാരണ രക്തസമ്മര്‍ദ്ദം: 120/80 mm Hg-ല്‍ താഴെയുള്ള രക്തസമ്മര്‍ദ്ദം സാധാരണമായി കണക്കാക്കപ്പെടുന്നു.

    2. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം: രക്തസമ്മര്‍ദ്ദം സ്ഥിരമായി 120 മുതല്‍ 129 വരെ സിസ്റ്റോളിക്കും 80 mm hg താഴെ ഡയസ്റ്റോളിക്കും ആയിരിക്കുമ്പോള്‍, അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നറിയപ്പെടുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ആളുകള്‍ അത് നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രക്തസമ്മര്‍ദ്ദം കൂടാനുള്ള സാധ്യതയുണ്ട്.

    3. ഹൈപ്പര്‍ടെന്‍ഷന്‍ ഘട്ടം ഒന്ന്: ഈ അവസ്ഥയില്‍, രക്തസമ്മര്‍ദ്ദം സ്ഥിരമായി 130 മുതല്‍ 139 വരെ സിസ്റ്റോളിക്കും അല്ലെങ്കില്‍ 80 മുതല്‍ 89 mm Hg ഡയസ്റ്റോളിക്കും ആയിരിക്കും. 140/90 ന് മുകളില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ സ്ഥിരീകരിക്കാം. ഹൃദ്രോഗവും പക്ഷാഘാതവും കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകളും ജീവിതശൈലിയില്‍ ചില മാറ്റങ്ങളും നിര്‍ദ്ദേശിച്ചേക്കാം.

    4. ഹൈപ്പര്‍ടെന്‍ഷന്‍ ഘട്ടം രണ്ട്: ഈ അവസ്ഥയില്‍, രക്തസമ്മര്‍ദ്ദം സ്ഥിരമായി 140/90 mm Hg അല്ലെങ്കില്‍ അതില്‍ കൂടുതലാണ്. മരുന്നുകളും ജീവിതശൈലിയിലെ മാറ്റങ്ങളും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചേക്കാം.

    5. ഹൈപ്പർടെൻസീവ് ക്രൈസിസ് : ഇത് ഏറ്റവും ഗുരുതരമായ അവസ്ഥയാണ്. അടിയന്തര വൈദ്യസഹായം ആവശ്യമാണ്. ഈ അവസ്ഥയില്‍, രക്തസമ്മര്‍ദ്ദം പെട്ടെന്ന് 180/120 mm Hg യില്‍ കൂടുന്നു. ശ്വാസം മുട്ടല്‍, നെഞ്ചുവേദന, പുറംവേദന, മരവിപ്പ് അല്ലെങ്കില്‍ ബലഹീനത, കാഴ്ചക്കുറവ്, സംസാരിക്കാന്‍ ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.

    Also Read- Blood Pressure| പ്രായത്തിനനുസരിച്ചുള്ള സാധാരണ രക്തസമ്മർദ്ദ അളവുകൾ എങ്ങനെ? 

    ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍:

    ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ലക്ഷണങ്ങളൊന്നും ഉണ്ടാകണമെന്നില്ല. അതുകൊണ്ടാണ് ഹൈപ്പര്‍ടെന്‍ഷനെ 'നിശബ്ദ കൊലയാളി' എന്ന് വിളിക്കാറുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയാഘാതം, വൃക്കരോഗം, സ്‌ട്രോക്ക് എന്നിവയുള്‍പ്പെടെയുള്ള ഒന്നിലധികം രോഗങ്ങളിലേക്ക് നയിച്ചേക്കാം. എന്നാല്‍ ചില ആളുകള്‍ക്ക് ഉയര്‍ന്ന ഹൈപ്പർടെൻസീവ് ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ട്. അവ ഈ ലക്ഷണങ്ങളാണ്:

    -തലവേദന
    -തലകറക്കം
    -ശ്വാസം മുട്ടല്‍
    -മങ്ങിയ കാഴ്ച
    -കഴുത്തിലോ തലയിലോ സ്പന്ദനങ്ങളുടെ തോന്നല്‍
    -ഓക്കാനം

    ഉയര്‍ന്ന് രക്തസമ്മര്‍ദ്ദത്തെ എങ്ങനെ പ്രതിരോധിക്കാം?

    ദിവസവും രാവിലെ 45 മിനിറ്റ് വ്യായാമം ചെയ്താല്‍ മാത്രം 5-8 മി.മീ. പ്രഷര്‍ കുറയും. രാവിലെ സമയമില്ലാത്തവര്‍ക്ക് വ്യായാമം വൈകുന്നേരവുമാക്കാം. നടത്തം, സൈക്ലിങ്, ജോഗിങ്, നീന്തല്‍ തുടങ്ങിയ എയ്‌റോബിക് വ്യായാമരീതികളാണ് നല്ലത്.

    ഉപ്പ് കുറയ്ക്കുക: ഒരു ദിവസം അനുവദനീയമായ ഉപ്പ് ഒരു ടീസ്പൂണ്‍ ആണ് (5 ഗ്രാം). ഒരു ഗ്രാം ഉപ്പില്‍ 400 മി.ഗ്രാം സോഡിയമാണ് അടങ്ങിയിരിക്കുന്നത്. ഒരു ദിവസം 2000 മി.ഗ്രാമില്‍ കൂടുതല്‍ സോഡിയം ഉള്ളിലെത്തരുത്. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ മാത്രം രക്തസമ്മര്‍ദം 6 മി.മീ. കുറയ്ക്കാന്‍ സാധിക്കും. അച്ചാറുകള്‍, ഉണക്കമീന്‍, പപ്പടം, ചിപ്‌സ്, ചോറിലും കഞ്ഞിയിലും ഉപ്പൊഴിച്ച് കഴിക്കുക തുടങ്ങിയവ ഒഴിവാക്കണം.

    അമിതഭാരം കുറയ്ക്കുക: അമിതവണ്ണമുള്ളവരില്‍ ഹൃദയത്തിന്റെ ജോലിഭാരം കൂടും. രക്തം ശരീരത്തിന്റെ എല്ലായിടങ്ങളിലേക്കും എത്തിക്കുന്നതിനായി കൂടുതല്‍ സമ്മര്‍ദം ചെലുത്തേണ്ടതായും വരും. കൂടാതെ അമിത ശരീരഭാരമുള്ളവരിലെ ഇന്‍സുലിന്‍ റസിസ്റ്റന്‍സ് പ്രമേഹത്തിനും രക്തക്കുഴലുകളുടെ തകരാറിനും കാരണമാകും. ഇതെല്ലാം രക്തധമനികളുടെ പാര്‍ശ്വഭിത്തിയില്‍ ചെലുത്തുന്ന മര്‍ദത്തിന്റെ തോത് കൂട്ടുന്നു.

    പുകവലി ഒഴിവാക്കുക: പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും വര്‍ധിപ്പിക്കും. ചുരുങ്ങുന്നതിനും പുകവലി ഇടയാക്കാം. പുകവലി നിര്‍ത്തുന്നതിലൂടെ മാത്രം രക്തസമ്മര്‍ദം 10 മി.മീ. വരെ കുറയ്ക്കാന്‍ സാധിക്കും.

    മദ്യപാനം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക: മദ്യ ഉപയോഗം കുറയ്ക്കുന്നതിലൂടെ മാത്രം 4 മി.മീ. പ്രഷര്‍ കുറയ്ക്കാനാകും. അമിതമായ മദ്യ ഉപയോഗം ഹൃദയാരോഗ്യത്തെ ദുര്‍ബലമാക്കും.

    ഡാഷ് ഡയറ്റ് ഹൈപ്പര്‍ ടെന്‍ഷന്‍ കുറയ്ക്കാനുള്ള അംഗീകരിക്കപ്പെട്ട ഭക്ഷണക്രമമാണ്. ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, പാല്‍, പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവ അടങ്ങിയതാണ് ഡാഷ് ഡയറ്റ്. ഒലിവ് ഓയിലാണ് പാചകത്തിന് നല്ലത്. ഡാഷ് ഡയറ്റ് പിന്തുടരുന്നതിലൂടെ മാത്രം രക്തസമ്മര്‍ദം 10 മി.മീ. വരെ കുറയ്ക്കാനാകും. ടിന്‍ഫുഡ്, വറുത്ത ഭക്ഷണ സാധനങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, അഡിറ്റീവുകള്‍ തുടങ്ങിയവ ഒഴിവാക്കണം.



    സമ്മര്‍ദ്ദം ഒഴിവാക്കുക: സ്‌ട്രെസ്സ് ഹോര്‍മോണുകളായ കോര്‍ട്ടിസോണ്‍, അഡ്രിനാലിന്‍ തുടങ്ങിയവ ബി.പി. കൂട്ടും. ജീവിതത്തിലെ അമിത മത്സരസ്വഭാവം ഒഴിവാക്കണം. യോഗ, ധ്യാനം, പ്രാര്‍ഥന തുടങ്ങിയവ മനസ്സിന് ശാന്തിയും സമാധാനവും നല്‍കും.
    വാഴപ്പഴം, പാല്‍ തുടങ്ങിയ പൊട്ടാസ്യം, മഗ്‌നീഷ്യം, കാത്സ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക
    35 വയസ്സിനു ശേഷം രക്തസമ്മര്‍ദ്ദം പതിവായി പരിശോധിക്കുക
    ധ്യാനവും മറ്റ് സമ്മര്‍ദ്ദം കുറയ്ക്കുന്ന വ്യായാമങ്ങളും പരിശീലിക്കുക
    കഫീന്‍ കുറയ്ക്കുക

    Also Read- Blood Pressure| എന്താണ് രക്തസമ്മര്‍ദ്ദം? ലക്ഷണങ്ങള്‍ എന്തൊക്കെ? 

    കുറഞ്ഞ രക്തസമ്മര്‍ദ്ദത്തെ എങ്ങനെ പ്രതിരോധിക്കാം?

    ധാരാളം വെള്ളം കുടിക്കുക
    ലഹരിപാനീയങ്ങള്‍ പരിമിതപ്പെടുത്തുക
    ശരീരത്തിൽ ജലാംശം നിലനിര്‍ത്തുക, പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിലോ വൈറല്‍ ഫ്‌ളൂ ഉണ്ടാകുന്ന സമയത്തോ ധാരാളം വെള്ളം കുടിക്കുക
    ആല്‍ക്കഹോള്‍ ഇല്ലാത്ത പാനീയങ്ങള്‍ കൂടുതല്‍ കുടിക്കുക
    രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന് പതിവായി വ്യായാമം ചെയ്യുക
    പെട്ടെന്ന് ഇരിക്കുന്നതും നില്‍ക്കുന്നതും ഒഴിവാക്കുക
    എഴുന്നേല്‍ക്കുമ്പോള്‍ കുറച്ചു നേരം നിവര്‍ന്നു ഇരുന്നതിനു ശേഷം മാത്രം കിടക്കയില്‍ നിന്ന് ഇറങ്ങാന്‍ ശ്രദ്ധിക്കുക
    ഭാരം ഉയര്‍ത്താതിരിക്കുക
    ദീര്‍ഘനേരം നിശ്ചലമായി നില്‍ക്കുന്നത് ഒഴിവാക്കുക
    മലമൂത്ര വിസര്‍ജ്ജനം നടത്തുമ്പോള്‍ ആയാസം ഒഴിവാക്കുക
    ഭക്ഷണത്തിനു ശേഷമുള്ള തലകറക്കം ഒഴിവാക്കാന്‍ ചെറുതും ഇടയ്ക്കിടെയുള്ളതുമായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക

    രക്തസമ്മര്‍ദ്ദം കുറയാന്‍ നിരവധി കാരണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം:

    രക്തം നഷ്ടപ്പെടുന്നത് രക്തസമ്മര്‍ദ്ദം കുറക്കുന്നതിനിടയാക്കും. അപകടമോ ശസ്ത്രക്രിയയോ മറ്റെന്തെങ്കിലും വഴി രക്തം നഷ്ടപ്പെട്ടാലും രക്തസമ്മര്‍ദ്ദം കുറയും.
    പോഷകങ്ങളുടെ ചെറിയ തോതിലുള്ള കുറവ് രക്തസമ്മര്‍ദ്ദ തോതിനെ ബാധിക്കാനിടയുണ്ട്
    ഹൈപ്പോതൈറോയ്ഡിസം, പാരാതൈറോയിഡ് അസുഖങ്ങള്‍, അഡ്രിനാല്‍ കുറവ്, ബ്ലഡ് ഷുഗര്‍ അപര്യാപ്തത, ഡയബറ്റിസ് പോലുള്ള എന്ഡോക്രയിന്‍ പ്രശ്നങ്ങളും രക്തസമ്മര്‍ദ്ദം കുറക്കുന്നതിനിടയാക്കും.
    ഹൃദയമിടിപ്പ് അസാധാരണമാം വിധമോ അതിവേഗത്തിലോ ആണെങ്കില്‍ വെന്‍ട്രിക്കിള്‍ സങ്കോചത്തിന്റെ താളം തെറ്റും. ഇതും രക്തസമ്മര്‍ദ്ദം കുറയ്ക്കും.
    Published by:Rajesh V
    First published: