HOME /NEWS /life / Health Tips | സ്ത്രീകളിലെ കാൻസർ: ലക്ഷണങ്ങൾ എന്തെല്ലാം? എങ്ങനെ പ്രതിരോധിക്കാം?

Health Tips | സ്ത്രീകളിലെ കാൻസർ: ലക്ഷണങ്ങൾ എന്തെല്ലാം? എങ്ങനെ പ്രതിരോധിക്കാം?

ഓരോ വർഷവും ലോകമെമ്പാടും ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് കാൻസർ ബാധിതരാകുന്നുണ്ട്

ഓരോ വർഷവും ലോകമെമ്പാടും ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് കാൻസർ ബാധിതരാകുന്നുണ്ട്

ഓരോ വർഷവും ലോകമെമ്പാടും ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് കാൻസർ ബാധിതരാകുന്നുണ്ട്

 • News18 Malayalam
 • 1-MIN READ
 • Last Updated :
 • Thiruvananthapuram
 • Share this:

  സ്ത്രീകൾ ഇന്നു നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് കാൻസർ. ഓരോ വർഷവും ലോകമെമ്പാടും ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് കാൻസർ ബാധിതരാകുന്നുണ്ട്. കാൻസറിനെക്കുറിച്ചുള്ള പല തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുമുണ്ട്. ഇതിനെതിരെ അവബോധം വളർത്തേണ്ടത് വളരെ പ്രധാനമാണ്. കാൻസർ ബാധിച്ചുള്ള ഏതാണ്ട് 40 ശതമാനം മരണങ്ങളും തടയാവുന്നവയാണ്. സാധാരണ കാൻസറുകളിൽ മൂന്നിൽ രണ്ട് കേസുകളെങ്കിലും കൃത്യമായ രോഗനിർണയത്തിലൂടെ സുഖപ്പെടുത്താവുന്നതുമാണ്.

  ബോധവത്കരണ പരിപാടികൾ, പ്രതിരോധ നടപടികൾ, സ്ക്രീനിംഗ് പ്രോഗ്രാമുകൾ, നേരത്തെയുള്ള രോ​ഗനിർണയം, ഉചിതമായ ചികിത്സ എന്നിവയിലൂടെ ഓരോ വർഷവും നിരവധി സ്ത്രീകളുടെ ജീവൻ രക്ഷിക്കാൻ കഴിയും. എല്ലാ മനുഷ്യരും വ്യത്യസ്തരായതു പോലെ തന്നെ ഓരോ തരത്തിലുള്ള കാൻസറും വ്യത്യസ്തമാണ്. ഓരോന്നിനും വ്യത്യസ്ത തരത്തിലുള്ള ചികിൽസയും ആവശ്യമാണ്. സ്തനാർബുദം, ഗർഭാശയമുഖ കാൻസർ, ഗർഭപാത്രത്തിലെ കാൻസർ, അണ്ഡാശയത്തിലെ കാൻസർ, ശ്വാസകോശ കാൻസർ, വൻകുടലിലെ കാൻസർ, സ്കിൻ കാൻസർ എന്നിവയെല്ലാം ഇന്ത്യയിലെ സ്ത്രീകളിൽ സാധാരണ കണ്ടുവരുന്ന അർബുദങ്ങളാണ്.

  Also read- Health Tips | ആൻറിബയോട്ടിക്കുകൾ അമിതമായി കഴിക്കുന്നതിന്റെ ദോഷഫലങ്ങൾ

  പാരമ്പര്യവും, ജനിതകവും, പാരിസ്ഥിതികവുമായ കാരണങ്ങൾക്കൊപ്പം ജീവിതശൈലിയുമായും ബന്ധപ്പെട്ടും കാൻസർ വരാനുള്ള സാധ്യത പലരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. കുടുംബ ചരിത്രം, പ്രായം, പൊണ്ണത്തടി, മദ്യത്തിന്റെ ഉപയോ​ഗം, പുകയിലയുടെ ഉപയോഗം, ഭക്ഷണക്രമം (വറുത്ത ഭക്ഷണങ്ങൾ, റെഡ് മീറ്റ്), പ്രത്യുൽപാദന ചരിത്രം (നേരത്തേയുള്ള ആർത്തവവിരാമം, വൈകിയുള്ള ആർത്തവവിരാമം) എന്നിവയെല്ലാം കാൻസർ വരാനുള്ള സാധ്യതയെ സ്വാധീനിക്കുന്ന ഘടങ്ങളാണ്. ഇതോടൊപ്പം ശുചിത്വമില്ലായ്മ, നേരത്തേയുള്ളതോ ഒന്നിലധികം പങ്കാളികളോടൊപ്പമുള്ളതോ ആയ ലൈംഗികത എന്നിവയെല്ലാം പ്രതിരോധശേഷി കുറക്കുന്നു.

  ഇതു കൂടാതെ, റേ‍ഡിയേഷൻ എക്സ്പോഷർ, രാസവസ്തുക്കളുമായുള്ള അമിതമായ സമ്പർക്കം, ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി), ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി), ഹെപ്പറ്റൈറ്റിസ് വൈറസുകൾ, ഹെലിക്കോബാക്റ്റർ പൈലോറി എന്നിവയെല്ലാം കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. കാൻസർ നേരത്തേ കണ്ടെത്തുന്നതിന് ഫലപ്രദമായ പല മാർ‍​ഗങ്ങളുമുണ്ട്. ഇത് മരണസാധ്യത ഏകദേശം 80 ശതമാനത്തോളം കുറയ്ക്കും.

  Also read-  Health Tips | സ്ത്രീകളില്‍ ഹൃദയാഘാതം കൂടാന്‍ കാരണമെന്ത്? പരിഹാര മാര്‍ഗങ്ങള്‍ എന്തെല്ലാം?

  40 വയസിന് മുകളിലുള്ള, കുടുംബത്തിൽ കാൻസർ ചരിത്രമുള്ളതോ അല്ലാത്തതോ ആയ സ്ത്രീകൾ വർഷത്തിലൊരിക്കൽ മാമോഗ്രഫി, സെർവിക്കൽ പാപ്-സ്മിയർ ടെസ്റ്റ്, അണ്ഡാശയത്തിന്റെയും ഗർഭാശയത്തിന്റെയും സ്ക്രീനിംഗ്, കോൾപോസ്കോപ്പി, സിഗ്മോയിഡോസ്കോപ്പി രക്തപരിശോധന, എന്നിവയ്ക്ക് വിധേയരാകുന്നത് നല്ലതാണ്. കാൻസറിന്റെ ചില മുന്നറിയിപ്പ് ലക്ഷണങ്ങളും അവ​ഗണിക്കരുത്. സ്തനങ്ങളിൽ ഏതെങ്കിലും വീക്കം, മുഴകൾ, വലിപ്പ വ്യത്യാസം എന്നിവ കാണുകയാണെങ്കിൽ അത് അവ​ഗണിക്കരുത്.

  യോനിയിൽ നിന്നും അസാധാരണമായ തരത്തിലുള്ള ഡിസ്ചാർജ്, പാടുകൾ, രക്തസ്രാവം, വിട്ടുമാറാത്ത അൾസർ, ചർമത്തിലെ മാറ്റങ്ങൾ, വിട്ടുമാറാത്ത ചുമ, ശബ്ദത്തിലെ മാറ്റം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, വയറുവേദന എന്നിവ ഉണ്ടെങ്കിലും ശ്രദ്ധിക്കണം. ഇടുപ്പെല്ലിലെ വേദന, നിരന്തരമായ വയറുവീക്കം, അമിതമായ ശരീരഭാരം, വിശപ്പില്ലായ്മ, എന്നീ ലക്ഷണങ്ങളും ശ്രദ്ധിക്കണം. ഓരോ കാൻസറിനുമുള്ള ചികിത്സയും രോഗനിർണയവും വ്യത്യസ്തമാണ്. സാധാരണ കാൻസർ ചികിത്സയിൽ ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, ഹോർമോൺ തെറാപ്പി, ഇമ്മ്യൂണോതെറാപ്പി എന്നിവയെല്ലാം ഉൾപ്പെടുന്നു.

  Also read- Health Tips | അപസ്മാരം: പ്രഥമശുശ്രൂഷകള്‍ എന്തൊക്കെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  നേരത്തെ തന്നെ കണ്ടെത്തിയാൽ ക്യാൻസർ സുഖപ്പെടുത്താവുന്നതാണ്. ശരീരത്തിലെ വിവിധ ശരീരഭാഗങ്ങളിലേക്ക് വ്യാപിച്ചാൽ പോലും സുഖപ്പെടുത്താൻ പറ്റുന്ന കാൻസറുണ്ട്. കാൻസർ രോഗികൾക്ക് കൂടുതൽ കാലം ജീവിക്കാനും അവരുടെ ജീവിതശൈലി മെച്ചപ്പെടുത്താനും കഴിയുന്ന ഫലപ്രദമായ ചികിത്സകൾ ഇപ്പോൾ ലഭ്യമാണ്. ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും നമ്മൾ സംസാരിക്കുന്നതിനൊടൊപ്പം, നമുക്ക് സ്ത്രീകളുടെ ആരോഗ്യത്തിനും മുൻഗണന നൽകാം.

  (ഡോ. പുഷ്പ നാഗ സി എച്ച്, റേഡിയേഷൻ ഓങ്കോളജി വിഭാഗം, ആസ്റ്റർ സിഎംഐ ഹോസ്പിറ്റൽ, ബാംഗ്ലൂർ)

  First published:

  Tags: Cancer, Health, Women