സ്വന്തം തലമുടി തിന്നുന്ന അപൂർവ രോഗം; റാപുന്‍സല്‍ സിന്‍ഡ്രോം മാരകമാകുന്നത് എന്തുകൊണ്ട്?
- Published by:Naseeba TC
- news18-malayalam
Last Updated:
12 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്
കഴിഞ്ഞ ദിവസം യുകെയില്‍ റാപുന്‍സല്‍ സിന്‍ഡ്രോം എന്ന അപൂര്‍വ്വ രോഗം ബാധിച്ച് 16കാരി മരിച്ചിരുന്നു. അതോടെ ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ് റാപുന്‍സല്‍ സിന്‍ഡ്രോം എന്ന രോഗം.
റാപുന്‍സല്‍ സിന്‍ഡ്രോം എന്നത് ഒരു അപൂര്‍വ്വ രോഗാവസ്ഥയാണ്. മാനസിക നിലയെ ബാധിക്കുന്ന ഈ രോഗം ഗുരുതരമായാല്‍ മരണം വരെ സംഭവിക്കാവുന്നതാണ്. രോഗം ബാധിച്ചയാള്‍ സ്വന്തം തലമുടി തിന്നാന്‍ തുടങ്ങും. ഇതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. റാപുന്‍സല്‍ രോഗം ബാധിച്ച് യു.കെയില്‍ 16കാരി മരണമടഞ്ഞതോടെയാണ് ഈ മാരകരോഗത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. രോഗം ബാധിച്ച ശേഷം ഈ പെണ്‍കുട്ടി കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി തന്റെ തലമുടിയാണ് കഴിച്ചുകൊണ്ടിരുന്നത്.
ധാരാളമായി തലമുടി കഴിച്ചത് കുട്ടിയുടെ ആരോഗ്യനില വഷളാക്കി. മുടി കഴിച്ചതിന്റെ ഫലമായി കുട്ടിയുടെ വയറ്റില്‍ അണുബാധയുണ്ടായി എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് പ്രധാന അവയവങ്ങളെയെല്ലാം അള്‍സര്‍ ബാധിക്കാന്‍ തുടങ്ങി. ഇതോടെ ആരോഗ്യസ്ഥിതി വഷളായ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
advertisement
ഹെയര്‍ പുള്ളിംഗ് ഡിസോര്‍ഡര്‍ എന്നറിയപ്പെടുന്ന ഈ രോഗത്തിന് ട്രൈക്കോടില്ലോമാനിയ എന്നും പേരുണ്ട്. 12 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നതെന്ന് ന്യൂയോര്‍ക്കിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ വാറന്‍ ആല്‍പര്‍ട്ട് മെഡിക്കല്‍ സ്‌കൂളിലെ സൈക്യാട്രി, ഹ്യൂമന്‍ ബിഹേവിയര്‍ പ്രൊഫസറായ ഡോ. കാതറിന്‍ ഫിലിപ്സ് ഹെല്‍ത്ത്‌ലൈനിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Also Read- ബ്രൂസ് ലീ 32ാം വയസിൽ മരിച്ചത് അമിതമായി വെള്ളം കുടിച്ചതിനാലെന്ന് പഠനം
രോഗം ബാധിച്ചവരില്‍ 10 -20 ശതമാനം പേര്‍ സ്വന്തം തലമുടി കഴിക്കാന്‍ ആരംഭിക്കും. ഈ ആവസ്ഥയെ ട്രൈക്കോഫാഗിയ എന്നാണ് പറയുന്നത്. ക്രമേണ രോഗം ബാധിച്ചയാളുടെ ആരോഗ്യനില വഷളാകാന്‍ തുടങ്ങുകയും ചെയ്യും. ശരീരത്തില്‍ അള്‍സര്‍ ഉണ്ടാകുക, ചെറുകുടലിന്റെ പ്രവര്‍ത്തനം നിലയ്ക്കുക എന്നിവ റാപുന്‍സല്‍ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ
advertisement
‘മുടി എന്നത് ജൈവികവിഘടനത്തിന് വിധേയമാകാത്തവയാണ്. ഉദാഹരണത്തിന് ഈജിപ്റ്റില്‍ നിന്ന് കണ്ടെത്തിയ മമ്മികളുടെ കാര്യം എടുക്കാം. മമ്മികളില്‍ ഇപ്പോഴും കേടുകൂടാതെയിരിക്കുന്ന ഒരേയൊരു വസ്തു അവരുടെ തലമുടിയാണ്. അതുകൊണ്ട് തന്നെ ശരീരത്തിനുള്ളില്‍ അവ എത്തിപ്പെട്ടാന്‍ ആന്തരികാവയങ്ങളുടെ സാധാരണ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും എന്നുള്ളതില്‍ സംശയം വേണ്ട,’ കാലിഫോര്‍ണിയയിലെ ഓക്ക്ലാന്‍ഡിലെ ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റായ ഡോ. റുഞ്ജുന്‍ മിശ്ര ഹെല്‍ത്ത്ലൈനിനോട് പറഞ്ഞു.
രോഗത്തിന്റെ ആവര്‍ത്തിക്കപ്പെടുന്ന ലക്ഷണങ്ങള്‍
നഖം കടിക്കുക, ചുണ്ടുകള്‍ കടിക്കുക എന്നിവ പോലെയുള്ള ചില ലക്ഷണങ്ങളാണ് റാപുന്‍സല്‍ രോഗം ബാധിക്കുന്നവര്‍ ആദ്യം പ്രകടിപ്പിക്കുക. എന്നാല്‍ ക്രമേണ ലക്ഷണങ്ങള്‍ വര്‍ധിച്ചു വരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്താണ് ഈ രോഗാവസ്ഥയ്ക്കുള്ള പ്രധാന കാരണമെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗം ബാധിച്ചവര്‍ തലമുടി കഴിക്കുന്നത് പോലും പെട്ടെന്ന് ശ്രദ്ധയില്‍പ്പെട്ടെന്നുവരില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നാണക്കേട് കാരണം ഇക്കാര്യം പുറത്ത് പറയാതിരിക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ കൃത്യമായ ചികിത്സ നല്‍കാന്‍ കഴിയാതെ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകും.
advertisement
രാത്രിയില്‍ തലമുടി ധാരാളമായി കഴിക്കും
രോഗം ബാധിച്ചവര്‍ രാത്രികാലങ്ങളിലാണ് ഏറ്റവും കൂടുതല്‍ മുടി കഴിക്കുന്നത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. രോഗം ബാധിച്ച് മരിച്ച യുകെയിലെ 16കാരിയിലും ഈ ലക്ഷണങ്ങള്‍ കണ്ടിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. കുട്ടിയുടെ മുടി നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് രോഗവിവരം പുറത്തായത്.
രോഗവിവരം പുറത്തറിയാന്‍ വൈകും
റാപുന്‍സല്‍ രോഗം ബാധിച്ചു കഴിഞ്ഞാല്‍ അത്രപെട്ടെന്ന് മറ്റുളളവര്‍ക്ക് മനസ്സിലാകില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രോഗം ഗുരുതരമാകുന്നവരില്‍ ഛര്‍ദ്ദി, അടിവയറ്റില്‍ വേദന, തലകറക്കം, എന്നിവയുണ്ടാകും. രോഗത്തപ്പറ്റിയുള്ള ആദ്യ സൂചനകള്‍ ഒരുപക്ഷെ ലഭിക്കുന്നത് മാതാപിതാക്കള്‍ക്കായിരിക്കും. എന്നാല്‍ ചിലര്‍ അത് കാര്യമായി എടുക്കാറില്ല. റാപുന്‍സല്‍ രോഗത്തിന് കൃത്യമായ ഒരു മരുന്ന് നിര്‍ദ്ദേശിക്കാന്‍ ഇതുവരെ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. ഒരു സൈക്യാട്രിക് ഡിസോര്‍ഡര്‍ കൂടിയായതുകൊണ്ട് ബോധവല്‍ക്കരണത്തിലൂടെ രോഗത്തെപ്പറ്റി ജനങ്ങള്‍ക്ക് അറിവ് നല്‍കുകയാണ് ആദ്യപടി. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് ഹാബിറ്റ് റിവേഴ്‌സല്‍ ട്രെയിനിംഗ് പോലുള്ള ചികിത്സാരീതികളാണ് പ്രയോഗിക്കുന്നത്. ഇവ രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നും വിദഗ്ധര്‍ പറയുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 25, 2022 3:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
സ്വന്തം തലമുടി തിന്നുന്ന അപൂർവ രോഗം; റാപുന്‍സല്‍ സിന്‍ഡ്രോം മാരകമാകുന്നത് എന്തുകൊണ്ട്?